Thursday, October 28, 2010

ഒരു കുട്ടിപ്പട്ടാളക്കാരണ്റ്റെ പോരാട്ടങ്ങള്‍


ന്യൂയോര്‍ക്‌ സിറ്റി, 1998

എണ്റ്റെ ഹൈസ്കൂള്‍ സുഹൃത്തുക്കള്‍ ഞാന്‍ ജീവിതത്തിണ്റ്റെ കഥ മുഴുവന്‍ അവരോട്‌ പറഞ്ഞിട്ടില്ല എന്ന്‌ സംശയിക്കാന്‍ തുടങ്ങിയിരുന്നു.
" നീ എന്തിനാണ്‌ സിയെറ ലിയോണ്‍ വിട്ടത്‌?"
"കാരണം അവിടെ യുദ്ധമാണ്‌"
"നീ യുദ്ധം നേരില്‍ കണ്ടിട്ടുണ്ടോ?"
"നാട്ടില്‍ എല്ലാവരും കണ്ടിട്ടുണ്ട്‌."
"ആളുകള്‍ തോക്കുമായി ഓടുന്നതും പരസ്പരം വെടിവെക്കുന്നതും കണ്ടിട്ടുണ്ടെന്നാണോ?"
"അതെ എല്ലായ്പോഴും."
"ശാന്തന്‍!"
ഞാന്‍ ചെറുതായി പുഞ്ചിരിച്ചു.
"നീ ഞങ്ങളോട്‌ അതിനെപ്പറ്റി പറയണം, എപ്പോഴെങ്കിലും."
"അതെ എപ്പോഴെങ്കിലും"
* * * *
യുദ്ധത്തെക്കുറിച്ചറിയാന്‍ അതീവ തല്‍പര്യം കൊണ്ട തണ്റ്റെ സഹപാഠികള്‍ക്ക്‌ അന്ന്‌ കോടുത്ത വാഗ്ദാനം ആണ്‌ 'ഇസ്മായില്‍ ബീ' എന്ന കുട്ടിപ്പട്ടാളക്കാരണ്റ്റെ 'എ ലോങ്ങ്‌ വെയ്‌ ഗോണ്‍' എന്ന ആത്മകഥാപരമായ പുസ്തകമായി പിന്നീട്‌ പുറത്തുവന്നത്‌.

സിയെറ ലിയോണ്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌. ഗിനിയയും ലൈബീരിയയും അറ്റ്‌ലാണ്റ്റിക്‌ സമുദ്രവും അതിര്‍ത്തികള്‍. വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യയുടെ രണ്ട്‌ ശതമാനത്തില്‍ ഇത്തിരി കൂടും. ജനസംഖ്യ നമ്മുടെ രാജ്യത്തിണ്റ്റെ വെറും അര ശതമാനത്തില്‍ കൂടുതല്‍. ഇന്ത്യയുടെ അത്ര തന്നെയില്ലെങ്കിലും ഒരു പാട്‌ ഭാഷകളും ഗോത്രങ്ങളും ഉള്ള ഒരു രാജ്യം.

ഈ ചെറിയ രാജ്യം ലോകമെങ്ങും അറിയപ്പെട്ടുതുടങ്ങിയത്‌ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ ആര്‍.യു.എഫ്‌ എന്ന സംഘടനയുടെ നേതൃത്വത്തില്‍ തുടങ്ങിയ ആഭ്യന്തരയുദ്ധം കാരണമാണ്‌. ആദ്യം വിപ്ളവശ്രമങ്ങളും പിന്നീട്‌ പട്ടാളകലാപങ്ങളും യുദ്ധത്തിണ്റ്റെ നൈരന്തര്യം നിലനിര്‍ത്തിയ കഥയാണ്‌ ഈ രാജ്യത്തിണ്റ്റേത്‌. ഏതൊരു യുദ്ധം പോലെത്തന്നെ ഇവിടെയും സാധാരണക്കാരണ്റ്റെ ജീവിതം ദുസ്സഹമായി. പട്ടിണിയും ക്ഷാമവും നിത്യജീവിതത്തിണ്റ്റെ ഭാഗമായ ഈ രാജ്യത്ത്‌ യുദ്ധം ഉണ്ടാക്കിയ കെടുതികള്‍ അതിഭയങ്കരമായിരുന്നു. അഭയാര്‍ഥികളുടെ എണ്ണം പെരുകി. രണ്ടായിരത്തി ഒന്നില്‍ ആഭ്യന്തര യുദ്ധത്തിന്‌ അറുതി വരുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു.

ഈ യുദ്ധത്തിണ്റ്റെ ഒരു പ്രത്യേകത കുട്ടിപ്പട്ടാളക്കാരുടെ വ്യാപകമായ ഉപയോഗമാണ്‌. ഇതില്‍ വിപ്ളവകാരികളെന്നോ മിലിറ്ററിയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. രണ്ടുപേരും പറഞ്ഞ കാരണങ്ങള്‍ വിരുദ്ധമായിരുന്നെങ്കില്‍ കൂടി. ചെറിയ കുട്ടികളെ പിടികൂടി അവര്‍ക്ക്‌ വ്യാപകമായി മയക്കുമരുന്നുകളും ചിലപ്പോള്‍ ഉത്തേജന പ്രസംഗങ്ങളും നല്‍കി അവരെക്കൊണ്ട്‌ ഏറ്റവും ക്രൂരമായ കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ മത്സരിച്ചു രണ്ട്‌ ഗ്രൂപ്പുകളും. ഇങ്ങനെ പിടികൂടി കുട്ടിപ്പട്ടാളക്കാരനായി വാര്‍ത്തെടുക്കപ്പെട്ട കൂട്ടത്തില്‍ ഇസ്മയില്‍ ബീയും ഉണ്ടായിരുന്നു.

ഇന്നത്തെ കാലത്ത്‌ യുദ്ധമെന്നാല്‍ വിമാനങ്ങളില്‍ നിന്നുള്ള ബോംബിങ്ങും അതില്‍ നിന്നുയരുന്ന തീജ്വാലകളും പോളിഞ്ഞുവീഴുന്ന കെട്ടിടങ്ങളും ഒക്കെ കൂടി ചേര്‍ന്നുള്ള വര്‍ണക്കാഴ്ചകളാണ്‌. എന്നാല്‍ ഇവിടെ യുദ്ധമെന്നാല്‍ അറും കൊലയാണ്‌. കണ്ണില്‍ കാണുന്ന എതിരാളികളെ അല്ലെങ്കില്‍ അങ്ങനെ തോന്നുന്നവരെ വെറുതെ വെടിവെച്ചിടലാണ്‌. ജീവനോടെ പിടിക്കപ്പെടുന്നവരെ അവരുടെ കണ്ണില്‍ തുറിച്ചുനോക്കിക്കൊണ്ട്‌ കഴുത്തറക്കലാണ്‌. ഭാവനയിലുള്ള എതിരാളികളെ ദൂരെ നിന്ന്‌ ബോംബിടുന്നതും തൊട്ടടുത്ത്‌ നില്‍ക്കുന്ന കുട്ടികളേയും മുതിര്‍ന്നവരേയും എല്ലാം ദാക്ഷിണ്യലേശമില്ലാതെ വെടിവെച്ചിടുന്നതും രണ്ടാണല്ലോ.

ഉള്ളില്‍ റാപ്‌ സംഗീതത്തിണ്റ്റെ ലഹരിയുമായി നടന്നിരുന്ന ഇസ്മയിലിണ്റ്റെ ഗ്രാമം ഒരു ദിവസം വിപ്ളവകാരികള്‍ ആക്രമിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട്‌ ആ കുട്ടികളുടെ ജീവിതം ആകെ മാറിമറിഞ്ഞു. അവരുടെ പലായനം തുടങ്ങുകയായിരുന്നു. ഉള്ളില്‍ സംഗീതം മാത്രമുണ്ടായിരുന്ന, 'എല്ലാവരേയും സന്തോഷിപ്പിക്കുക മാത്രം ചെയ്യുന്ന ചന്ദ്രനെപ്പോലെയാകണം' എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശണ്റ്റെ വാക്കുകള്‍ ഉള്ളില്‍ എന്നും കൊണ്ടുനടന്നിരുന്ന ഒരു ബാലനില്‍ നിന്നും നൂറുകണക്കിനാളുകളെ അരുംകൊല ചെയ്യുന്ന ഒരു പോരാളിയിലേക്ക്‌ അവന്‍ മാറുകയായിരുന്നു. ഒടുവില്‍ യു.എന്‍ ണ്റ്റെ പുനരധിവാസ ക്യാമ്പില്‍ നിന്ന്‌ വീണ്ടും വീണ്ടും യുദ്ധം ചെയ്യാന്‍ അല്ല വീണ്ടും വീണ്ടൂം കൊല്ലാന്‍ വേണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പോരാളിയായി അവന്‍ മാറി. പന്ത്രണ്ടാം വയസ്സില്‍ പിടിക്കപ്പെട്ട്‌ പതിനഞ്ചാം വയസ്സില്‍ യു.എന്‍ വഴി ലണ്ടനില്‍ എത്തിപ്പെടുന്നതുവരെയുള്ള കാര്യങ്ങളാണ്‌ ഈ പുസ്തകത്തില്‍.

വിപ്ളവകാരികളുടെ ആക്രമണത്തില്‍ നിശ്ശേഷം നശിപ്പിക്കപെട്ടിരുന്ന ഗ്രാമങ്ങളില്‍ നിന്ന്‌ ജീവന്‍ ബാക്കിയായവര്‍ എങ്ങോട്ടെന്നറിയാതെ ഓടിപ്പോയിരുന്നു. വിപ്ളവകാരികളുടെ കണ്ണില്‍ പെടാതെ ഒളിച്ചുനടക്കുന്നതിനിടയില്‍ അഞ്ച്‌ ദിവസങ്ങള്‍ ഒരു മനുഷ്യജീവിയെപ്പോലും കാണാതെ നിരന്തരമായി നടന്നതിനെക്കുറിച്ച്‌ പുസ്തകത്തില്‍ പറയുന്നു. വിശന്നു വലഞ്ഞപ്പോള്‍ ഇസ്മായിലും കൂട്ടുകാരും മുന്നില്‍ ചോളക്കതിര്‍ തിന്നുന്ന കുട്ടിയുടെ കൈയില്‍ നിന്ന്‌ അത്‌ പിടിച്ചുവാങ്ങി പങ്കുവെച്ചു തിന്നുന്നു. ആവശ്യമാണല്ലോ നമ്മളെക്കൊണ്ട്‌ എന്തും ചെയ്യിക്കുന്നത്‌.

ഉള്ളില്‍ കത്തിക്കാളുന്ന വിശപ്പ്‌. കൈയില്‍ എവിടെ നിന്നോ എടുത്തു സൂക്ഷിച്ച പൈസ ഉണ്ട്‌. എന്നാല്‍ വാങ്ങിക്കഴിക്കാന്‍ ഒന്നും ഇല്ല. ആരുമറിയാത്ത യുദ്ധത്തിണ്റ്റെ ഫലങ്ങള്‍. ആളുകളെ പരിചപ്പെടുന്നതിലെ രസം യുദ്ധം നഷ്ടപ്പെടുത്തിയതായി ഇസ്മായില്‍ പറയുന്നു. ആരേയും, ഒരു പന്ത്രണ്ട്‌ വയസ്സുകാരന്‍ കുട്ടിയെപ്പോലും വിശ്വസിക്കാന്‍ പറ്റാത്തതായി യുദ്ധം മാറ്റുന്നു, എന്ന്‌ ഇസ്മായില്‍. ഓരൊ അപരിചിതനും ശത്രു ആയി മാറുന്നു.

അനന്തമായ അലച്ചിലിനിടയില്‍ വിപ്ളവകാരികളുടെ പിടിയില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെടുന്നുമുണ്ട്‌, ഇസ്മായിലും കൂട്ടുകാരും. അങ്ങനെ ഒരിക്കല്‍ തോക്കുധാരികളായ കുറച്ചുപേര്‍ അവരെ പിടികൂടുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരെ കൊണ്ടുപോകുന്നത്‌ പട്ടാളക്കാര്‍ താവളമടിച്ചിരിക്കുന്ന ഒരു ഗ്രാമത്തിലേക്കാണ്‌. ഏറെ നാളുകള്‍ക്കു ശേഷം അവര്‍ക്ക്‌ നല്ല ഭക്ഷണം കിട്ടുന്നു. സായാഹ്നങ്ങളില്‍ പട്ടാളക്കാര്‍ ഫുട്ബോള്‍ കളിക്കുന്നു. സിനിമ കാണുന്നു. കുട്ടികള്‍ക്ക്‌ ആദ്യമായി സുരക്ഷിതത്വ ബോധം തോന്നിത്തുടങ്ങുന്നു. വയറ്‌ നിറച്ച്‌ ഭക്ഷണവും പേടി കൂടാതെ ഉള്ള ദിവസങ്ങളും ഉറങ്ങാന്‍ കഴിയുന്ന രാത്രികളും. എന്നല്‍ ഇത്‌ അധിക ദിവസങ്ങള്‍ നീണ്ടുനിന്നില്ല. പട്ടാളക്കാരോട്‌ സ്നേഹവും കടപ്പാടും തോന്നിത്തുടങ്ങിയിരുന്ന അവരിലേക്ക്‌ വിപ്ളവകാരികളോടുള്ള ദേഷ്യവും പകയും പകര്‍ന്നുകൊടുക്കാവുന്ന തരത്തിലാണ്‌ ലെഫ്‌. ജബാടി പ്രസംഗിക്കുന്നത്‌. കൂട്ടത്തില്‍ റാംബോ പോലുള്ള യുദ്ധസിനിമകളും. തങ്ങളുടെ കുടുംബത്തേയും കൂട്ടുകാരേയും ഒക്കെ കൊന്നൊടുക്കിയ വിപ്ളവകാരികളോടുള്ള പക വളരെ വിദഗ്ദ്ധമായി മുതലെടുത്തുകൊണ്ട്‌ അവരെ യുദ്ധത്തിലേക്ക്‌ നയിക്കുകയാണ്‌ പട്ടാളക്കാര്‍ ചെയ്യുന്നത്‌.

ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ തോക്ക്‌ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടുന്നു. ഓരോ ദിവസവും അവര്‍ ഓരോ ഗ്രാമങ്ങള്‍ ആക്രമിക്കുന്നു, വിപ്ളവകാരികളേയും അവരുടെ അനുഭാവികളായ ഗ്രാമീണരേയും വെടിവെച്ചിടുന്നു. ഓരോ ദിവസവും പുലര്‍ന്നിരുന്നത്‌ അന്നത്തെ ആക്രമണം സ്വപ്നം കണ്ടുകൊണ്ടായിരുന്നു. ദിവസം അവസാനിച്ചിരുന്നതോ അന്നത്തെ കൊലപാതകങ്ങളുടെ കണക്കെടുപ്പില്‍ ഊറ്റം കൊണ്ടുമായി മാറി.

ഇതിനിടയില്‍ തടവുകാരായി പിടിക്കപ്പെടുന്ന വിപ്ളവകാരികളെ കഴുത്തറുത്ത്‌ കൊല്ലുന്നതിലും അവര്‍ക്ക്‌ പരിശീലനം നല്‍കപ്പെടുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട്‌ ഒരാളെ കഴുത്തറുത്ത്‌ കൊന്ന്‌ ഇസ്മായില്‍ ഒന്നം സ്ഥാനം നേടുന്നു. അവരുടെ ജീവിതം ഒന്നുകില്‍ യുദ്ധത്തിലെ ആക്ഷന്‍, അല്ലെങ്കില്‍ യുദ്ധസിനിമകള്‍. സംസാരം യുദ്ധവും അതിലെ വീരസാഹസികതകളും മാത്രം. ഇടക്കിടക്ക്‌ ലെഫ്‌. ജബാടിയുടെ ഉത്തേജകങ്ങളായ പ്രസംഗങ്ങളും. ഹാശിശും മരിജുവാനയും ഇഷ്ടം പോലെ. അവര്‍ ഒരിക്കലും ചിന്തിക്കാതിരിക്കാന്‍ പട്ടാളക്കാര്‍ വളരെ ശ്രദ്ധിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു.

ഒടുവില്‍ സിയെറ ലിയോണിലെ കുട്ടിപ്പട്ടാളക്കാരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവര്‍ എത്തിപ്പെടുന്നത്‌ യു.എന്‍ ണ്റ്റെ പുനരധിവാസ ക്യാമ്പിലാണ്‌. നല്ല ഭക്ഷണം, വസ്ത്രങ്ങള്‍, ഉറങ്ങാനും കളിക്കാനുമുള്ള സൌകര്യങ്ങള്‍. പക്ഷേ മയക്കുമരുന്ന്‌ കിട്ടാനില്ല. ആക്രമിക്കാനും കൊല്ലാനുള്ള അടങ്ങാത്ത ത്വര അടക്കാന്‍ ഒരും മാര്‍ഗവുമില്ല. കുട്ടികള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നതായിരുന്നില്ല, അത്‌. അവര്‍ രക്ഷപ്പെടാന്‍ ആവുന്നത്‌ ശ്രമിച്ചു. അവിടത്തെ ഉപകരണങ്ങള്‍ അടിച്ച്‌ തകര്‍ക്കുന്നു, വളണ്ടിയര്‍മാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുന്നു.

അതിനിടയില്‍ അവിടത്തന്നെയുള്ള മറ്റു ചില കുട്ടികളെ അവര്‍ കാണുന്നു. അവരാകട്ടെ വിപ്ളവകാരികളുടെ കൂട്ടത്തില്‍ നിന്ന്‌ ക്യാമ്പില്‍ എത്തിപ്പെട്ടവരായിരുന്നു. അവരെ കണ്ടതോടെ അവരുടെ പക സഹിക്കാന്‍ പറ്റാത്ത തരത്തിലായി. അവര്‍ തമ്മില്‍ ഒരു യുദ്ധം ക്യാമ്പില്‍ അരങ്ങേറുന്നു. ആറ്‌ പേര്‍ ക്യാമ്പില്‍ മരിച്ചു വീഴുന്നു.

കൃത്യമായ പരിചരണവും മരുന്നും ഈ കുട്ടികളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇതിനിടയില്‍ ക്യാമ്പിലെ 'ഈസ്തര്‍' എന്ന നഴ്സില്‍ ഇസ്മായില്‍ തനിക്കില്ലാതെ പോയ സഹോദരിയെ കാണുന്നു. ജീവിതത്തില്‍ ആരും, ഒന്നും ബാക്കിയില്ലെന്ന അവസ്ഥയില്‍ നിന്ന്‌ അവന്‍ മാറുന്നു. ക്യാമ്പില്‍ സന്ദര്‍ശനത്തിന്‌ വന്ന യു.എന്‍ അധികാരികളുടെ മുന്നില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച്‌ ശ്രദ്ധാകേന്ദ്രമാവുന്നതുവഴി ഇസ്മായില്‍ 'ബെനിന്‍ ഹോം' എന്ന ആ പുനരധിവാസ കേന്ദ്രത്തിണ്റ്റെ വക്താവായി സംസാരിക്കന്‍ തെരഞ്ഞെടുക്കപ്പെടുന്നു. ഇതിനിടയിലാണ്‌ യു.എന്‍ ണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ സിയെറ ലിയോണിലെ കുട്ടിപ്പാട്ടാളക്കാരെക്കുറിച്ച്‌ സംസാരിക്കാന്‍ ഇസ്മായില്‍ തിരഞ്ഞെടുക്കപ്പെടുന്നതും അതിണ്റ്റെ ഭാഗമായി ന്യൂയോര്‍ക്‌ സന്ദര്‍ശിക്കുകയും ചെയ്യുന്നത്‌. അത്‌ പിന്നീട്‌ അമേരിക്കയുിലേക്ക്‌ കുടിയേറാനും അവിടെ വിദ്യാഭ്യാസം തുടരാനും ഒക്കെ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു. ഇസ്മായില്‍ ഇപ്പോള്‍ 'ബ്രൂക്‌ലിന്‍' ല്‍ താമസിക്കുകയും 'ഹ്യുമണ്‍ റൈറ്റ്സ്‌ വാച്‌' എന്ന സംഘടനയ്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഉള്ളില്‍ സ്വപ്നങ്ങള്‍ വിരിയുന്ന കാലത്ത്‌ അങ്ങേയറ്റം ക്രൂരമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു കുട്ടിയുടെ ജീവിതമാണ്‌ ഇത്‌. അവന്‌ സ്വപ്നങ്ങള്‍ അനുഭവപ്പെടുന്നത്‌ മൂന്ന്‌ തലത്തിലാണ്‌. വിപ്ളവകാരികളുടെ ആക്രമണത്തില്‍ വീടും വീട്ടുക്കരും കൂട്ടുകാരും നഷ്ടപ്പെട്ടുള്ള അലച്ചിലിനിടയില്‍ അവനെ വേട്ടയാടുന്നത്‌ യുദ്ധത്തിണ്റ്റെ ബീഭത്സമായ ചിത്രങ്ങളാണ്‌. സ്വയം പട്ടാളക്കാരനായതിന്‌ ശേഷം അവന്‍ സ്വപ്നങ്ങളില്‍ കാണുന്നത്‌ സ്വയം അറുംകൊലകളെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍. പുനരിധിവാസ കാലത്തും അതിന്‌ ശേഷവും കാണുന്നതോ സ്വയം യുദ്ധത്തിണ്റ്റെ ക്രൂരതകള്‍ക്ക്‌ ഇരയാകുന്ന ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍.

ഈ പുസ്തകം ശ്രദ്ധേയമാവുന്നത്‌ അതിലെ അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരം കൊണ്ടാണ്‌. ആലങ്കാരികത ഒട്ടുമില്ലാത്ത തെളിമയുള്ള ഭാഷ. ഭാഷയിലെ മിതത്വം കാരണം അത്‌ ഒരിക്കലും യുദ്ധത്തിനെ മഹത്തരമാക്കുന്നില്ല. ക്രൂരമായ സംഭവങ്ങള്‍ പോലും വിവരിച്ചത്‌ വായിക്കുമ്പോള്‍ അതിനെതിരായ വികാരം തന്നെയാണ്‌ ഉള്ളില്‍ നിറയുന്നത്‌. ഒരു ടിവി അഭിമുഖത്തില്‍ ഇസ്മായില്‍ പറയുന്നുണ്ട്‌, എല്ലാവരും യുദ്ധം മഹത്തരമെന്ന്‌ വാഴ്ത്തുന്നു. എന്നാല്‍ യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഞങ്ങള്‍ക്കറിയാം യുദ്ധത്തില്‍ മഹത്തരമായി ഒന്നുമില്ല. അതെ അത്‌ പറയാന്‍ മറ്റാരേക്കാളും അര്‍ഹത ഇസ്മായിലിന്‌ ഉണ്ട്‌.

പുസ്തകത്തിണ്റ്റെ പുറംചട്ട തന്നെ വളരെ ശ്രദ്ധേയവും പ്രതീകത്മകവും ആണ്‌. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടി. ധരിച്ചിരിക്കുന്നത്‌ ട്രൌസറും ബനിയനും, തേഞ്ഞ്‌ തീര്‍ന്ന, വള്ളി പൊട്ടിയ ഹവായ്‌ ചപ്പല്‍. തോളില്‍ അത്യാധുനികമായ തോക്കും റോക്കറ്റ്‌ ലൌഞ്ചെറും. ബഡ്ജറ്റിണ്റ്റെ അഞ്ചു ശതമാനത്തില്‍ താഴെ വിദ്യാഭ്യാസത്തിനും മുപ്പത്‌ ശതമാനത്തോളം മിലിറ്ററിയ്ക്കുമായി ചിലവഴിക്കുന്ന നമ്മുടെ രാജ്യമടക്കമുള്ള എല്ലാവരുടേയും അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു, ഇത്‌.

വാഷിംഗ്ടണ്‍ പോസ്റ്റ്‌ 'ലോകത്തിലെ ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം' എന്ന്‌ ഇതിനെ പറ്റി പറയുന്നു. എന്നാല്‍ മലയാളത്തില്‍ ഈ പുസ്തകത്തെപ്പറ്റി അധികമൊന്നും കേട്ടിട്ടില്ല. ചെന്നൈയിലെ കേരളസമാജത്തിണ്റ്റെ കീഴില്‍ നടക്കുന്ന വായനക്കൂട്ടത്തില്‍ ഈ പുസ്തകം അവതരിപ്പിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന ആരും തന്നെ പുസ്തകത്തെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. വായിക്കണമെന്ന്‌ ആഗ്രഹം തോന്നുന്ന ആരിലെങ്കിലും പുസ്തകം എത്തിപ്പെടാന്‍ ഈ കുറിപ്പ്‌ സഹായിച്ചെങ്കില്‍...

Wednesday, October 6, 2010

കേള്‍വിയുടെ ശ്ളഥസഞ്ചാരങ്ങള്‍



"മരിച്ചുകഴിഞ്ഞതിനുശേഷവും
എണ്റ്റെ മിഴികള്‍ തുറന്നുതന്നെയിരുന്നു.
നിനക്കായുള്ള കാത്തിരിപ്പ്‌ശീലമാണല്ലോ. "

ആബിദാ പര്‍വീന്‍ എന്ന പാകിസ്ഥാനി സൂഫി/ഗസല്‍ ഗായികയുടെ ഒരു ഗസല്‍ തുടങ്ങുത്‌ ഇങ്ങനെയാണ്‌. പ്രണയത്തില്‍ കാത്തിരിപ്പ്‌ സ്വയം ഒടുങ്ങുമ്പോഴും ഒടുങ്ങാത്ത ഒന്നാണ്‌. വിരഹത്തിണ്റ്റെ തീയില്‍ സ്വയം എരിഞ്ഞില്ലാതാകുമ്പോഴും അവസാനിക്കാത്ത കാത്തിരിപ്പിണ്റ്റെ തീവ്രത ഇതിലും നന്നായി വരച്ചിടാന്‍ ആര്‍ക്ക്‌ കഴിയും?

സൂഫികള്‍ ഉന്‍മാദികളാണ്‌. ആളിക്കത്തുന്ന പ്രണയത്തീയില്‍ സ്വയം ആഹുതി ചെയ്യുന്നതിലൂടെയാണ്‌ അവര്‍ ആത്മസാക്ഷാത്കാരം തേടുന്നത്‌. ലൈലയോടുള്ള പ്രണയത്തില്‍ സ്വയം മറന്ന്‌ സര്‍വവും ത്യജിച്ച്‌ അനന്തമായി അലഞ്ഞ്‌ മരുഭൂമില്‍ സ്വയം ഇല്ലാതായ മജ്‌നുവിലേക്ക്‌ നീളുന്നു, അവരുടെ വേരുകള്‍. പ്രണയം കാമുകിയോടുള്ളതാകട്ടെ, പരമകാരുണികനായ ദൈവത്തിനോടാവട്ടെ, ഉന്‍മാദമാണ്‌ അതിണ്റ്റെ ഫലം. ഈ ഉന്‍മാദം സൂഫി സംഗീതത്തിണ്റ്റെ ആത്മാവാണ്‌.

എല്ലാം, ഈ ലോകത്തിനെത്തന്നെ, മറന്നുകൊണ്ടുള്ള തുറന്ന ആലാപനമാണ്‌ ആബിദാ പര്‍വീണിണ്റ്റേത്‌. അടക്കിയ ശബ്ദം അവര്‍ക്കില്ല തന്നെ. ശബ്ദത്തിണ്റ്റെ വന്യമായ കയറ്റിറക്കങ്ങള്‍ ആ സംഗീതത്തിണ്റ്റെ ശക്തി.

ഇനി നമ്മുടെ കൊച്ചു കേരളത്തിലേക്ക്‌ വരാം. വീടിണ്റ്റെ അടഞ്ഞ വാതിലിണ്റ്റെ പിറകില്‍ നില്‍പാണ്‌ ഒരു പെണ്‍കൊടി. ഉള്ളില്‍ പ്രണയത്തിണ്റ്റെ മുഴു വസന്തം നിറയുമ്പോഴും ഒരു പുഞ്ചിരിപ്പൂ വിടര്‍ത്താനെ അവള്‍ക്കാകൂ. വേര്‍പാട്‌ ഉള്ള്‌ കരിക്കുമ്പോഴും ഒന്ന്‌ കരയാന്‍ അവള്‍ക്കാവില്ല.

"വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവ്‌ കണ്ടു
കിളിവാതിലില്‍ മിഴിയും നട്ട്‌
കാത്തിരുന്നു ഞാന്‍"

ഇവിടെ പ്രണയത്തിലെ കാത്തിരിപ്പ്‌ ഉള്ളില്‍ ഉമിത്തീയാണ്‌. ഒന്ന്‌ ആളിക്കത്താന്‍ പോലുമാവാതെ നീറിപ്പിടിക്കുകയേ ഉള്ളു. ചൂട്‌ മുഴുവന്‍ നെടുവീര്‍പ്പുകളായി പുറത്തുവിടാനേ ആവൂ. ഉന്‍മാദ ഭാവം അവള്‍ക്ക്‌ അന്യമാണ്‌. അല്ലെങ്കില്‍ അവള്‍ക്ക്‌ ഉന്‍മാദിയാവാന്‍ ആവില്ല.

"ഓരോരോ കാലടിശബ്ദം
ചാരത്തെ വഴിയില്‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി
ഓടിച്ചെല്ലും ഞാന്‍. "

കാത്തിരിപ്പിണ്റ്റെ ആള്‍ രൂപമായ ഒരു കഥാപാത്രത്തെ എം.ടി. നമുക്കു തന്നിട്ടുണ്ട്‌. ഓരോ സീസണ്‍ എത്തുമ്പോഴും പുതിയ വസ്ത്രങ്ങളില്‍, പുതുക്കിയ, മിനുക്കിയ നിറങ്ങളില്‍ സഞ്ചാരികളെ കാത്തിരുന്ന നൈനിത്താളിനൊപ്പം ഒരേയൊരു സഞ്ചാരിക്കായ്‌ നിരന്തരമായി കാത്തിരുന്ന വിമലടീച്ചര്‍. സീസണ്‍ കഴിഞ്ഞ്‌ അവസാനത്തെ യാത്രികനും മടങ്ങുമ്പോള്‍ തണുത്തുറഞ്ഞ സ്വന്തം കൂട്ടിലേക്ക്‌ തിരിച്ചെത്തുന്നു. നീണ്ട ശീതകാലനിദ്രയില്‍ വീണ്ടുമൊരു കാത്തിരിപ്പിനായ്‌, "വരും, വരാതിരിക്കില്ല.." എന്ന മരിക്കാത്ത പ്രതീക്ഷയോടെ.

നമുക്ക്‌ പ്രണയഗാനങ്ങളുണ്ട്‌, വിരഹഗാനങ്ങളുണ്ട്‌, വിഷാദഗാനങ്ങളുണ്ട്‌. എന്നാല്‍ പ്രണയവും വിരഹവും വിഷാദവും അതിനെയൊക്കെ അതിജീവിക്കു പ്രതീക്ഷയും ഇത്രയും സമ്മോഹനമായി സമ്മേളിച്ചിട്ടുള്ള പാട്ടുകള്‍ വിരളമാണ്‌. ഭാസ്കരന്‍മാഷുടെ വരികളില്‍ പ്രണയത്തിണ്റ്റെയും പ്രതീക്ഷയുടെയും ഒരു കടല്‍ തന്നെയുണ്ട്‌. കടലിണ്റ്റെ ആഴമറിഞ്ഞുള്ള ഈണവും. നേരത്തെ പറഞ്ഞ ഉന്‍മാദാവസ്ഥയില്‍നിന്ന്‌ വ്യത്യസ്ഥമായി പുറത്തേക്ക്‌ സ്വതന്ത്രമായി ഒഴുകാന്‍ വയ്യാത്ത അടക്കിപ്പിടിച്ച പ്രണയം, അതിണ്റ്റെ സാന്ദ്രത ജാനകിയമ്മയുടെ ആലാപനത്തിലുണ്ട്‌.

ഭാസ്കരന്‍മാഷ്‌-ബാബുക്ക കൂട്ടുകെട്ടിണ്റ്റെ കാലാതീതമായ ഗാനങ്ങള്‍ പാടി അനശ്വരങ്ങളാക്കിയതില്‍ യേശുദാസിനേക്കാള്‍ ഒരുപടി മുകളിലാണ്‌ ജാനകിയമ്മയുടെ സ്ഥാനം, എണ്റ്റെ നോട്ടത്തില്‍. പ്രത്യേകിച്ചും ആലാപനത്തിണ്റ്റെ വൈകാരികാംശത്തില്‍ ജാനകിയമ്മ യേശുദാസിനെ വെല്ലുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി ഗാനങ്ങളുടെ ആലാപനത്തില്‍ ഈ ഭാവതീവ്രത അനുഭവിച്ചറിയാന്‍ പറ്റും. ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്‌, മലയാളം കഷ്ടിച്ച്‌ സംസാരിക്കാന്‍ മാത്രമറിയുന്ന ജാനകിയമ്മ നമ്മള്‍ മലയാളികളേക്കാള്‍ വലിയ മലയാളിയായത്‌ ഇത്തരം ഗാനങ്ങളിലൂടെയാണ്‌.

ഇതിന്‌ നേരെ വിപരീതത്തിലാണ്‌ ഇനിയൊരു ഗാനത്തിണ്റ്റെ നില്‍പ്‌. വീണ്ടും ബാബുക്ക. ഇത്തവണ രചന വയലാറിണ്റ്റേത്‌. ഗായിക സുശീലാമ്മയും. സിനിമ അഗ്നിപുത്രി.

"കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ
മറക്കൂ.. മറക്കൂ. "

നമ്മുടെ വൈകാരിക പ്രപഞ്ചത്തില്‍ എവിടെ അടയാളപ്പെടുത്തും ഈ ഗാനത്തിണ്റ്റെ സ്ഥാനം.

ഇതൊരു പരാതിയല്ല, പരിദേവനവുമല്ല. ഈ വരികളില്‍ ദു:ഖമില്ല, തീവ്ര ദു:ഖത്തിണ്റ്റെയും അപ്പുറത്തുള്ള കടുത്ത മരവിപ്പ്‌ മാത്രം. പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ എന്നും നേരിട്ടിട്ടുള്ള ക്രൂരമായ ഒരു സത്യം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോള്‍ നടത്തുന്ന ഒരു പ്രസ്താവനയാണിത്‌. എന്നാല്‍ വെറുമൊരു പ്രസ്താവനയല്ല താനും. ദൈവത്തിനെ പരസ്യവിചാരണ ചെയ്യുന്ന വേളയില്‍ നടത്തുന്ന, അനുഭവത്തില്‍ നിന്നുരുവം കൊണ്ട ഒരു സത്യപ്രസ്താവന.

ഒരിക്കലും കണ്ണുതുറക്കുകയില്ലെറിയുന്ന ദൈവങ്ങളെയാണ്‌ വിളിക്കുന്നത്‌. പരസ്യമായ ഒരു വേദിയില്‍ വെച്ച്‌, കണ്ണും കാതും തുറന്നിരിക്കുന്ന, കരയാനും ചിരിക്കാനുമറിയുന്ന പച്ച മനുഷ്യരുടെ മുന്നില്‍ വെച്ച്‌. ദൈവം കേള്‍ക്കുകയില്ലെന്ന്‌ ഉറപ്പുള്ള പാട്ടുകാരി, വിളിക്കുന്നത്‌ ദൈവത്തിനെയാണെങ്കിലും, ആ വിളി മുന്നിലിരിക്ക്ന്ന മനുഷ്യരുടെ ഉള്ളിലേക്ക്‌ ആഴ്ന്നിറങ്ങാന്‍ ഉദ്ദേശിച്ചുള്ളതാണ്‌.

ഈ വിളി വരുന്നത്‌ മരവിപ്പ്‌ ബാധിച്ച ഒരു ഹൃദയത്തില്‍നിന്നാണ്‌. വികാരലേശമില്ലാത്ത മനസ്സും തണുത്ത്‌ മരവിച്ചുപോയ ശരീരവും മാനുഷികമായ ചോദനകളോട്‌ പ്രതികരിക്കാനാകാത്ത വിധം വെറുങ്ങലിച്ചു പോയിരിക്കുന്നു. ഇങ്ങനെയുള്ള മനസ്സിന്‌ ദെവത്തോട്‌ ഒന്നും പറയാനില്ല. പറയാനുള്ളത്‌ മനുഷ്യരോട്‌; കരയാനും ചിരിക്കാനുമറിയാത്ത, വെറും കളിമപ്രതിമകള്‍ മാത്രമായ്‌ മാറിയ ദെവങ്ങളെക്കുറിച്ച്‌. മറ്റുള്ളവര്‍ക്ക്‌ സുഗന്ധമേകിക്കൊണ്ട്‌ സ്വയം എരിഞ്ഞു തീര്‍ന്നത്‌ അറിയാതെപോയ ദൈവങ്ങള്‍. കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ്‌ കാല്‍ക്കല്‍ വീണിട്ടും കാണാതെ കടന്നു പോയ ദൈവങ്ങള്‍.

വയലാറിണ്റ്റെ കടുത്ത ഭൌതിക നിലപാടും മനുഷ്യരിലുള്ള അടങ്ങാത്ത വിശ്വാസവുമൊക്കെ അതിണ്റ്റെ ഔന്നത്യത്തില്‍ ഈ വരികളിലുണ്ട്‌. തികഞ്ഞ യുകതിവാദിയായ കവിയുടെ കേവലയുക്തിക്കതീതമായ നിലപാട്‌. കേവലയുക്തിവാദവും ഒരു കവിയുടെ യുക്തിചിന്തയും രണ്ടാവാതെ തരമില്ലല്ലോ!

നമ്മുടെ വൈകാരികാവസ്ഥകളോട്‌ പുറം തിരിഞ്ഞുനില്‍ക്കു ഈ പാട്ടിണ്റ്റെ വരികള്‍ക്ക്‌ സംഗീതം നല്‍കുന്നത്‌ ഒരു തികഞ്ഞ വെല്ലുവിളി തയൊയിരുന്നിരിക്കണം. ആ വെല്ലുവിളി ഏറ്റെടുത്ത്‌ തികഞ്ഞ തന്‍മയത്തോടെ ചെയ്ത്‌ നമുക്ക്‌ എക്കാലത്തേയും മികച്ച, വ്യത്യസ്തമായ ഒരു പാട്ട്‌ തന്നു, ബാബുക്ക.

എടുത്തു പറയേണ്ടു മറ്റൊരു കാര്യം പാട്ടിണ്റ്റെ ആലാപനത്തിലെ വ്യതിരിക്തതയാണ്‌. വരികളിലെ നിര്‍മമതയും ഈണത്തിലെ നിര്‍വികാരതയും കൃത്യമായി, വ്യക്തമായി പ്രതിഫലിക്കുന്നു, സുശീലാമ്മയുടെ ശബ്ദത്തില്‍. തണ്റ്റെ പതിവ്‌ ശൈലിയില്‍ നിന്ന്‌ മാറി ശബ്ദത്തെ കരിങ്കല്ലിണ്റ്റെ പ്രതലത്തിന്‌ സമാനമാക്കിയിരിക്കുന്നു, ഈ പാട്ടില്‍. തികച്ചും റൊമാണ്റ്റിക്‌ ശബ്ദത്തിനുടമയായ സുശീലാമ്മ നടത്തിയ ഈ വേറിട്ട്‌ നടപ്പ്‌ പാട്ടിണ്റ്റെ സ്രഷ്ടാക്കളേയും അതിശയിപ്പിച്ചിരിക്കാനാണ്‌ സാധ്യത. സ്വാഭാവികമായി പ്രകമ്പിതമാണ്‌ സുശീലാമ്മയുടെ ശബ്ദം. അതില്‍ നിന്ന്‌ വ്യത്യസ്തമായി ശബ്ദം തികച്ചും ഫ്ളാറ്റാണ്‌ ഇതില്‍. ശബ്ദത്തിന്‌ നിറമുണ്ടെങ്കില്‍ തീരെ കളര്‍ഫുള്‍ അല്ലാത്തതാണ്‌ ഈ പാട്ടിണ്റ്റെ ആലാപനമെന്ന്‌ എണ്റ്റെ പക്ഷം..

ഈ ഒരു രീതി എങ്ങനെ സാധിച്ചു എന്നറിയാന്‍, സുശീലാമ്മയുമായി സംസാരിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. സ്വന്തം കരള്‍ പറിച്ചെടുത്ത്‌ അത്‌ പാട്ടുകളുടെ ആലാപനത്തിലൂടെ നമുക്ക്‌ കാണിച്ചു തന്നിട്ടുണ്ട്‌ ബാബുക്ക. ഈ പാട്ട്‌ ചെയ്യുമ്പോഴും അത്‌ കൃത്യമായി പാടി പഠിപ്പിക്കാന്‍ ബാബുക്ക മനസ്സ്‌ വെച്ചിരിക്കുമെന്ന്‌ ഉറപ്പ്‌. താന്‍ എന്ത്‌ ഉദ്ദേശിക്കുന്നു എന്ന്‌ പാടി കേള്‍പ്പിച്ചു തരാന്‍ എന്നും ബാബുക്ക ശ്രദ്ധിച്ചിരുന്നു എന്ന്‌ ജാനകിയമ്മ നേരില്‍ പറഞ്ഞു കേട്ടതുമാണ്‌. സുശീലാമ്മയോട്‌ നേരില്‍ ചോദിച്ചറിയാന്‍ ഇതുവരെയും സാധിച്ചില്ല. ചെന്നയില്‍ നിന്ന്‌ സ്ഥലം മാറിയതും അത്ര എളുപ്പം എത്തിപ്പിടിക്കാന്‍ കഴിയാത്ത അവരുടെ രീതികളും ശ്രമം വിജയിക്കാതിരിക്കാന്‍ കാരണമാണ്‌.

ജാനകിയമ്മയുടെ രീതികള്‍ അങ്ങനെയല്ല. മലയാളഗാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും സ്രഷ്ടാക്കളെക്കുറിച്ചും എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ അവര്‍ തയ്യാറാണ്‌. ആദ്യമായി കാണുകയായിട്ടും മുന്‍പരിചയമില്ലാതിരുന്നിട്ടും എത്ര മണിക്കൂറുകളാണ്‌ ഒരിക്കല്‍ സംസാരിച്ചിരുന്നത്‌. എത്ര പാട്ടുകളാണ്‌ മൂളിത്തന്നത്‌. ഉള്ളില്‍ നിലാവ്‌ പരത്തുന്ന ഓര്‍മകള്‍. ഈ കുറിപ്പിനു വേണ്ടിത്തന്നെ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മകണ്റ്റെ ഇ-മെയില്‍ വഴി മറുപടി തരാന്‍ അവര്‍ തയ്യാറായി.

ഒരു പാട്ടില്‍ വികാരങ്ങളുടെ ഒരു പ്രപഞ്ചം തന്നെ. ഇനി ഒന്നില്‍ വികാരങ്ങളുടെ മരുപ്പറമ്പ്‌. ഒന്നില്‍ പ്രണയത്തിണ്റ്റെ ശാദ്വല ഭൂമിക. ഇനിയൊന്നില്‍ നട്ടാല്‍ മുളപൊട്ടാത്ത മൊട്ടക്കുന്ന്‌. ഒന്നില്‍ പ്രതീക്ഷയുടെ അനന്തനീലിമ. മറ്റൊന്നില്‍ എല്ലാ പ്രതീക്ഷയും മരിച്ച കണ്ണിലെ വിറങ്ങലിച്ച ശൂന്യത. ഇങ്ങനെ വൈരുദ്ധ്യമാര്‍ന്ന മനുഷ്യമനസ്സിണ്റ്റെ അവസ്ഥകളെ ഇത്ര കൃത്യമായി പകര്‍ന്നുതരാന്‍ കഴിഞ്ഞ ബാബുക്കയുടെ സംഗീതത്തിനു മുമ്പില്‍ ഒരിക്കല്‍ക്കൂടി തലകുനിക്കുന്നു. ഒരു ഒക്ടോബര്‍ ഏഴ്‌ കൂടി. ആ മഹാ സംഗീതകാരണ്റ്റെ ഓര്‍മയ്‌കുമുമ്പില്‍ ചൂടിക്കുന്ന പൂക്കളായി ഈ കുറിപ്പ്‌ സമര്‍പ്പിക്കുന്നു.

വാല്‍ക്കഷ്ണം: ഈയടുത്ത കാലത്തൊരു ഇണ്റ്റര്‍വ്യുവില്‍ ഗായകന്‍ ഹരിഹരനോട്‌ പല ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഒരു പതിവ്‌ ചോദ്യം ഉണ്ടായിരുന്നു. കടന്നുപോയ സംഗീതകാരന്‍മാരില്‍ ആരുടെയെങ്കിലും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദമുണ്ടോ എന്ന്‌. ഇന്ത്യയില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഗായകരില്‍ പ്രതിഭ കൊണ്ട്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു എന്ന്‌ ഞാന്‍ കരുതുന്ന അദ്ദേഹത്തിണ്റ്റെ മറുപടി ഇങ്ങനെയായിരുന്നു. 'മദന്‍ മോഹന്‍, എസ്‌.ഡി ബര്‍മന്‍, ബാബുരാജ്‌'. നമ്മുടെ സ്വന്തം ബാബുക്കയുടെ പേര്‍ ഹരിഹരന്‍ പറഞ്ഞുകേട്ടപ്പോള്‍ തോന്നിയ അഭിമാനം പറഞ്ഞറിയിക്കുക വയ്യ.

Thursday, September 9, 2010

ഒരു പന്തിന്‌ പിന്നാലെ

എല്ലാ ആരവങ്ങളും അടങ്ങിക്കഴിഞ്ഞു. മൈതാനം യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര ഭൂമി പോലെ. കബന്ധങ്ങള്‍, ചിതറിത്തെറിച്ച തലകള്‍, അറ്റുപോയ കൈകാലുകള്‍... തെറിച്ചുവീണ കിരീടങ്ങള്‍, മാര്‍ചട്ടകള്‍, വീരപ്പതക്കങ്ങള്‍.

ഒരു പന്തിനു ചുറ്റും കറങ്ങിയ ലോകം അപ്പൂപ്പന്‍ താടി പോലെ ഒഴുകി നടക്കുന്നു. ഒരു മാസം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ മനസ്സു നിറഞ്ഞൊന്ന്‌ കൈയടിക്കാനോ ഒന്നു കൂവാനോ പോലും അവസരം തരാത്ത ഒരു ഫൈനല്‍ മത്സരവും കണ്ട്‌ നമ്മള്‍ക്ക്‌ തൃപ്തി അടയേണ്ടി വന്നു. എന്നും നിര്‍ഭാഗ്യത്തിണ്റ്റെ പന്തുകള്‍ മാത്രം ഉരുട്ടിക്കളിച്ച ഹോളണ്ടും ഫുട്ബോളില്‍ വേഗതയുടെ തേര്‍ പായിച്ച സ്പെയിനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നമ്മള്‍ പന്തിനുപകരം തീഗോളങ്ങള്‍ പറക്കുന്നത്‌ സ്വപ്നം കണ്ടിരുന്നു. പക്ഷേ മൈതാനത്ത്‌ കണ്ടത്‌ നനഞ്ഞ പടക്കം മാത്രം. ഈ ലോകകപ്പിലെ ഏറ്റവും മോശമെന്ന്‌ വിലയിരുത്താവുന്ന ഒരു മത്സരം കണ്ട്‌ ഒരു മാസത്തെ ഉറങ്ങാത്ത രാവുകളോട്‌ വിടപറയാന്‍ നിര്‍ബന്ധിതരായി.

ബ്രസീലും അര്‍ജണ്റ്റീനയും നേരത്തേ തോറ്റ്‌ പുറത്തുപോയപ്പോള്‍ തോന്നാത്ത ദു:ഖം തികട്ടി വന്നത്‌ അപ്പോഴാണ്‌. ബ്രസീലും അര്‍ജണ്റ്റീനയും ഇല്ലാത്ത ഫൈനലുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്‌. അന്നൊക്കെ ബ്രസീല്‍ തോറ്റ്‌ പുറത്തുപോയപ്പോഴും ബ്രസീലിയന്‍ ഫുട്ബോള്‍ ജയിച്ചുതന്നെയാണിരുന്നത്‌. ലോകകപ്പിലെ ഓരോ തോല്‍വിയും അവര്‍ക്കൊരു ദേശീയ ദുരന്തമായിരുന്നു. ബ്രസീല്‍ കരഞ്ഞപ്പോള്‍ കൂടെ ഫുട്ബോളിനെ സ്നേഹിച്ച ലോകം മുഴുവനുമുണ്ടായിരുന്നു. നമ്മള്‍ കേരളീയര്‍ ബ്രസീലിണ്റ്റെ ആരാധകരായത്‌ അവരുടെ ജയങ്ങളുടെ ആഘോഷത്തിലൂടെന്ന പോലെത്തന്നെ അവരുടെ തോല്‍വികളില്‍ കൂടെ കരഞ്ഞുകൊണ്ടുകൂടിയായിരുന്നു.

എന്നാല്‍ ഇത്തവണ ബ്രസീല്‍ തോറ്റപ്പോള്‍ കരയാന്‍ തോന്നിയതേ ഇല്ല. മനസ്സില്‍ ബ്രസീല്‍ അതിനു എത്രയോ മുമ്പുതന്നെ തോറ്റിരുന്നു. ആരു കളിക്കുമ്പോഴും, അതെന്ത്‌ കളിയായാലും, ജയം തന്നെയാണ്‌ മനസ്സില്‍. കളിക്കുക, കളിച്ച്‌ ജയിക്കുക എന്നതില്‍ നിന്ന്‌ ജയിക്കുക അതിനുവേണ്ടി കളിക്കുക എന്നതിലേക്ക്‌ മാറിയപ്പോള്‍ ബ്രസീലിയന്‍ ഫുട്ബോള്‍ മരിച്ചില്ലെങ്കിലും തോല്‍ക്കുക എങ്കിലും ചെയ്തു.

പേരുകൊണ്ട്‌ മാത്രം അറിയുന്ന രാജ്യങ്ങള്‍ക്കു വേണ്ടി പോരാടി തളര്‍ന്ന്‌ നമ്മുടെ യൌവനം മയങ്ങുമ്പോള്‍ സ്വന്തം ടീം കളിമറന്നു തോറ്റ്‌ സന്തോഷ്‌ ട്രോഫിയില്‍ നിന്ന്‌ പുറത്തു പോയി. നമുക്ക്‌ ഒന്ന്‌ കരയാന്‍ പോലും കഴിഞ്ഞില്ല. ഈ ആഘോഷത്തിണ്റ്റെയും പോരാട്ടവീറിണ്റ്റെയും നിരാശയുടേയും ഒക്കെ കാരണം ഫുട്ബോളാണെന്നത്‌ ഒരു യാദൃശ്ചികത മാത്രമാണെന്ന്‌ തോന്നുന്നു. ഇതേ വീറ്‌ ഇനി മമ്മൂട്ടിക്കും മോഹന്‍ലാലിനുമായി പകര്‍ന്നു നല്‍കാന്‍ അവര്‍ തയ്യറാകുമായിരിക്കും.

വീടിനടുത്തൊരു ഫുട്ബോള്‍ മൈതാനമുണ്ട്‌. പേര്‌ ചുടലപ്പറമ്പ്‌ മൈതാനം. ഫുട്ബോള്‍ കുരുന്നുകള്‍ മുളച്ചുപൊന്തിയിരുന്ന മൈതാനത്തിനെങ്ങനെ ചുടലപ്പറമ്പെന്ന്‌ പേര്‌ വന്നെന്നത്‌ ഇന്നും ഒരു സമസ്യയാണെനിക്ക്‌. കുറെ നല്ല ഫുട്ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കാന്‍ ആ മൈതാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജെ.സി.ടി ക്കും മഹീന്ദ്രക്കുമൊക്കെ വേണ്ടി കളിച്ചിരുന്ന ഹംസക്കോയ തന്നെ അതില്‍ പ്രധാനി. സമകാലികനും പ്രതിഭയില്‍ ഹംസക്കോയക്കൊപ്പം തന്നെ എത്തുകയും ചെയ്യുമായിരുന്ന ശ്രീധരന്‍ എവിടെയുമെത്തിയില്ല. ഫുട്ബോളില്‍ കലക്കും പ്രതിഭക്കും ഒപ്പമോ അതില്‍ കൂടുതലോ പ്രാധാന്യം ശാരീരികക്ഷമതക്കാണെന്നുള്ള കാര്യം ശ്രീധരന്‍ അറിയാതെപോയി.

ഇടക്കിടെ നടന്നിരുന്ന സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെണ്റ്റുകളില്‍ പുറത്തുനിന്ന്‌ കളിക്കാന്‍ വന്നിരുന്ന ധാരാളം ലോക്കല്‍ ഹീറോകള്‍ ഉണ്ടായിരുന്നു. കറുത്ത്‌, വിരിഞ്ഞ നെഞ്ചില്‍ തൂങ്ങിക്കിടക്കുന്ന സ്റ്റീലിണ്റ്റെ കുരിശുമായി ബാക്ക്‌ ലൈനില്‍ മതില്‍കെട്ടി നിന്നിരുന്ന പാട്രിക്‌. ഓടിക്കൊണ്ടിരിക്കെ ബോളിണ്റ്റെ മുന്നില്‍ കയറി കാലിണ്റ്റെ ഉപ്പൂറ്റികൊണ്ട്‌ പന്ത്‌ കോരി തലക്കുമുകളിലൂടെ മുന്നോട്ടിട്ട്‌ അടിച്ച്‌ ഗോളാക്കിമാറ്റിയ കരിമുദ്ദീന്‍. ഞങ്ങള്‍ക്ക്‌ പെലെയോ ബക്കന്‍ബോവറോ ഒന്നും ആരുമായിരുന്നില്ല, ഈ ലോക്കല്‍ ഹീറോകളുടെ മുന്നില്‍. ലോകകപ്പോ, കോപ്പ അമേരിക്കയോ ഒന്നും ഞങ്ങള്‍ അറിഞ്ഞില്ല. എന്നാല്‍ കോഴിക്കോട്‌ സ്റ്റേഡിയം ഗ്രൌണ്ടില്‍ നാഗ്ജി ട്രോഫി വിടാതെ കണ്ടു. നല്ല സേവ്‌ നടത്തുന്ന ഓരോ ഗോളിയിലും ഞങ്ങള്‍ പീറ്റര്‍ തങ്കരാജിനെ കണ്ടു.

മുതിര്‍ന്ന കളിക്കാര്‍ക്കൊപ്പം ഞങ്ങള്‍ ധാരളം കുട്ടികളും വൈകുന്നേരം കളിക്കാന്‍ കൂടും. രണ്ട്‌ സെവന്‍സ്‌ ഫുട്ബോള്‍ കോര്‍ട്ടിനുള്ള വലിപ്പം മൈതാനത്തിനുണ്ട്‌. തുടക്കത്തില്‍ തുണിയും കടലാസും ചണനൂലും കെട്ടി വരിഞ്ഞു മുറുക്കിയിരുന്ന പന്തുകൊണ്ടായിരുന്നു, കളി. ക്രമേണ ഫുട്ബോളിണ്റ്റെ പൂര്‍ണതയിലേക്ക്‌ ഞങ്ങള്‍ കളിച്ചുകയറി. പഴയമട്ടിലുള്ള, ഉള്ളില്‍ റ്റ്യൂബുള്ള പന്ത്‌. പന്ത്‌ വീട്ടില്‍ സൂക്ഷിക്കാന്‍ കിട്ടുന്ന അവകാശം വയസ്സറിയിച്ചു എന്നതിനുള്ള അംഗീകാരമായിരുന്നു, അന്ന്‌. ആദ്യമായി പന്ത്‌ വീട്ടില്‍ സൂക്ഷിക്കാന്‍ കിട്ടിയ ദിവസം. അഛന്‍ കിടക്കുന്ന കട്ടിലിണ്റ്റെ താഴെയായിരുന്നു, കിടത്തം. അഛനറിയാതെ പന്ത്‌ കട്ടിലിണ്റ്റെ കീഴെ ഒളിപ്പിച്ച്‌ വെച്ച്‌, കിടന്നുറങ്ങി, പന്തിണ്റ്റെ ലഹരി പിടിപ്പിക്കുന്ന മണം ശ്വസിച്ചുകൊണ്ട്‌. ആ മണം ഇന്നും മൂക്കിലുണ്ട്‌. ജബുലാനിക്ക്‌ മണം ഉണ്ടാവുമോ? ഉണ്ടാവുമായിരിക്കും, ആരും അറിയുന്നുണ്ടാവില്ല. സ്വപ്നത്തില്‍ ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ ഇപ്പോഴുമുണ്ടാവുമോ? എത്രയോ തവണ ഉറക്കത്തില്‍ ഫ്രീ കിക്കെടുത്ത്‌ ചുമരില്‍ അടിച്ചുകയറ്റിയിട്ടുണ്ട്‌, വേദനയില്‍ പുളഞ്ഞുണര്‍ന്നിട്ടുണ്ട്‌.

അന്ന്‌ എല്ലാവരും വെറും കാലുകൊണ്ട്‌ കളിച്ചപ്പോള്‍ ബൂട്ടിട്ടുകളിച്ച ഒരാളേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ ഉണ്ണിയേട്ടന്‍ എന്ന്‌ വിളിച്ചിരുന്ന ശിവശങ്കരന്‍ നായര്‍. 'വണ്‍ അറ്റ്‌ എ ടൈം' എന്ന്‌ പറഞ്ഞുകൊണ്ട്‌ മറ്റുകളിക്കാരെ ശകാരിച്ച്‌ ഓടിനടക്കുന്ന ഉണ്ണിയേട്ടണ്റ്റെ രൂപം ഇന്നും മനസ്സിലുണ്ട്‌. നാടകകൃത്തും സംവിധായകനും നടനും ഒക്കെ ആയി സംസ്ഥാന അവാര്‍ഡ്‌ വരെ വാങ്ങിയ ഉണ്ണിയേട്ടന്‍. തണ്റ്റെ നിയന്ത്രണമില്ലാത്ത ജീവിതത്തിണ്റ്റെ ജീവനുള്ള പ്രതീകമായി ഒരു ശ്വാസകോശം നഷ്ടപ്പെട്ട്‌ ദിവസങ്ങള്‍ വലിച്ച്‌ തീര്‍ക്കുന്നു. ലോകകപ്പിണ്റ്റെ ആരവങ്ങള്‍ക്കിടയില്‍ നാട്ടിലെത്തിയപ്പോള്‍ വെറുതെ കാണാന്‍ പോയി. പഴയ ഫുട്ബോള്‍ സ്മരണകള്‍ അയവിറക്കുക എന്ന ഉദ്ദേശത്തോടെ. രണ്ടുതവണ പോയിട്ടും സംസാരിക്കാന്‍ കഴിയാതെ തിരിച്ചുപോന്നു. വലിവ്‌ കാരണം.

ഈ ലോകകപ്പ്‌ നമ്മള്‍ ഓര്‍മ്മിക്കുന്നത്‌ കിരീടം നഷ്ടപ്പെട്ട രാജകുമാരന്‍മാരുടെ പേരിലായിരിക്കും. തണ്റ്റെ പ്രിയപ്പെട്ട കോച്ചിന്‌ സമ്മാനിക്കാന്‍ ഹെലികോപ്റ്റര്‍ വാങ്ങാന്‍ തയ്യാറായ മെസ്സി തന്നെ ആദ്യം. പിന്‍ഗാമിക്ക്‌ ഊരിക്കൊടുക്കാന്‍ തണ്റ്റെ തലയില്‍ ലോകം ചാര്‍ത്തിയ കിരീടവും ചൂടിയായിരുന്നൂ, ആ കോച്ച്‌ വന്നത്‌. പക്ഷേ ഈ ലോകകപ്പിണ്റ്റെ കരുതല്‍കലവറയില്‍ നിറയെ അത്ഭുതങ്ങളായിരുന്നു. മൂന്ന്‌ ലോകകപ്പിലെ അജയ്യ പ്രകടനം കൊണ്ട്‌ പെലെ നേടിയെടുത്ത സിംഹാസനത്തിന്‌ തുല്യമായതൊന്ന്‌ ഒരൊറ്റ ലോകകപ്പുകൊണ്ട്‌ പിടിച്ചെടുത്ത മാറഡൊണ കിട്ടാത്ത പന്തിന്‌ വേണ്ടി കരയുന്ന കുട്ടിയായി.

ഈ മാറഡോണയെപ്പറ്റിയാണ്‌ കഥാകൃത്ത്‌ സുഭാഷ്ചന്ദ്രന്‍ ഇങ്ങനെ എഴുതിയത്‌,

"പൌര്‍ണമിരാവില്‍ വാനിലിതാ നവ
സൌവര്‍ണഗോളം അതില്‍ കാണും മുദ്രണം
മാനല്ല മുയലല്ല മാറഡോണാ നിണ്റ്റെ
പാദുകമേല്‍പ്പിച്ച മണ്‍കളിപ്പാടുകള്‍"

സുഭാഷ്ചന്ദ്രണ്റ്റെ വരികള്‍ സംഗീതം ചെയ്ത്‌ പാടിക്കൊണ്ട്‌ ഷഹബാസ്‌ അമന്‍ ലോകത്തിലെ തന്നെ ആദ്യത്തെ സോക്കര്‍ ഗസലിണ്റ്റെ സ്രഷ്ടാവായി. ഈ ചരിത്ര സംഭവം നടന്നത്‌ കഴിഞ്ഞ ലോകകപ്പിണ്റ്റെ സമയത്ത്‌ മലപ്പുറത്ത്‌ വെച്ച്‌. മാതൃഭൂമി അന്ന്‌ ലോകകപ്പിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശന വേളയിലാണെന്നാണോര്‍മ. പക്ഷേ, ഈ സംഭവം ഏറെപ്പേരൊന്നും കണ്ടതായി നടിച്ചില്ല. അല്ലെങ്കിലും നമ്മള്‍ക്ക്‌ സിനിമാഗാനങ്ങള്‍ക്കപ്പുറം സംഗീതമില്ലല്ലോ. ലോകത്തിണ്റ്റെ ഇങ്ങേയറ്റത്തിരുന്ന്‌ തന്നെക്കുറിച്ച്‌ ഒരു ഗസല്‍ എഴുതിയ കവിയേയും അത്‌ സംഗീതം ചെയ്ത്‌ പാടിയ ഒരു ഗായകനേയും കുറിച്ച്‌ ആ മഹാനായ ഫുട്ബോളര്‍ അറിഞ്ഞിരുന്നെങ്കില്‍....

കിരീടം നഷ്ടപ്പെട്ട രാജകുമാരന്‍മാര്‍ ഏറെയുണ്ടെങ്കിലും പുതിയ താരങ്ങളുടെ ഉദയം കാണാതിരുന്ന ലോകകപ്പ്‌ കൂടിയാണ്‌ കടന്നു പോയത്‌. ഹോളണ്ടിണ്റ്റെ റാബനും സ്പെയിനിണ്റ്റെ വിയയും ഇനിയേസ്റ്റയും എല്ലാം ഒരുരാവിണ്റ്റെ താരങ്ങള്‍ മാത്രം. കുറച്ചെങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌ ഉറുഗേയുടെ ഫോര്‍ലാന്‍ മാത്രം. ആ വെള്ളാരങ്കണ്ണും നീണ്ട മുടിയും മൈതാനം നിറഞ്ഞുള്ള കളിയും ലൂസേര്‍സ്‌ ഫൈനലിലെ ആ ഹെഡറും.

ഉണ്ട്‌, താരങ്ങളില്ലാത്ത ലോകകപ്പില്‍ ഒരു താരം. 'വക്കാ വക്കാ' പാടി, ഒരു പന്തിണ്റ്റെ പിന്നില്‍ പായുന്ന ഇരുപത്‌ പേരെയെന്ന പോലെ, ലോകത്തെ മുഴുവന്‍ തനിക്കു പിന്നില്‍ അണിനിരത്തിയ ഷക്കീറ. പിന്നെ ലോകകപ്പ്‌ തുടങ്ങിയ അന്ന്‌ തുടങ്ങി ഫുട്ബോളിണ്റ്റെ അലയടങ്ങിയിട്ടും ഇപ്പോഴും കാതില്‍ മൂളുന്ന വുവുസേലയും.

Sunday, March 14, 2010

പാടിത്തീരാത്ത പല്ലവി


'I am the Hitler of my cinema.'- John Abraham

അന്ന്‌ ദേവരാജന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്ന്‌ തിരിച്ചുപോരുമ്പോള്‍ ഉള്ളില്‍ മുഴങ്ങിയത്‌ ജോണ്‍ അബ്രഹാമിണ്റ്റെ ഈ വാക്കുകളായിരുന്നു. സ്വന്തം കഴിവിലുള്ള തികഞ്ഞ ആത്മവിശ്വാസം മാത്രമായിരുന്നിരിക്കില്ല ജോണിണ്റ്റെ ഈ വെളിപ്പെടുത്തലിന്‌ പിന്നില്‍. സിനിമയുടെ സ്രഷ്ടാവ്‌ സംവിധായകനാണെന്നുള്ള തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്‌.

അന്ന്‌ ദേവരാജന്‍ മാഷ്‌ പറഞ്ഞത്‌ കൃത്യമായും അത്‌ തന്നെയാണ്‌. "എണ്റ്റെ പാട്ട്‌ എണ്റ്റേതാണ്‌. അത്‌ ഇത്തിരിപോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ ഞാന്‍ സമ്മതിക്കില്ല. അത്‌ ശരിയാണെങ്കിലും അതില്‍ തെറ്റുണ്ടെങ്കിലും എണ്റ്റേതാണ്‌. അത്‌ നന്നായാലും മോശമായാലും അതിണ്റ്റെ ഉത്തരവാദിത്തവും എനിക്കാണ്‌." ഗാനങ്ങളുടെ സൃഷ്ടാവ്‌ സംഗീതസംവിധായകന്‍ തന്നെയാണെന്ന്‌ ഊന്നിപ്പറയുകയായിരുന്ന്‌, മാഷ്‌. നമുക്ക്‌ പാട്ടുകള്‍ യേശുദാസിണ്റ്റേതും ജയചന്ദണ്റ്റേയും ജാനകിയുടേതും ഒക്കെ ആയിരുന്നു, അടുത്ത കാലം വരെ. പാട്ടുകള്‍ക്ക്‌ ജന്‍മം നല്‍കിയ തങ്ങളെ ഓര്‍ക്കാന്‍, അംഗീകരിക്കാന്‍ തയ്യാറാകാത്ത കേള്‍വിക്കാര്‍ക്ക്‌ നേരെ ഉന്നം വെച്ച ഒരു ഏറുപടക്കം ആയിരുന്നു, ആ വാക്കുകള്‍ എന്നെനിക്ക്‌ തോന്നി.

പത്മശ്രീ അവാര്‍ഡ്‌ മാഷ്ക്ക്‌ കൊടുക്കാന്‍ ആലോചനയുണ്ടെന്ന്‌ പറഞ്ഞെത്തിയ സര്‍ക്കാര്‍ പ്രതിനിധികളോട്‌ അദ്ദേഹം പറഞ്ഞത്രെ, 'കണ്ട അണ്ടനും അടകോടനും ഗുസ്തിക്കാരനും കൊടുത്ത പത്മശ്രീ എനിക്ക്‌ വേണ്ട' എന്ന്‌. യേശുദാസിനും ചിത്രയ്ക്കുമൊക്കെ നമ്മള്‍ പത്മങ്ങള്‍ കൊടുത്തു. അവരെ അതിനര്‍ഹരാക്കിയ ഗാനങ്ങള്‍ സൃഷ്ടിച്ച ദേവരാജന്‍ മാഷോ ബാബുരാജോ രാഘവന്‍ മാഷോ ഒന്നും അതിനര്‍ഹരാണെന്ന്‌ ഈ അടുത്ത കാലം വരെ ആര്‍ക്കും തോന്നിയിട്ടില്ല. (വളരെ വൈകിയാണെങ്കിലും രാഘവന്‍ മാഷെ തേടി പത്മ അവാര്‍ഡെത്തി എന്നത്‌ സന്തോഷം തരുന്ന കാര്യം തന്നെ.) ഇത്‌ സംബന്ധിച്ച എണ്റ്റെ ചോദ്യം കേട്ട്‌ മാഷ്‌ കോപിക്കാനും ഉള്ളിലുള്ള അമര്‍ഷം കാരണമായിരുന്നിരിക്കണം. സംഗീത സംവിധായകനെന്ന ഗാനങ്ങളുടെ സൃഷ്ടികര്‍ത്താവ്‌ ഗായകണ്റ്റേയോ ഗായികയുടെയോ താഴെ വരുന്ന ഒരു പേര്‌ എന്ന നിലയില്‍ നിന്നും മാറി വൈകിയെങ്കിലും സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുന്നത്‌ സ്വാഗതാര്‍ഹമായയ മാറ്റം തന്നെ.

എണ്റ്റെ സുഹൃത്തായ ഗായകന്‍ കോട്ടക്കല്‍ ചന്ദ്രശേഖരന്‌ മാഷുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ അവണ്റ്റെ കൂടെയാണ്‌ മാഷെ കാണാന്‍ പോയത്‌. ചാടിക്കയറി ഒന്നും പറയരുതെന്നും ബഹുമാനത്തോടെയും ഭവ്യതയോടെയും പെരുമാറണമെന്നും അവന്‍ പറഞ്ഞുതന്നിരുന്നു. പരുക്കന്‍ പ്രകൃതക്കാരനായ മാഷില്‍ നിന്നും സൌഹൃദവും സമഭാവനയും ഒന്നും പ്രതീക്ഷിക്കരുതെന്നും. എണ്റ്റെ ചില അഭിപ്രായങ്ങളില്‍ ദേഷ്യം വന്ന്‌ ചീത്ത പറഞ്ഞപ്പോഴും ചിരിച്ചുകൊണ്ടിരിക്കാന്‍ കഴിഞ്ഞതും ഈ മുന്‍കൂറ്‍ സൂചനകള്‍ കാരണമായിരുന്നു. മലയാളസിനിമാസംഗീത രംഗത്തെ കാരണവരെ കാണാന്‍ ഒരു സംഗീത പ്രേമിയുടെ ആഗ്രഹം മാത്രമായിരുന്നു, ആ സന്ദര്‍ശനത്തിന്‌ പിന്നില്‍. എന്നാല്‍ മൂന്നു മണിക്കൂറോളം നീണ്ടുപോയ സംസാരം തികച്ചും അവിസ്മരണീയമായ ഒന്നായി മാറി എനിക്ക്‌.

സംസാരത്തിനിടയില്‍ മാഷ്‌ പലതും പറഞ്ഞു. അര്‍ഥമില്ലാത്തതോ വിരുദ്ധാര്‍ഥങ്ങള്‍ ഉള്ളതോ ആയ വരികളെഴുതിയ ഗാനരചയിതാക്കളെക്കുറിച്ച്‌. അറിയാവുന്ന കുറച്ചു രാഗങ്ങള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ച്‌ ഗാനങ്ങള്‍ തീര്‍ത്ത സംഗീതസംവിധായകരെപ്പറ്റി. സൂക്ഷ്മ സ്വരസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനും പാടി ഫലിപ്പിക്കാനും കഴിയാത്ത ഗായകരെപ്പറ്റി. ആ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നു, കാര്യകാരണസഹിതമായിരുന്നു. ഒപ്പം നിശിതവും.

ഈ വ്യക്തത നല്ലതെന്ന്‌ ബോദ്ധ്യമുള്ള കാര്യങ്ങളെക്കുറിച്ചും മാഷ്‌ പുലര്‍ത്തി. സമകാലികനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ താളബോധത്തെപ്പറ്റി മാഷ്‌ പറഞ്ഞത്‌ ആണിയടിച്ചതുപോലുള്ള താളമെന്നാണ്‌. ഗായകരില്‍ യേശുദാസിണ്റ്റെ സ്ഥാനം മറ്റുള്ളവരേക്കാള്‍ നാലഞ്ചുപടി ഉയരത്തിലെന്ന്‌ അദ്ദേഹം. അര്‍ഥഭംഗം ഇല്ലാതെ എന്നും ഗാനങ്ങളെഴുതിയ ഒരേയൊരു കവി വയലാര്‍ മാത്രമാണെന്നും. വയലാറിന്‌ ആ മനസ്സില്‍ മറ്റാര്‍ക്കുമില്ലാത്ത സ്ഥാനമുണ്ടായിരുന്നു.

നല്ലതിനെ കൊള്ളാനും നിലവാരമില്ലാത്തതിനെ തള്ളാനുമുള്ള തണ്റ്റേടം സ്വന്തം കാര്യത്തിലും അദ്ദേഹം പുലര്‍ത്തി. സിനിമയില്‍ വരുന്നതിന്‌ മുമ്പ്‌ ധാരാളം സംഗീതക്കച്ചേരികള്‍ നടത്തിയ സംഗീതകാരനായിട്ടും സിനിമയില്‍ വളരെ കുറച്ചുമാത്രം പാടിയതെന്തേ എന്ന എണ്റ്റെ ചോദ്യത്തിന്‌ മഷുടെ മറുപടി അശേഷം ശങ്കയില്ലാത്തതായിരുന്നു. "എന്നേക്കാള്‍ നന്നായി പാടാന്‍ കഴിയുന്നവരുണ്ടായിരുന്നത്‌ കൊണ്ട്‌. "

അദ്ദേഹം മറ്റു കലാകരന്‍മാരില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു. കണക്കിണ്റ്റെ കണിശത എല്ലാ കാര്യത്തിലും കാണിച്ച സംഗീതകാരന്‍. താന്‍ സൃഷ്ടിച്ച പാട്ടുകളുടെയെല്ലാം രാഗങ്ങളും സ്വരസ്ഥാനങ്ങളും കൃത്യമായി കുറിച്ചുവെക്കാന്‍ ശ്രദ്ധ വെച്ച എത്ര സംഗീതകാരന്‍മാര്‍ നമുക്കുണ്ട്‌? താന്‍ ചിട്ടപെടുത്തിയ ഗാനങ്ങളുടെ വരികള്‍ എഴുതിയ എല്ല ഗാനരചയിതാക്കളുടേയും പേരുകള്‍ അദ്ദേഹം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ഇതില്‍ ൧൩൨ ചിത്രങ്ങള്‍ക്കു വേണ്ടി പാട്ടുകളെഴുതിയ വയലാറിനൊടൊപ്പം ഒരൊറ്റ സിനിമയില്‍ മാത്രം പാട്ടെഴുതിയ തകഴി ശങ്കരനാരായണന്‍ വരെയുണ്ട്‌. ഇതുപോലെ താന്‍ ചെയ്ത പാട്ടുകള്‍ക്ക്‌ ശബ്ദം നല്‍കിയ എല്ലാ ഗായകരേയും അദ്ദേഹം വിട്ടുപോവാതെ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ അദ്ദേഹത്തിണ്റ്റെ നൂറുകണക്കിന്‌ ഗാനങ്ങള്‍ക്ക്‌ തണ്റ്റെ സ്നിഗ്ദമധുര ശബ്ദത്തിലൂടെ ജീവന്‍ നല്‍കിയ യേശുദാസിനോടൊപ്പം കോട്ടക്കല്‍ ചന്ദ്രശേഖരനുമുണ്ട്‌. എന്നും അദ്ദേഹത്തിണ്റ്റെ ഇഷ്ടഗായികയായിരുന്ന പി. സുശീലയോടൊപ്പം ചില ചടങ്ങുകളില്‍ അദ്ദേഹത്തിണ്റ്റെ ഗാനങ്ങള്‍ ആലപിച്ച അപര്‍ണ രാജീവിണ്റ്റേയും പേരുണ്ട്‌. അതായിരുന്നു, ദേവരാജന്‍ മാസ്റ്റര്‍.

മുന്നൂറ്റമ്പതിലധികം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സംഗീത സംവിധാനം എന്ന പോലെ ഏറ്റവും കൂടുതല്‍ രാഗങ്ങളും അദ്ദേഹം തണ്റ്റെ ഗാനങ്ങള്‍ക്കായി ഉപയോഗിച്ചു. തൊണ്ണൂറില്‍ കൂടുതല്‍ രാഗങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ചെയ്തതായി പെരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച ദേവരാജന്‍ മാഷുടെ ജീവിതകഥ 'ജി. ദേവരാജന്‍ സംഗീതത്തിണ്റ്റെ രാജശില്‍പി' എന്ന പുസ്തകത്തില്‍ പറയുന്നു. നൂറ്റമ്പതോളം ഗായകരും അദ്ദേഹത്തിനു വേണ്ടി പാടിയതായി പുസ്തകം പറയുന്നു. എന്നാല്‍ പല്ലവിയും ചരണവും വ്യത്യസ്ഥമായി ചെയ്ത ഗാനങ്ങള്‍ വളരെ കുറച്ചു മാത്രമാണ്‌. മാഷുടെ കണിശമായ കണക്കുകൂട്ടലുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ഒരു കുസൃതിചോദ്യം ഇതെഴുതുമ്പോള്‍ ഉള്ളിലെത്തുന്നു.

ആ ദിവസം മാഷ്‌ ഏറെ നേരം സംസാരിച്ചത്‌ തണ്റ്റെ മാനസ പദ്ധതിയായ ഷഡ്കാല പല്ലവിയെക്കുറിച്ചായിരുന്നു. കര്‍ന്നാടക സംഗീതത്തിലെ ഈ രീതിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കുന്നത്‌ ഷഡ്കാല ഗോവിന്ദമാരാരുടെ പേരിനോട്‌ ചേര്‍ത്താണ്‌.

'ചന്ദന ചര്‍ച്ചിത നീലകളേബര
പീത വസന വനമാലീ'

എന്നു തുടങ്ങുന്ന അഷ്ടപതി ഗാനം ഗോവിന്ദ മാരാര്‍ ആറുകാലങ്ങളില്‍ പാടി ത്യാഗരാജ സ്വാമികളെ അതിശയിപ്പിച്ചത്രേ. അങ്ങനെയാണ്‌ ഗോവിന്ദമാരാര്‍ ഷഡ്കാല ഗോവിന്ദമാരാര്‍ ആയതെന്ന്‌ പറയപ്പെടുന്നു.

ആറുകാലങ്ങളില്‍ പാടാന്‍ കണക്കും സംഗീതവും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന മസ്തിഷ്കവൌം അത്‌ വ്യക്തതയോടെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കണ്ഠവും വേണം. മാഷ്‌ തണ്റ്റെ ഷഡ്കാല പല്ലവികള്‍ പാടാന്‍ തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ച യുവഗായകന്‍ ശ്രീ കൃഷ്ണകുമാര്‍ പറയുന്നു, "ആറ്‌ കാലങ്ങളില്‍ പാടാന്‍ അതിമാനുഷികത മനസ്സിലും മസ്തിഷ്കത്തിലും ഉള്ള ഒരാള്‍ക്കേ സാധിക്കൂ. അത്‌ സാധിക്കാനായാല്‍ അനുഭവിക്കുന്നത്‌ ശാശ്വതമായ നിര്‍വൃതിയാണ്‌. അദ്ദേഹത്തിണ്റ്റെ ചില പല്ലവികള്‍ ആറുകാലങ്ങളില്‍ പാടിയപ്പോള്‍ ആ പരമാനന്ദം ഞാന്‍ അനുഭവിച്ചു. "

പല്ലവി, അനുപല്ലവി, ചരണം ഇവ മൂന്നും അടങ്ങിയതാണ്‌ കര്‍ന്നാടക സംഗീതത്തിലെ ഒരു കൃതി. ഇതിനുപകരം പല്ലവി മാത്രം രാഗവിസ്താരത്തിലും താളരൂപത്തിലും സാഹിത്യത്തിലും പാടുന്ന രീതിയാണ്‌ രാഗം താനം പല്ലവി. ഒരു പല്ലവി അത്‌ വേറെ വാഗേയകാരുടെ സൃഷ്ടിയോ സ്വന്തം സൃഷ്ടിയോ ആവാം. നിശ്ചിത രാഗത്തിണ്റ്റേയും താളത്തിണ്റ്റേയും പരിധിക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട്‌ സ്വന്തം ഇഷ്ടപ്രകാരം പാടുകയാണ്‌ സംഗീതകാരന്‍ ചെയ്യുന്നത്‌. ഇതിന്‌ മറ്റു കൃതികളെപ്പോലെ നിശ്ചിത ചട്ടക്കൂടില്ല, നിയമങ്ങളില്ല. രാഗത്തിലുള്ള തികഞ്ഞ പരിജ്ഞാനം, അസാമാന്യ താളബോധം ഒക്കെ ഉള്ള ഒരു ഗായകനേ ഇത്‌ സാധ്യമാവൂ. സ്വന്തം മനോധര്‍മം അനുസരിച്ച്‌ പാടുമ്പോള്‍ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കാനും വേണ്ടിവരുമ്പോള്‍ അവയെ ഭേദിക്കാനും ആതിരുകളെക്കുറിച്ചുള്ള അറിവ്‌ മാത്രം പോരാ, പാടുമ്പോള്‍ ആ നിരന്തര ബോധവും വേണം.

രാഗം താനം പല്ലവി യുടെ ആസ്വാദനത്തിനും രാഗതാളങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവ്‌ അനിവാര്യമാണ്‌. കര്‍ണ്ണാടക സംഗീതം കൂടുതല്‍ കൂടുതല്‍ ജനകീയമായപ്പോള്‍ രാഗം താനം പല്ലവി പോലുള്ള പാണ്ഡിത്യപ്രകടനം ഒഴിവാക്കി നിശ്ചിത കൃതികളും കീര്‍ത്തനങ്ങളും പാടുന്ന രീതി പ്രചാരത്തിലായി. പണ്ഡിതനായ ഒരു സംഗീതകാരന്‍ പാടുകയും പണ്ഡിതന്‍മാരുടെ ഒരു കൂട്ടം ആസ്വദിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന്‌ കച്ചേരികള്‍ മാറിയിരിക്കുന്നു. കേള്‍വിക്കാരെ മുഷിപ്പിക്കാന്‍ സംഗീതകാരനോ ഒരേ പല്ലവിയുടെ നിരന്തരമായ ആലാപനം കേട്ട്‌ മുഷിയാന്‍ കേള്‍വിക്കാരോ ഇന്ന്‌ തയ്യാറല്ല. രാഗം താനം പല്ലവി ഇക്കാലത്ത്‌ കച്ചേരികളില്‍ കേള്‍ക്കാത്തതിണ്റ്റെ കാരണവും മറ്റൊന്നാവാന്‍ വഴിയില്ല. ഒരു പല്ലവി ആറുകാലങ്ങളില്‍ പാടിയാല്‍ ഇന്നത്തെ ഫാസ്റ്റ്ഫോര്‍വേര്‍ഡ്‌ കാലത്ത്‌ കേള്‍വിക്കാരെ കിട്ടാതെ വരികയാവും ഫലം. രാഗം താനം പല്ലവി തന്നെ അന്യം നിന്നുപോയ കാലാത്ത്‌ ഷഡ്കാല പല്ലവി കേള്‍ക്കാന്‍ കഴിയാത്തതില്‍ അത്ഭുതത്തിന്‌ സാദ്ധ്യതയില്ല.

കുറച്ചുകാലമായി സിനിമാസംബന്ധിയായ തിരക്കുകള്‍ ഇല്ലാതിരുന്ന ദേവരാജന്‍ മാഷ്‌ സാംബമൂര്‍ത്തിയുടെ കര്‍ണ്ണാടക സംഗീതസംബന്ധിയായ ഒരു ഗ്രന്ഥത്തില്‍ നിന്ന്‌ കിട്ടിയ സൂചനകളിലൂടെ ഷഡ്കാല പല്ലവിയിലെത്തികയായിരുന്നു. ഗോവിന്ദമാരാര്‍ ആറുകാലങ്ങളില്‍ പാടിയിരുന്നെങ്കില്‍ അത്‌ എങ്ങനെയായിരുന്നിരിക്കണം എന്ന്‌ അദ്ദേഹം ആലോചിച്ചു. ഇന്നതെ കാലത്ത്‌ ഷഡ്കാല പല്ലവി പാടാന്‍ എന്തുമാര്‍ഗം എന്നതിലേക്ക്‌ ആലോചന വളര്‍ന്നതിണ്റ്റെ ഫലമാണ്‌ അദ്ദേഹത്തിണ്റ്റെ ഷഡ്കാല പല്ലവികള്‍. ഇതിനായി ഇരുന്നൂറ്റി അമ്പതോളം പല്ലവികള്‍ വിവിധ രാഗങ്ങളിലും താളങ്ങളിലുമായി അദ്ദേഹം എഴുതി. അവയുടെ സ്വരസംഹിതകളും പാടേണ്ട രീതികളും രേഖപ്പെടുത്തി. ഇവയെല്ലാം കര്‍ണ്ണാടക സംഗീതത്തിലെ അത്യപൂര്‍വ രാഗങ്ങളിലും താളങ്ങളിലും ആണെന്നത്‌ ഈ വിഷയത്തിലെ അദ്ദേഹത്തിണ്റ്റെ അവഗാഹത്തിണ്റ്റെ സാക്ഷ്യമാവുന്നു. ഈ പല്ലവികളും ആവശ്യമായ സൂചകങ്ങളും താന്‍ എഴുതിക്കൊണ്ടിരിക്കുന്ന 'സംഗീത ശാസ്ത്ര നവസുധ' എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്താനായിരുന്ന്‌, അദ്ദേഹത്തിണ്റ്റെ ആഗ്രഹം.

"പ്രപഞ്ചോത്ഭവ കാരണ മയൂഖമേ
പ്രകാശഗംഗാ മഹാ പ്രവാഹമേ
ഇജ്ജീവന്‌ നന്ദി. "

ആറ്‌ കാലങ്ങളില്‍ പാടാനായി അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ ഒരു പല്ലവിയാണിത്‌. 'രാഗവിനോദിനി' എന്ന രാഗത്തില്‍ 'സങ്കീര്‍ണ ജാതി അട താളത്തിലാണ്‌ ഈ പല്ലവി ചെയ്തിരിക്കുന്നത്‌. ശുദ്ധ നാസ്തികനെങ്കിലും പ്രപഞ്ച ശക്തിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിണ്റ്റെ തത്വശാസ്ത്രത്തിണ്റ്റെ കൂടി പ്രകാശനമാണ്‌ ഈ പല്ലവി. മാഷിണ്റ്റെ നാസ്തികതക്ക്‌ ഒരിക്കലും സൈദ്ധാന്തികമായ ജാഢകളില്ലായിരുന്നു. "ഈശ്വരനെ ഞാന്‍ കണ്ടിട്ടില്ല. കണ്ടവരാരേയും അതും കണ്ടിട്ടില്ല. പിന്നെ ഞാനെന്തിന്‌ വിശ്വസിക്കണം." ഇതായിരുന്നു, അദ്ദേഹത്തിണ്റ്റെ വാദം. അവിശ്വാസിയായ താന്‍ ചെയ്ത 'ഹരിവരാസനം...' എന്ന പാട്ടാണ്‌ ശബരിമലയില്‍ എന്നും മുഴങ്ങുന്നത്‌ എന്ന്‌ ഒട്ടൊരു കളിയാക്കലോടെ മാഷ്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌.

അങ്ങേയറ്റം വിഷമകരമായ ഷഡ്കാല പല്ലവികള്‍ പാടാന്‍ അദ്ദേഹം തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ചത്‌ യുവസംഗീതകാരനായ ശ്രീ. കൃഷ്ണകുമാറിനെയാണ്‌. ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ്‌ കൃഷ്ണകുമാര്‍ സംഗീതം പഠിക്കാന്‍ യൂനിവേഴ്സിറ്റിയിലെത്തുന്നത്‌. കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന്‌ സംഗീതത്തില്‍ ഒന്നം ക്ളാസും ഒന്നാം റാങ്കും നേടി ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇപ്പോല്‍ കൃഷ്ണകുമാര്‍ ഡോ. ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതപഠനം തുടരുന്നു. കണക്കും സംഗീതവും പരസ്പരപൂരകങ്ങളായി നില്‍ക്കുന്ന ധിഷണ കൃഷ്ണകുമാറിനെ ഷഡ്കാല പല്ലവി പാടാന്‍ ഏറെ സഹായിക്കുന്നുണ്ടാവണം. ഷഡ്കാല പല്ലവിയെക്കുറിച്ച്‌ കൃഷ്ണകുമാര്‍ പറഞ്ഞത്‌ 'ധീരമായ സംരംഭം' എന്നാണ്‌. കര്‍ണ്ണാടക സംഗീതത്തിലെ ഇന്നതെ അതികായന്‍മാരൊന്നും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഒരു കാര്യം ചെയ്യാന്‍ നമ്മുടെ സ്വന്തം ദേവരാജന്‍ മാസ്റ്റര്‍ തയ്യാറായി എന്നത്‌ മലിയാളികള്‍ക്കെല്ലാം അഭിമാനത്തിന്‌ വക നല്‍കുന്നു. ജീവിത കാലം മുഴുവന്‍ സിനിമാ ഗാനങ്ങള്‍ തീര്‍ത്ത ദേവരാജന്‍ മാസ്റ്റര്‍ കര്‍ണ്ണാടക സംഗീതത്തില്‍ നടത്തിയ ഈ പരീക്ഷണം സിനിമാഗാങ്ങളേയും സംഗീതകാരന്‍മാരേയും പുഛത്തോടെ നോക്കുന്ന പണ്ഡിതവര്യന്‍മാര്‍ക്കുള്ള ഒരു മറുപടി കൂടിയാണ്‌.

ഏറെക്കാലമായി ശാരീരികാസ്വസ്ഥ്യങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നു, മാഷ്‌. എണ്റ്റെ കയ്യിലുണ്ടായിരുന്ന അദ്ദേഹത്തിണ്റ്റെ ജീവിതകഥയുടെ കോപ്പിയില്‍ ഒപ്പിടാന്‍ കൂടി വയ്യായിരുന്നു. കൈകള്‍ വരുതിയില്‍ നില്‍ക്കുമ്പോള്‍ ഒപ്പിട്ടുവെച്ചേക്കാം എന്ന്‌ പറഞ്ഞതനുസരിച്ച്‌ പുസ്തകം ഏല്‍പ്പിച്ച്‌ തിരിച്ചുപോരുകയായിരുന്നു ഞങ്ങള്‍. സ്വന്തം നിയന്ത്രണത്തില്‍ വരാത്ത അവയവങ്ങളുമായി കഴിയുമ്പോഴും ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒരു തപസ്യ പോലെ ഏറ്റെടുക്കാനും അതിനായി സ്വയം സമര്‍പ്പിക്കാനും പ്രതിബദ്ധത മാത്രം പോര, അസാമാന്യമായ മന:സ്ഥൈര്യം കൂടി വേണം. ആ പരുക്കന്‍ മനുഷ്യണ്റ്റെ ഉള്ളിലെ വജ്രതുല്യമായ ആത്മധൈര്യത്തിനുമുമ്പില്‍ ഞങ്ങള്‍ മനസ്സാ നമിച്ചു. ആ സംരംഭം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്‌ കഴിയട്ടേ എന്ന്‌ മനസ്സാ അര്‍ത്ഥിച്ചു.

എന്നാല്‍ അദ്ദെഹം വിശ്വാസം അര്‍പ്പിച്ച പ്രപഞ്ചശക്തി അദ്ദേഹത്തെപ്പോലെത്തന്നെ കണിശക്കാരനായിരുന്നെന്ന്‌ ൨൦൦൬ മാര്‍ച്ച്‌ ൧൪ന്‌ നമ്മള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. തിരഞ്ഞെടുക്കാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും മാഷ്‌ തണ്റ്റെ ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ സമയം ചോദിക്കുമായിരുന്നു. ഇനി അദ്ദേഹത്തിണ്റ്റെ മാനസ പദ്ധതിയുടെ ഭാവി എന്താവുമെന്നുള്ള എണ്റ്റെ ചോദ്യത്തിന്‌ കൃഷ്ണകുമാര്‍ "അദ്ദേഹം ഒരു മൂന്നു വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍..." എന്ന്‌ അര്‍ദ്ധോക്തിയില്‍ നിര്‍ത്തുകയായിരുന്നു.

അദ്ദേഹത്തിണ്റ്റെ പ്രയത്നം വെറുതെ ആവില്ലെന്നും ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ സംഗീതപ്രേമികളാരെങ്കിലും മുന്നോട്ട്‌ വരുമെന്നും പ്രത്യാശിക്കാം എന്നും അദ്ദേഹം പറഞ്ഞു. മാഷ്‌ നമ്മെ വിട്ട്‌ പോയി നാല്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ പ്രത്യാശ അതുപോലെ തന്നെ നില്‍ക്കുന്നു. ജീവിതം മുറിഞ്ഞുപോയെങ്കിലും ആ പല്ലവികള്‍ പാടിത്തീരുമെന്ന്‌ തന്നെ നമുക്കും ആശിക്കാം.

Thursday, March 4, 2010

സമാന്തരങ്ങള്‍

അങ്ങനെ ശിവരാമനും സി.പി.എം വിട്ടു. അബ്ദുള്ളക്കുട്ടിയും കെ.എസ്‌.മനോജും അതിനൊക്കെ വളരെ മുമ്പെ ആഞ്ചലോസും തിരഞ്ഞെടുത്ത അതേ വഴി തന്നെ ശിവരാമനും. വ്യത്യാസം ഇത്രമാത്രം. വലിയേട്ടനോട്‌ പിണങ്ങി ആഞ്ചലോസ്‌ എത്തിച്ചേര്‍ന്നത്‌ അനുജണ്റ്റെ വീട്ടിലായിരുന്നു. വലിയ കമ്യൂണിസ്റ്റ്‌ കുടുംബം വിട്ട്‌ അയല്‍ക്കാരണ്റ്റെ വലിയവീട്ടില്‍ കുടിയേറിയില്ല. അത്രയും തിരിച്ചറിവ്‌ അദ്ദേഹം കാണിച്ചു.

ഓര്‍ക്കുന്നില്ലേ സ. ശിവരാമനെ. തണ്റ്റെ ഓലക്കുടിലിനുമുമ്പില്‍ എണ്ണമയമാര്‍ന്ന മുടി പറ്റിച്ചുചീകിവെച്ച്‌ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ ചിത്രം എങ്ങനെ മറക്കാന്‍? കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കാലം കൊണ്ടാടി ആ ചിത്രം. ഉറച്ച കമ്യൂണിസ്റ്റ്‌ വിരുദ്ധര്‍പോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു. ചില പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതിയോ എന്ന്‌ സംശയം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ രോമാഞ്ചമുണ്ടായി. മൊത്തം നാട്ടുകാരിലേക്ക്‌ പകര്‍ന്ന ആ രോമാഞ്ചം വോട്ടുകളായി മാറി. ശിവരാമന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ ധൈര്യം തുടങ്ങിയത്‌ ടി.ജെ. ആഞ്ചലോസിലാണ്‌. വെറുമൊരു മുക്കുവക്കുടിലില്‍ നിന്ന്‌ വന്ന ആഞ്ചലോസിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട്‌ തുടങ്ങിയ പരീക്ഷണം വിജയകരമായി തുടരുകയായിരുന്നു, ഒറ്റപ്പാലത്ത്‌. അതും വമ്പിച്ച വിജയമായി. തുടര്‍ന്ന്‌ കണ്ണൂരില്‍, ഒടുവില്‍ ആലപ്പുഴയില്‍ വീണ്ടും ഡൊ. കെ. എസ്‌. മനോജിലൂടെ. കെ. എസ്‌. മനോജിണ്റ്റെ കാര്യത്തില്‍ ഒരു പ്രധാന വ്യത്യാസമുണ്ടായിരുന്നു. മുന്‍ചൊന്ന മറ്റുള്ളവരെപ്പോലെ സമൂഹത്തിണ്റ്റെ കീഴ്തട്ടില്‍ നിന്ന്‌ വന്നയാളായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനെ പരീക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറായതിന്‌ പിന്നില്‍ കാരണങ്ങള്‍ വേറെയായിരുന്നു. ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്‌ ഇവരില്‍ ആദ്യത്തെ മൂന്നുപേരുടെ കാര്യം മാത്രമാണ്‌.

എന്തുകൊണ്ടാണ്‌ ആഞ്ചലോസില്‍തുടങ്ങി ശിവരാമനിലൂടെ അബ്ദുള്ളക്കുട്ടിയിലെത്തിയ ഈ പരീക്ഷണം ഇത്ര പ്രസക്തമായത്‌. ഇവരെപ്പോലെയോ ഇവരില്‍ കൂടുതലായോ ലളിതമായ പശ്ചാത്തലത്തില്‍ നിന്ന്‌ വന്ന നേതാക്കന്‍മാര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലുണ്ടായിരുന്നില്ലേ? ധാരാളം പേര്‍ അങ്ങനെയുണ്ടായിരുന്നു, എന്നല്ല ഏറെപ്പേരും അങ്ങനെയുള്ളവരായിരുന്നു. പിന്നീടാണ്‌ മധ്യവര്‍ഗത്തില്‍ നിന്ന്‌ വന്ന നേതാക്കള്‍ ഭൂരിപക്ഷമായിത്തുടങ്ങിയത്‌. അധ്യാപകരംഗത്തുനിന്ന്‌ വന്നവരും വക്കീലന്‍മാരും എന്‍.ജി.ഓ യൂണിയനില്‍ നിന്ന്‌ വന്നവരും ഒക്കെയാണ്‌ പിന്നീട്‌ എം.എല്‍.എ മാരും എം.പി. മാരും ഒക്കെ ആയിവന്നത്‌. എസ്‌.എഫ്‌.ഐ യില്‍ നിന്നും ഡി.വൈ.എഫ്‌.ഐയില്‍ നിന്ന്‌ നേരിട്ട്‌ പാര്‍ലിമെണ്റ്റിലും നിയമസഭയിലും എത്തിയവരുടെയും സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം താരതമ്യേന ഉയര്‍ന്നതായിരുന്നു. ഈ അവസ്ഥയിലാണ്‌ മേല്‍പറഞ്ഞ സ്ഥാനാര്‍ത്ഥിത്വം പ്രാധാന്യം അര്‍ഹിക്കുന്നത്‌.

ഈ മൂന്നുപേരും പാര്‍ട്ടിയിലോ പോഷകസംഘടനകളിലോ ഉന്നതസ്ഥാനങ്ങളില്‍ ഏറെക്കാലം ഇരുന്നിട്ടില്ല, സ്ഥാനാര്‍ഥിത്വത്തിന്‌ മുമ്പ്‌. എന്ന്‌ പറഞ്ഞാല്‍ ഇവരെ മൂന്നുപേരേയും പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ കണ്ടെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ മാത്രം. അതില്‍ പാര്‍ട്ടി വിജയം കാണുകയും ചെയ്തു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംഘടനാ സ്വഭാവവും അധികാര ശ്രേണിയും അറിയുന്നവര്‍ക്കറിയാം അവിടെ പാര്‍ട്ടി നേതാക്കള്‍ക്കാണ്‌ പരമമായ അധികാരം. എം.പി. സ്ഥാനവും എം.എല്‍.എ സ്ഥാനവും പാര്‍ട്ടി നല്‍കുന്ന ജോലി മാത്രം.ഇന്നലെ എം.പി. ആയിരുന്നിരിക്കാം, പക്ഷെ ഇനി കര്‍ഷകത്തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കണം എന്ന്‌ പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന്‌ എതിര്‍വായില്ല. പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗമാണെന്ന്‌, അത്‌ മാത്രമാണെന്ന്‌ രേഖയിലെങ്കിലും ഇപ്പോഴും പറയുന്ന പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഇത്‌ ശരിയുമാണ്‌.

ഒരു സുപ്രഭാതത്തില്‍ അധികാരത്തിണ്റ്റെ കൊത്തളങ്ങളില്‍ ചെന്ന്‌ വീണ ഈ പുത്തന്‍കൂറ്റുകാര്‍ അതില്‍ സ്വല്‍പം മതിമറന്നോ? അങ്ങനെ തോന്നാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്‌. ഇതില്‍ അബ്ദുള്ളക്കുട്ടിയുടേയും ശിവരാമണ്റ്റേയും കാര്യം പ്രത്യേകം കാണുകതന്നെ വേണം. രണ്ടുപേരും 'വര്‍ഗവഞ്ചന' നടത്തി ശത്രുക്കളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്നുള്ളതുകൊണ്ടുതന്നെ. എം.പി. സ്ഥാനം വഹിക്കുന്ന തങ്ങള്‍ക്ക്‌ വേണ്ടത്ര പരിഗണന പാര്‍ട്ടി തന്നില്ല എന്ന പരാതി ഇരുവര്‍ക്കും ഉണ്ടായിരുന്നു എന്ന്‌ വ്യക്തം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അബ്ദുള്ളക്കുട്ടിയുടെ ദീര്‍ഘമായ അഭിമുഖത്തില്‍ അങ്ങനെ തോന്നിപ്പിക്കാന്‍ ധാരാളം സൂചനകളുണ്ട്‌. ശിവരാമണ്റ്റേതായി വന്ന ചില പ്രസ്താവനകളും അങ്ങനെ സൂചിപ്പിക്കുന്നു.

കണ്ണൂരില്‍ സ്ഥിരമായി ജയിച്ചുവന്നിരുന്ന മുല്ലപ്പള്ളിയെ മലര്‍ത്തിയടിച്ച അബ്ദുള്ളക്കുട്ടിയും കെ. ആര്‍. നാരായണണ്റ്റെ തട്ടകത്തില്‍ ഗംഭീരഭൂരിപക്ഷത്തിന്‌ വിജയിച്ച ശിവരാമനും ഇത്‌ തങ്ങളുടെ വ്യക്തിപരമായ വിജയമായി കണ്ടോ? അങ്ങനെ ഒരഹങ്കാരം ഉള്ളില്‍ മുളച്ചോ? സാധ്യതയുണ്ട്‌. അവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകിച്ചും താഴേത്തട്ടിലുള്ള അവരുടെ വേരുകള്‍ കുറേ വൊട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴ്ത്തിയിട്ടുണ്ടാവാം. അതുപോലും അവരുടെ വ്യക്തിപരമായ വോട്ടുകളായി എണ്ണാന്‍ പറ്റുന്നതല്ല. അവരെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിനുള്ള വോട്ടുകളാണവ. അങ്ങനെ അല്ലെന്നുള്ള തോന്നല്‍ അവര്‍ക്കുണ്ടായെങ്കില്‍ അത്‌ നിര്‍ഭാഗ്യകരമാണ്‌. അത്‌ കാണിക്കുന്നത്‌ അവരുടെ ഉള്ളിലുള്ള അരാഷ്ട്രീയതയുടെ വേരോട്ടം തന്നെയാണ്‌.

ഇനി പാര്‍ട്ടിയുടെ മേലാളന്‍മാര്‍ക്ക്‌ ഇവര്‍ എന്തു തന്നെയായാലും ആ പഴയ, തങ്ങള്‍ കണ്ടുപിടിച്ച്‌ കൈപിടിച്ചുയര്‍ത്തി ഒരു സ്ഥാനത്തിരുത്തിയ ആ പഴയ ചെക്കന്‍മാര്‍ തന്നെ എന്ന തോന്നലുണ്ടായോ? നിങ്ങള്‍ ഇപ്പോഴെന്തായാലും അതിന്‌ കാരണം ഞങ്ങള്‍ തന്നെ എന്ന ഒരു ഭാവം അവര്‍ക്കുണ്ടായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. പാര്‍ട്ടിക്കൂറും വിനീത വിധേയത്വവും തമ്മില്‍ മാറിപ്പോകുന്നുണ്ടോ? അവിടെ നിന്നും മുന്നോട്ട്‌ (?) പോയി അത്‌ നേതാക്കന്‍മാരോടുള്ള കൂറായി എവിടെയോ പരിണാമപ്പെടുന്നുണ്ടോ? അറിയില്ല. എന്തായാലും പാര്‍ട്ടിയില്‍ ഒരു കാലത്തുണ്ടായിരുന്ന സഹവര്‍ത്തിത്തം നഷ്ടപ്പെട്ടതിനെയാണ്‌ ഇങ്ങനെയുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

ഇങ്ങനെയുള്ള മറുകണ്ടം ചാടലുകള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്‌. വളര്‍ത്തി, പഠിപ്പിച്ച്‌ വലുതാക്കിയ പാര്‍ട്ടിയെ പുറം കാല്‍ കൊണ്ട്‌ ചവുട്ടി പുറത്തുപോയവരുമുണ്ട്‌. അഡ്വ. കെ. എന്‍. എ ഖാദര്‍ വളര്‍ന്നത്‌ സി.പി.ഐ ആപ്പീസിലായിരുന്നു. കിടക്കാനിടം കൊടുത്തതും പഠിക്കാന്‍ എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത്‌ പാര്‍ട്ടി സഖാക്കളായിരുന്നു. അന്നത്തെ സ്വാധീനം ഉപയോഗിച്ച്‌ റഷ്യയില്‍ അയച്ചാണ്‌ പഠിപ്പിച്ചത്‌. വക്കീലായി, സി.പി.ഐ. യുടെ നേതാവുമായി. ഒന്നുരണ്ടുതവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിപ്പിക്കുകയും ചെയ്തു. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം പറയുമ്പോള്‍ മാത്രം കടന്നുവരാറുള്ള പൊന്നാനി പോലെയുള്ള മണ്ഡലങ്ങളിലേക്കായിരുന്നു, മത്സരം. ഒരിക്കല്‍ പോലും ജയിച്ചില്ല. ഒരു സുപ്രഭാതത്തില്‍ സ. കെ.എന്‍.എ ഖാദര്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ കാല്‍ക്കല്‍ സമസ്ഥാപരാധവും ഏറ്റുപറഞ്ഞ്‌ നല്ല മുസ്ളീമായി. കേരളത്തില്‍ നല്ല മുസ്ളീമാവാനുള്ള ലളിതമായതും എളുപ്പമുള്ളതുമായ വഴി മുസ്ളീം ലീഗില്‍ ചേരുക എന്നതാണ്‌. സ. കെ എന്‍.ഇ ഖാദര്‍ അങ്ങനെ ജ. കെ.എന്‍.ഇ. ഖാദര്‍ സാഹിബായി. ലീഗിണ്റ്റെ നേതാവും എം.എല്‍.ഇ യുമായി. സി.പി.ഐ യില്‍ ഏറെ നാളിരുന്നും സാധിക്കാത്ത കാര്യം കുറച്ചുനാളത്തെ ലീഗ്‌ വാസം കൊണ്ട്‌ സാധ്യവുമായി.

അധികാരത്തിണ്റ്റെ ഇടനാഴികളില്‍ അലഞ്ഞ്‌ മതിമറന്നു പോയതാണെന്ന്‌ പറയാന്‍ കഴിയില്ല. ഒരു പക്ഷേ ആ ഇടനാഴികളിലെത്തന്‍ തന്നെ താനാക്കിയ സി.പി.ഐ യില്‍ നിന്നാല്‍ കഴിയില്ലെന്നുള്ള തോന്നല്‍ കാരണമായിരിക്കാന്‍ സാധ്യത ഏറെ ഉണ്ട്‌ താനും. പാര്‍ട്ടി തന്നെ ജയിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ മത്സരിപ്പിക്കാത്തതിണ്റ്റെ കെറുവാണോ ഇങ്ങനെ തന്നെ താനാക്കിയ പാര്‍ട്ടി വിടാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിച്ചത്‌? അതും ഒരു കാരണം ആയിരിക്കാം.

പരപ്പനങ്ങാടിയില്‍ ഒരു മജീദുണ്ടായിരുന്നു. കേരളത്തിലെ മുസ്ളീംകള്‍ക്ക്‌ വളരെ പ്രാധാനപ്പെട്ട ഒരു പ്രദേശത്തുനിന്ന്‌ വന്ന്‌ ഞങ്ങളുടെ നാട്ടില്‍ താമസമാക്കിയവരായികുന്നു, അവനും ഉമ്മയും. ഞങ്ങളുടെ ഗ്രാമത്തിലെ ചേരിയെന്ന്‌ പറയാന്‍ പറ്റുന്ന ഒരു കോളനിയില്‍ അവര്‍ ഒരു കുടിലില്‍ താമസമാക്കി. ഒരുപാട്‌ മജീദുമാര്‍ ഉള്ള പരപ്പങ്ങാടിയില്‍ അവന്‍ അവണ്റ്റെ ജന്‍മസ്ഥലപ്പേര്‌ വെച്ചാണറിയപ്പെട്ടിരുന്നത്‌. ആ കോളനിയില്‍ അക്കാലത്ത്‌ താമസക്കാരായ സ്ത്രീകളില്‍ പലരും കല്യാണത്തിന്‌ ഒപ്പന പാടാന്‍ പോകുമായിരുന്നു. ചില സ്ത്രീകളെങ്കിലും വഴി തെറ്റി നാട്ടിലെ മുതലാളിമാരുടെ കിടപ്പറയില്‍ എത്തിയിരുന്നു, എന്ന്‌ ജനസംസാരമുണ്ടായിരുന്നു. ഏതായാലും നാട്ടില്‍ ആ കോളനിക്ക്‌ രഹസ്യമായിട്ടെങ്കിലും ....തെരു എന്ന പേരും ഉണ്ടായിരുന്നു. പുരുഷന്‍മാര്‍ തീവണ്ടിയില്‍ നാരങ്ങയും നിലക്കടലയും വിറ്റ്‌ നടന്നു. മജീദും അവരോടൊപ്പം തീവണ്ടിയില്‍ ചില്ലറ സാധങ്ങള്‍ വില്‍പ്പന നടത്തി കഴിഞ്ഞു. പാരമ്പര്യമായിക്കിട്ടിയ ഒപ്പന പാടിക്കിട്ടുന്ന വരുമാനം വെച്ച്‌ ആ ഉമ്മയ്ക്ക്‌ മകനെ പഠിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

കോളനിയ്ക്ക്‌ അടുത്ത പറമ്പ്‌ മുന്‍സീഫ്‌ കോടതിയാണ്‌. മലയാള നോവല്‍ സാഹിത്യത്തിണ്റ്റെ പിതാവെന്നറിയപ്പെടുന്ന ഓ. ചന്ദുമേനോന്‍ മുന്‍സീഫ്‌ സ്ഥാനം വഹിച്ചിരുന്ന അതേ കോടതി. കോടതിക്ക്‌ മുന്നില്‍ റോഡിണ്റ്റെ മറുവശം വക്കീലന്‍മാരുടെ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ഒന്നു രണ്ട്‌ കെട്ടിടങ്ങളുണ്ടായിരുന്നു. ഒന്നിണ്റ്റെ മുകളില്‍ അന്നത്തെ ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ ആഫീസും പ്രവര്‍ത്തിച്ചു. അതിണ്റ്റെ പിന്നില്‍ അക്കാലത്തെ എന്‍.ജി.ഓ യൂണിയണ്റ്റേയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും സജീവ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ലോഡ്ജ്‌. പേര്‌ 'വൈറ്റ്‌ ഹൌസ്‌'. (താമസം അടിയുറച്ച കമ്യൂണിസ്റ്റ്‌ കാരായിരുന്നിട്ടും എങ്ങനെ അമേരിക്കന്‍ പ്രസിഡണ്റ്റിണ്റ്റെ വീടിണ്റ്റെ പേര്‍ കൊടുത്തു എന്നറിയില്ല. വല്ല ക്രെംലിന്‍ കൊട്ടാരമെന്നോ മാര്‍ക്സ്‌ ബംഗ്ളാവെന്നോ ആകേണ്ടിരിരുന്നില്ലേ എന്ന്‌ സംശയം തോന്നിയിരുന്നു, പലപ്പോഴും). ആദ്യകാലത്തെ ഉറച്ച ഇടതുപക്ഷ ബോധത്തിനൂടമകളായിരുന്ന സഖാക്കള്‍ പെണ്ണും പിടക്കോഴിയുമായി ആയി വൈറ്റ്‌ ഹൌസ്‌ വിട്ടു. ചിലര്‍ സ്ഥലം മാറ്റമായി സ്വന്തം നാട്ടിലേക്കുപോയി. പിന്നീടുവന്ന അരാഷ്ട്രീയ വാദികള്‍ അതിന്‌ കഞ്ഞിപ്പുര എന്ന്‌ പേരുമാറ്റം നടത്തിയത്‌ പില്‍കാല ചരിത്രം.

കോളനിയുടെ ഇത്തിരി വടക്കോട്ട്‌ മാറി അഞ്ചാറ്‌ മുറി പീടികയില്‍ ഒന്നില്‍ പരപ്പനങ്ങാടിയിലെ സി.പി.എം ണ്റ്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലേട്ടണ്റ്റെ തയ്യല്‍ കട. വളരെ മെലിഞ്ഞിട്ടായതിനാല്‍ ഇല്ലിക്കോല്‌, ഈനാദി തുടങ്ങിയ വിശേഷണങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ബാലേട്ടന്‌ കൊടുത്തിരുന്നു. സമൂഹത്തിണ്റ്റെ പുറമ്പോക്കില്‍ ജീവിക്കുന്നവര്‍ അന്ന്‌ സ്വാഭാവികമായും സഹായത്തിനായി ഉറ്റുനോക്കിയിരുന്നത്‌ സി.പി.എം നേതാക്കളെയായിരുന്നു. ഈ കോളനിവാസികളും അവരുടെ സാമൂഹ്യ ആവശ്യങ്ങള്‍ക്ക്‌ ആശ്രയിച്ചിരുന്നത്‌ ബാലേട്ടനെയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അതിണ്റ്റെ തുടര്‍ നടപടികള്‍ തുടങ്ങി പെറ്റി കേസ്സുകളില്‍ പോലീസ്‌ പിടിക്കുന്ന കോളനിക്കാരെ ഇറക്കിക്കൊണ്ടുവരുന്നതുപോലുള്ള എല്ലാ കര്യങ്ങള്‍ക്കും ആശ്രയം ബാലേട്ടന്‍ തന്നെയായിരുന്നു. മജീദും ഉമ്മയും സ്വാഭാവികമായും പാര്‍ട്ടി അനുഭാവികളായി.

മജീദ്‌ പത്താംക്ളാസ്സ്‌ പാസ്സായി. വൈറ്റ്‌ ഹൌസില്‍ താമസക്കാരായിരുന്ന സഖാക്കളൂടെ ശ്രദ്ധയില്‍ മജീദ്‌ പെടുന്നു. അവര്‍ അവനെ പഠിക്കാനുള്ള പ്രേരണയും പ്രചോദനവും നല്‍കി. ഇരുന്ന്‌ പഠിക്കാന്‍ വീട്ടില്‍ സൌകര്യമില്ലാതിരുന്നതിനാല്‍ അദ്ധ്യാപക സംഘടനയുടെ ആഫീസ്‌ അനുവദിച്ചു കൊടുത്തു. എം കോം പാസ്സായി ജോലിയില്ലാതെയിരിക്കുന്ന മണിയേട്ടന്‍ ട്യൂഷന്‍ എടുക്കുന്ന കൂട്ടത്തില്‍ മജീദിനേയും ഇരുത്തി, സൌജന്യമായി പഠിപ്പിച്ചു. മജീദ്‌ ബി കോം പാസ്സായി. പാര്‍ട്ടിയുടെ കീഴില്‍ സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ ഓട്ടുകമ്പനിയില്‍ അവന്‍ താല്‍ക്കാലിക സിക്രട്ടറിയായി. അതിനിടക്ക്‌ അവണ്റ്റെ കല്യാണവും കഴിഞ്ഞു.

ആയിടക്കാണ്‌ ജില്ലാ കൌണ്‍സില്‍ തിരഞ്ഞെടുപ്പും സ്ത്രീകള്‍ക്ക്‌ സംവരണവും വരുന്നത്‌. പരപ്പനങ്ങാടി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ളീം ഭൂരിപക്ഷമുള്ള ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചത്‌ സാമാന്യം പഠിപ്പും വിവരവുമുള്ള മജീദിണ്റ്റെ ഭാര്യയേയും. മുസ്ളീം വീടുകളില്‍ നിന്ന്‌ സ്ത്രീകള്‍ തിരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ കടന്നു വരാന്‍ തുടങ്ങിയിരുന്നില്ല, അന്ന്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിണ്റ്റെ പേരില്‍ ഒരുപാട്‌ പഴി ആ കുടുംബം കേട്ടു. അവന്‍ വളര്‍ന്നു തെരുവിനേയും ആ പാവം സ്ത്രീയെയും ബന്ധപ്പെടുത്തി അനാവശ്യമായ അപവാദ പ്രചരണം വരെ നടന്നു. അവര്‍ തോറ്റെന്നത്‌ വേറെ കാര്യം.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അവന്‍ പിന്നീടു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജി വെച്ചു. മാത്രമല്ല മുസ്ളീം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തന്നെ എവിടെ നിന്നോ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ എന്തായിരുന്നില്ലയോ അതൊക്കെ ആക്കിയ പാര്‍ട്ടിയേയും അതിണ്റ്റെ പ്രവര്‍ത്തകരേയും അവന്‍ മറന്നു. അതുപോലെ തന്നെപ്പോലെയുള്ളവരെ എന്നും അധികാരത്തിണ്റ്റെ ഇടനാഴികളിലേക്ക്‌ എത്തിനോക്കാന്‍ പോലും അനുവദിക്കാതിരിക്കുന്ന മുസ്ളീം ലീഗിനോട്‌ അവന്‍ പൊറുത്തു. അതിണ്റ്റെ ഭാഗമായി.

മജീദ്‌ എണ്റ്റെ ജൂനിയറായിരുന്ന്‌. കോളേജിലും സംഘടനയിലും. എന്നും ഒരുതരം അരക്ഷിതത്വം അവന്‍ അനുഭവിച്ചിരുന്നതായി തോന്നിയിട്ടുണ്ട്‌. തണ്റ്റെ ഭൂതകാലം ഒരു മാറാപ്പ്‌ പോലെ അവണ്റ്റെ തോളില്‍ തൂങ്ങിക്കിടന്നിരുന്നു. അതിണ്റ്റെ ഭാഗമായി തോന്നുന്ന ഒരുതരം അപകര്‍ഷത അവനെ വിടാതെ പിടികൂടിയിരിക്കുമോ? എന്തിലും ഏതിലും താന്‍ അവഗണിക്കപ്പെടുകയാണോ എന്ന തോന്നല്‍ ഇത്തരം വ്യക്തികളില്‍ ഉണ്ടാകുക സാധാരണമാണ്‌. ആ തോന്നലിണ്റ്റെ പാരമ്യത്തില്‍ ഇന്നലെകള്‍ മറവിയിലാകുകയും ഇന്ന്‌ മാത്രം പ്രസക്തവും ആയി മാറുന്നോ? ഉത്തരവാദിത്വമുള്ള ഒരു കൂട്ടായ്മ എന്ന നിലയില്‍ അവരിലെ അരക്ഷിത ബോധത്തിനറുതി വരുത്തുന്നതില്‍ പാര്‍ട്ടി പരാജയപെട്ടതിണ്റ്റെ കൂടി ഫലമല്ലേ ഈ വിട്ടുപോകലുകള്‍? ഇതിണ്റ്റെ മറുപുറത്ത്‌ ഇങ്ങനെയുള്ളവരില്‍ നിന്ന്‌ നന്ദി മാത്രം പ്രതീക്ഷിച്ച്‌ നില്‍ക്കുന്നതിലേക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴ്‌ന്നുപോകുന്നോ? ഒന്നു മാത്രം അറിയാം എന്തുകൊണ്ടും കൂടെ നില്‍ക്കേണ്ട ഒരു പാടു പേര്‍ അകന്നുപോകുന്നു. ഇരു കൂട്ടര്‍ക്കും നഷ്ടത്തിണ്റ്റെ കഥകള്‍ മാത്രം ബാക്കി വെച്ചുകൊണ്ട്‌.

ഈ കുറിപ്പിണ്റ്റെ തുടക്കത്തില്‍ പറഞ്ഞ മൂന്നു പേരുടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിടല്‍ ഇങ്ങനെ ചില ചിന്തകള്‍ക്ക്‌ കാരണമായി. ലെവലിണ്റ്റെ കാര്യത്തില്‍ ഒരു താരതമ്യം സാധ്യമല്ലെങ്കിലും അതിനും എണ്റ്റെ സുഹൃത്തിണ്റ്റെ വിടപറയലിനും ഒരു പൊതു സ്വഭാവമുണ്ടെന്നത്‌ എണ്റ്റെ തോന്നല്‍. ചരിത്രത്തില്‍ സമാന്തരങ്ങള്‍ സംഭവിക്കുന്നത്‌ ഒരേ നിലയിലും തലത്തിലും അല്ലെന്നുള്ളതാണ്‌ സത്യം.

Monday, February 1, 2010

ഓര്‍മ്മപ്പാളങ്ങള്‍


ഓര്‍മകളും റെയില്‍ പാളങ്ങളും. വിദൂരമായ അവ്യക്തതയില്‍ തുടങ്ങി ക്രമേണ തെളിഞ്ഞ്‌ തെളിഞ്ഞ്‌ വീണ്ടും അനന്തതയിലേക്ക്‌ നീളുന്നു. എന്നാല്‍ പാളങ്ങള്‍ ഋജുവായി നീങ്ങുന്നു എന്നൊരു വ്യത്യാസമുണ്ട്‌. ഓര്‍മകളുടെ സഞ്ചാരത്തിന്‌ അങ്ങനെ കൃത്യമായ ഒരു പാത നിശ്ചയിക്കുക അസാദ്ധ്യം.

എവിടെയോ ഒന്നിക്കുന്നെന്ന തോന്നല്‍ ഉളവാക്കുന്ന പാളങ്ങളിലൂടെ നിരന്തരം ഓടുന്ന വണ്ടികള്‍. ഗതാഗതം എത്ര വിപ്ളവകരമായി പരിണമിച്ചാലും യാത്രയുടെ ഏറ്റവും സാമാന്യവും സ്ഥിരപ്രതിഷ്ഠവും ആയ രൂപം തീവണ്ടിയുടേതാണ്‌. യാത്രയാവട്ടേ സ്വപ്നങ്ങളുടേതാണ്‌, പ്രതീക്ഷകളുടേതും. ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പാതയൊരുക്കുന്നു, അനന്തമായി നീളുന്ന പാളങ്ങള്‍.

നഷ്ടസ്വപ്നങ്ങള്‍ക്കും ഭഗ്നപ്രതീക്ഷകള്‍ക്കും അവസാന മെത്ത ഒരുക്കുന്നതും ഇതേ പാളങ്ങള്‍. ജീവിതം ഒരിക്കലും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സമാന്തരരേഖകളാവുമ്പോള്‍ ഒന്നുമില്ലാത്തവന്‌ ആശ്രയം ഈ പാളങ്ങള്‍. തിരഞ്ഞെടുപ്പിണ്റ്റെ അനിശ്ചിതത്തിനൊടുവില്‍ ഇമകള്‍ ചിമ്മി ഒരവസാന കുതിപ്പ്‌. സ്വപ്നങ്ങളുടെ തീവണ്ടിയേറി ഒരിക്കലും തിരിച്ചു വരേണ്ടതില്ലാത്ത യാത്ര. കാര്യമായ തയ്യാറെടുപ്പുകളൊന്നും ആവശ്യമല്ല തന്നെ. വളരെ ദൂരത്തുനിന്നു പോലും ബസ്സ്‌ കയറി ആളുകള്‍ എത്തിയിരുന്നു, ഈ പാളങ്ങളിലെ അവസാന നിദ്രക്കായി.

പരപ്പനങ്ങാടി റെയില്‍ വേ സ്റ്റേഷന്‍ തുടങ്ങി തെക്കോട്ട്‌ രണ്ടുമൂന്ന്‌ കിലോമീറ്റര്‍ ദൂരം ഇങ്ങനെ അവസാന യാത്രക്കായെത്തുന്നവരുടെ ഇഷ്ടപ്പെട്ട ഇടമായിരുന്നു, ഒരു കാലത്ത്‌. നാട്ടില്‍ത്തന്നെയുള്ളവരും അല്ലാത്തവരുമായി ഏറെ പേര്‍ക്ക്‌ മോചനം കിട്ടാന്‍ ഇത്രയും ദൂരത്തുള്ള പാളങ്ങള്‍ സഹായിച്ചിട്ടുണ്ട്‌. അന്യനാട്ടില്‍നിന്നെത്തുന്നവര്‍ പരപ്പനങ്ങാടിയില്‍ വണ്ടി അല്ലെങ്കില്‍ ബസ്സിറങ്ങി നേരെ തെക്കോട്ട്‌ നടക്കും. തീവണ്ടിയിറങ്ങി നടക്കുന്നവരാണെങ്കില്‍ തങ്ങളെ വഹിച്ചുകൊണ്ടുവന്ന വണ്ടിയെത്തന്നെ തങ്ങളുടെ അവസാന യാത്രക്കും ആശ്രയിക്കുന്നു.

ചെറുപ്പത്തില്‍ എത്രയെത്ര മരണങ്ങളാണ്‌ ഇങ്ങനെ മുന്നില്‍ സംഭവിച്ചിട്ടുള്ളത്‌. ഏറെയും മുഖമില്ലാത്തവയായിരുന്നു. ആദ്യമായി മരണത്തിന്‌ മുഖമുണ്ടായത്‌ പരിസരത്തുതന്നെയുള്ള രാമു വണ്ടിക്ക്‌ 'തലവെച്ച്‌' മരിച്ചപ്പോഴാണ്‌. മാറാത്ത വയറ്റുവേദനയായിരുന്നത്രേ രാജുവിന്‌. ആശുപ്പത്രികള്‍ ഏളുപ്പത്തില്‍ എത്തിപ്പിടിക്കാവുന്നതായിരുന്നില്ല, അക്കാലത്ത്‌ പ്രത്യേകിച്ചും സാധാരണക്കാര്‍ക്ക്‌. നമ്മുടെയൊക്കെ മുറ്റത്തുതന്നെ സാമാന്യം നല്ല ചികിത്സ കിട്ടുന്ന തരത്തിലേക്ക്‌ കേരളത്തിണ്റ്റെ ആരോഗ്യരംഗം ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. രാജു സഹിക്കവയ്യാത്ത വയറ്റുവേദനക്കൊപ്പം എല്ലാവേദനകള്‍ക്കും അറുതിവരുത്തി. കൃത്യമായി മുറിഞ്ഞ്‌ വേറിട്ട ശിരസ്സ്‌ നീണ്ട മൂടിയില്‍ ചുറ്റിപ്പിടിച്ച്‌ ഏതോ ഒരു പോലീസുകാരന്‍ നടന്നുവരുന്ന ചിത്രം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്‌. ശരീരം കിടന്നിരുന്നത്‌ എണ്റ്റെ വീടിണ്റ്റെ നേരെ മുന്നിലായിരുന്നു, ശിരസ്സ്‌ ഏതാണ്ട്‌ അമ്പത്‌ മീറ്റര്‍ മാറി ചുടലപ്പറമ്പ്‌ മൈതാനത്തിണ്റ്റെ നേരെയും. (ചുടലപ്പറമ്പ്‌ മൈതാനമെന്നത്‌ ഒരുപാട്‌ ഫുട്ബോള്‍ കളിക്കാരെ സൃഷ്ടിച്ച ബി.ഇ.എം. ഹൈസ്കൂളിണ്റ്റെ മൈതാനമാണ്‌. )

ഓര്‍മയിലെ ആദ്യത്തെ തീവണ്ടിമരണം ഒരപകടമായിരുന്നു. പരപ്പനങ്ങാടി റെയില്‍ വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്കടിയിലൂടെ നൂണ്ടുകടക്കുകയായിരുന്ന രണ്ടുസ്ത്രീകള്‍ പെട്ടെന്ന്‌ നീങ്ങിയ വണ്ടിക്കടിയില്‍ പെട്ട്‌ മരിച്ചു. അക്കാലത്ത്‌ രാവിലെ അഞ്ചരയ്ക്ക്‌ കോഴിക്കോട്ട്‌ നിന്നുള്ള ഷൊര്‍ണൂറ്‍ പാസഞ്ചര്‍ വണ്ടിയും മംഗലാപുരം മെയിലും പോയാല്‍ പിന്നെ സന്ധ്യയ്ക്ക്‌ അതേ വണ്ടികള്‍ തിരിച്ചുവരുന്നതു വരെ വേറെ വണ്ടിയൊന്നും ഓടാനില്ല. ഇടയ്ക്ക്‌ തേരട്ടകളെപ്പോലെ ഗുഡ്സ്‌ വണ്ടികള്‍ മാത്രം അരിച്ചരിച്ചെത്തും. ഗുഡ്സ്‌ വണ്ടികളുടെ ബോഗികളുടെ എണ്ണമെടുക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചു. ഒരുവണ്ടിയില്‍ അമ്പതും അറുപതും ബോഗികളെണ്ണി ഞങ്ങള്‍ ഒന്നാമതെത്തിയിരുന്നു. ഇങ്ങനെ നീണ്ട ഗുഡ്സ്‌ വണ്ടികള്‍ ചിലപ്പോള്‍ സിഗ്നലിനായും മറ്റും റെയില്‍ വേ സ്റ്റേഷനില്‍ കിടക്കും. ഒന്നും രണ്ടും ഫര്‍ലോങ്ങ്‌ നീളത്തില്‍ വണ്ടി കിടക്കുമ്പോള്‍ റെയില്‍ പാളം മുറിച്ചുനീങ്ങേണ്ടവര്‍ക്ക്‌ വേറെ വഴിയുണ്ടായിരുന്നില്ല, തീവണ്ടിക്കടിയിലൂടെ നൂണ്ടുകടക്കുകയല്ലാതെ. രണ്ട്‌ ബോഗികള്‍ക്കിടയിലെ ഗാപ്പില്‍ തൂങ്ങിക്കിടക്കുന്ന കമ്പിയൊന്നും തട്ടി മുറിയാതെ അപ്പുറത്ത്‌ കടക്കുന്നതില്‍ ചെറിയ സാമര്‍ഥ്യം ആവശ്യമുണ്ടായിരുന്നു. കൂടാതെ സിഗ്നല്‍ നോക്കി വണ്ടി നീങ്ങാനായില്ലെന്ന്‌ ഉറപ്പ്‌ വരുത്തുകയും വേണം. ഇക്കാര്യം ശ്രദ്ധിക്കാതെ നൂണ്ടുകടക്കാന്‍ തുനിഞ്ഞതാണ്‌ ആ പാവം സ്ത്രീകള്‍ക്ക്‌ വിനയായത്‌.

ഈ അപകടമരണം അറിയുമ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. അപകടത്തിണ്റ്റെ വിവരത്തിനും മുമ്പെത്തിയത്‌ വടക്കേ വീട്ടിലെ കദീജത്താത്തയുടെ 'ചെയ്ത്താന്‍ കൂക്ക'ാണ്‌. എന്ത്‌ അപകടത്തെക്കുറിച്ചറിഞ്ഞാലും ഉടനെ അവര്‍ അപസ്മാരം ബാധിച്ച്‌ കൂക്ക്‌ തുടങ്ങും. ഏറേ നേരം കൂക്കി ഒടുവില്‍ തളര്‍ന്ന്‌ മയങ്ങും. അന്ന്‌ കദീജത്താത്ത കൂക്ക്‌ തുടങ്ങിയപ്പോള്‍ അമ്മ അന്വേഷിച്ചറിഞ്ഞു, അപകടത്തെപ്പറ്റി. കദീജത്താത്തയുടെ കൂക്ക്‌ അപായസൂചന തരുന്ന സൈറണ്‍ പോലെയായിരുന്നു, ഞങ്ങള്‍ പരിസര വാസികള്‍ക്ക്‌.

അതില്‍ പിന്നീട്‌ എത്ര എത്ര മരണങ്ങള്‍. മുഖമില്ലാത്തതും മുഖമുള്ളതുമായി. സ്വയം വരിച്ചതും അറിയാതെ കടന്നുവന്നതും. കിഴക്കുനിന്നെവിടെ നിന്നോ ബസ്‌ കയറി വന്ന്‌ പാളത്തില്‍ കയറി അവസാനയാത്ര പോയ ഒരമ്മ. പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ച സ്വപ്നങ്ങളുമായി ഒരുമിച്ച്‌ വന്ന്‌ ഒരുമിച്ച്‌ യാത്രയായ കൂട്ടുകാരികള്‍. തണ്റ്റെ കുഞ്ഞു കുടയും സ്കൂള്‍ബാഗുമായി മരണത്തിലേക്കെന്നറിയാതെ പിച്ചവെച്ചുപോയ കേള്‍വിക്കുറവുണ്ടായിരുന്ന പെണ്‍ കുട്ടി. കോളേജ്‌ കലോത്സവത്തിണ്റ്റെ ഒരുക്കങ്ങള്‍ക്കായി അതിരാവിലെ ബസ്സ്റ്റാണ്റ്റിലേക്ക്‌ നടന്നുപോകുമ്പോള്‍ ഒരു ഞരക്കമായി കേട്ട അജ്ഞാത മരണം. ഒടുവില്‍ കഷണങ്ങളായി മുറിഞ്ഞുപോയ ശരീരഭാഗങ്ങള്‍ കുറുക്കന്‍മാര്‍ കടിച്ചുകൊണ്ടുപോവാതിരിക്കാന്‍ രാത്രി മുഴുവന്‍ കാവലിരുന്ന കുഷ്ഠരോഗികളുടെ കോളനിയിലെ ഖാദര്‍.

കുറച്ചുകൂടി മുതിര്‍ന്ന്‌ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുമ്പോള്‍ അസമയത്തുള്ള യാത്രകളില്‍ തീവണ്ടി പാളത്തില്‍ നിന്ന്‌ ശരീരമില്ലാത്ത തല പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. സിനിമ കഴിഞ്ഞ്‌ ഓവുപാലത്തിനരികിലൂടെ നടന്നു വരുമ്പോള്‍ ഓവുപാലത്തിനരികില്‍ പണ്ട്‌ ജീവന്‍ വെടിഞ്ഞ ചാത്തന്‍ പെട്ടെന്ന്‌ മുന്നില്‍ ചാടിവീഴും എന്ന്‌ പേടിച്ചു. ഭൂതവും പ്രേതവും വെറും തോന്നലാണെന്ന്‌ പഠിച്ച ഭൌതിക വാദം പറഞ്ഞുതന്നപ്പോഴും അര്‍ദ്ധരാത്രി ഒറ്റക്ക്‌ നടക്കുമ്പോള്‍ അറിയാതെ തിരിഞ്ഞുനോക്കി പോയി. എ.ടി. കോവൂരിണ്റ്റേയും ഇടമറുകിണ്റ്റെയും പുസ്തകങ്ങള്‍ വായിച്ചുകിട്ടിയ അറിവുകള്‍ ബോധമണ്ഡലത്തില്‍ ഇരുന്ന്‌ ഓര്‍മിപ്പിച്ചപ്പോഴും നടത്തത്തിന്‌ അറിയാതെ വേഗത കൂടി.

തീവണ്ടി റെയിവേസ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ്‌ വീടിനു മുമ്പിലായി നിന്നാല്‍ അപായശങ്ക പതിവായിരുന്നു. ആരാണ്‌, എവിടെനിന്നാണ്‌ ഇങ്ങനെ ചോദ്യങ്ങള്‍ ഉള്ളില്‍ മുഴങ്ങും. തീവണ്ടിയുടെ നിര്‍ത്താത്ത കൂക്കിവിളി മരണത്തിണ്റ്റെ സൈറണായിരുന്നു. അത്‌ ഏതെങ്കിലും മനുഷ്യജീവിയാകാം, നാല്‍ക്കാലികളാവാം. റെയിലിണ്റ്റെ വശങ്ങളില്‍ ധാരാളം പുല്ലു വളര്‍ന്നുനില്‍ക്കുമായിരുന്നതിനാല്‍ പശുക്കളെ മേയാന്‍ നീണ്ട കയറില്‍ കെട്ടിയിടുമായിരുന്നു, അക്കാലത്ത്‌. കയറിന്‌ നീളം കൂടിയോ അബദ്ധത്തില്‍ കയര്‍ പൊട്ടിയോ ഈ പാവം നാല്‍ക്കാലികള്‍ മരണത്തിണ്റ്റെ പാളങ്ങളിലേക്ക്‌ ഓടിക്കയറുമായിരുന്നു. ഞങ്ങളുടെ സ്വന്തം മിനിക്കുട്ടിയും ഇങ്ങനെ മരണം ഏറ്റുവാങ്ങി. ഞങ്ങള്‍ ഒരുപാട്‌ കരഞ്ഞു.

അയല്‍പക്കത്തുള്ള ദേവകിയേടത്തി ഭര്‍ത്താവ്‌ പ്രസാദേട്ടനുമായി വഴക്കിട്ട്‌ നെഞ്ചത്തടിച്ച്‌ നിലവിളിച്ചുകൊണ്ട്‌ പലതവണ ഈ പാളത്തിലേക്ക്‌ ഓടിക്കയറിയിട്ടുണ്ട്‌. ഓരോ തവണയും ആരെങ്കിലും ചെന്ന്‌ പിടിച്ചുമാറ്റി. അവരുടെ ശ്രമം ഒരിക്കലും വിജയം കണ്ടില്ല. ഭര്‍ത്തവുമൊത്തുള്ള ജീവിതത്തിലും അവര്‍ക്ക്‌ വിജയിക്കാനായില്ല. ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങളെപ്പോലെത്തന്നെ അവര്‍ ജീവിതത്തില്‍ മുന്നോട്ട്‌ പോയി.

ഇപ്പോള്‍ റെയില്‍ പാത ഇരട്ടിപ്പിച്ചിരിക്കുന്നു. വശങ്ങളില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്നില്ല. ഊട്ടാന്‍ പശുക്കളുമില്ല. തീവണ്ടികള്‍ രണ്ടുവശത്തേക്കും നിരന്തരമായി ഓടുന്നു. വര്‍ദ്ധിച്ച തീവണ്ടികളെക്കുറിച്ച്‌ കുട്ടികള്‍ക്കും നല്ല തിട്ടമുണ്ട്‌. ആത്മഹത്യകള്‍ കൂടിയിട്ടേ ഉള്ളു. മിക്കവാറും കൂട്ട ആത്മഹത്യകള്‍. അത്തരം ആത്മഹത്യകള്‍ക്ക്‌ റെയില്‍ പാളങ്ങള്‍ അനുയോജ്യമല്ല. അതുകൊണ്ടാവാം തീവണ്ടിക്കു മുമ്പില്‍ ചാടിയുള്ള ആത്മഹത്യകള്‍ വിരളം.

പാളങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പ്‌ എഴുതിത്തീരുമ്പോള്‍ ഇതേ വിഷയത്തിലുള്ള ഒരു കവിത ഓര്‍മ്മ വരുന്നു. 'എരകപ്പുല്ല്‌' എന്ന പേരില്‍ ബ്ളോഗെഴുതുന്ന ടി.എ. ശശിയുടെ 'പാളക്കണ്ണാടി' എന്ന കവിത ഇങ്ങനെ.

'തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടിനോക്കാന്‍
കിടന്നതാകുമോ
കണ്‍തുറന്നേ
കിടക്കും
ശിരസ്സുകള്‍.'

Sunday, January 17, 2010

കോമാളിരൂപം കെട്ടിയ മഹത്തുക്കളും ഉയരത്തിലിരിക്കുന്ന കോമാളികളും

ഈയടുത്ത കാലത്ത്‌ വായിച്ച അനുഭവക്കുറിപ്പുകളില്‍ ഏറ്റവും കാമ്പുള്ളതും ഹൃദയത്തില്‍ തൊടുന്നതുമായി തോന്നിയത്‌ മാതൃഭൂമിയില്‍ സിനിമാനടന്‍ ഇന്ദ്രന്‍സുമായി പ്രീജിത്ത്‌ രാജ്‌ നടത്തിയ സംഭാഷണമായിരുന്നു. നവംബര്‍ എട്ടാം തീയതി പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന ഈ സംഭാഷണത്തെക്കുറിച്ച്‌ രണ്ടുമാസത്തിനുശേഷം ഒരു കുറിപ്പെഴുതുന്നതില്‍ പ്രസക്തിക്കുറവുണ്ടെന്നത്‌ നേര്‌. തികച്ചും ആത്മാര്‍ഥമായ, സത്യസന്ധമായ ഇന്ദ്രന്‍സിണ്റ്റെ സംഭാഷണം വായിച്ചപ്പോള്‍ മുതല്‍ അത്‌ വല്ലാതെ മനസ്സിനെ ഉലച്ചിരുന്നു. ഒരര്‍ഥത്തില്‍ ആ സംഭാഷണം എന്നെ ഞെട്ടിച്ചു.

എന്നേക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന ആരെങ്കിലും അതിനെപ്പറ്റി എഴുതുമെന്ന്‌ തോന്നിയിരുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകാതിരിക്കില്ലല്ലോ ഈ ഭൂമിമലയാളത്തില്‍. എണ്റ്റെ വായനാപരിധിക്കുള്ളില്‍ അങ്ങനെയൊന്ന്‌ ശ്രദ്ധയില്‍ പെട്ടില്ല. മാതൃഭൂമിയില്‍ വായനക്കാരുടെ ധാരാളം കത്തുകള്‍ വന്നിരുന്നു എന്നത്‌ ശരി തന്നെ. എന്തിനും ഏതിനും പ്രതികരണങ്ങള്‍ കാണുന്ന്‌ ബ്ളോഗില്‍ പോലും ഒന്നും കാണാന്‍ കഴിഞ്ഞില്ല.

മനസ്സില്‍ അത്‌ കെടാതെ നിന്നു. അല്ല ജ്വലിച്ചു നിന്നു. അതിനിടയിലെപ്പോഴോ അനിതയുടെ 'അടുക്കള' എന്ന ബ്ളോഗില്‍ വി.എസ്‌ നയ്പാളിണ്റ്റെ സഹധര്‍മ്മിണിയായിരു പാട്രീഷ്യ ഹെയിലിണ്റ്റെ ജീവിതകഥ വായിച്ച അനുഭവത്തിണ്റ്റെ വെളിച്ചത്തില്‍ എഴുതിയ കുറിപ്പ്‌ വായിച്ചു . ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്ക്‌ പിന്നിലെ തമോഗര്‍ത്തങ്ങളെക്കുറിച്ചായിരുന്നു, ആ കുറിപ്പ്‌. നമ്മുടെ മനസ്സില്‍ തല ഉയര്‍ത്തിനില്‍ക്കു വിഗ്രഹങ്ങള്‍ ചിലപ്പോഴെങ്കിലും വെറും 'ടിന്‍ ഗോഡ്സ്‌' ആണെന്ന്‌ ആ കുറിപ്പ്‌ ഓര്‍മപ്പെടുത്തി. ഇന്ദ്രന്‍സിണ്റ്റെ കഥ വായിച്ചപ്പോള്‍ ഉണ്ടായ വിചാരങ്ങള്‍ക്ക്‌ നേരെ വിരുദ്ധ പ്രതീതി.

ഇന്ദ്രന്‍സ്‌ മലയാള സിനിമയിലെ അഭിനയരംഗത്ത്‌ സജീവമായിട്ട്‌ പത്ത്‌ പന്ത്രണ്ട്‌ കൊല്ലമായിട്ടുണ്ടാവും. ഒരര്‍ഥത്തിലും സിനിമാറ്റിക്‌ അല്ലാത്ത തണ്റ്റെ ശരീരവും (കുടക്കമ്പി, നീര്‍ക്കോലി, ഞാഞ്ഞൂള്‍ അങ്ങനെ ധാരാളം വിശേഷണങ്ങള്‍) അതിന്‌ ചേര്‍ന്ന ചില കോമാളിക്കളികളുമായി അദ്ദേഹം സിനിമയില്‍ സജീവമായുണ്ട്‌. ഹാസ്യനടന്‍ എന്ന നിലയില്‍ മലയാളത്തില്‍ ഇന്നുള്ള മറ്റു പലരുടെയും അടുത്തെത്താന്‍ ഇന്ദ്രന്‍സിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. സ്റ്റീരിയോടൈപ്‌ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പോലും മൌലികമായ കഴിവുകൊണ്ട്‌ കഥപാത്രങ്ങളുടെ പരിമിതികളെ ഭേദിക്കാന്‍ കഴിവുള്ള ജഗതി, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെപ്പോലെയോ, തനിമയുള്ള തനി നാടന്‍ ഭാവഹാവാദികള്‍ കൊണ്ട്‌ നമ്മളെ നമ്മള്‍ പോലുമറിയാതെ ചിരിപ്പിക്കുന്ന മാമുക്കോയ, കുതിരവട്ടം പപ്പു തുടങ്ങിയവരെപ്പോലെയൊ സ്വാഭാവികമായ ഹാസ്യം ഇന്ദ്രന്‍സില്‍നിന്ന്‌ വന്നതായി തോന്നിയിട്ടില്ല. പരമാവധി തണ്റ്റെ ചെറിയ ശരീരത്തിണ്റ്റെ സാധ്യതകളില്‍ അല്ലെങ്കില്‍ സാധ്യതയില്ലായ്മയില്‍ നിന്ന്‌ ഹാസ്യം ഉല്‍പ്പാദിക്കുകയാണ്‌ അദ്ദേഹം ചെയ്ത്‌ വരുന്നത്‌ എണ്റ്റെ നോട്ടത്തില്‍. ഇതില്‍നിന്ന്‌ വ്യത്യസ്ഥമായി ചുരുക്കം ചില കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെന്നുള്ള കാര്യം നിഷേധിക്കുന്നില്ല. നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‌ ലഭിക്കട്ടെ എന്ന്‌ ആശിക്കുകയും ചെയ്യുന്നു.. എണ്റ്റെ വിഷയം അതല്ല തന്നെ.

സിനിമയില്‍ വെറും കോമാളിയായ ഈ ചെറിയ മനുഷ്യണ്റ്റെ വലിയ ജീവിതം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജീവിതം ഇന്ദ്രന്‍സിന്‌ നല്‍കിയ യാതനകള്‍ അല്ല അതിനോട്‌ അദ്ദേഹം പുലര്‍ത്തു നിസ്സംഗത, കൈയടക്കം ഇതാണ്‌ ഇങ്ങനെ ഒരു ആലോചനക്ക്‌ കാരണം. തണ്റ്റെ ശാരീരികവും സമൂഹ്യപരവുമായ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവ്‌. ചെറുപ്പത്തിലേ അനുഭവിച്ച കഷ്ടപ്പാടുകള്‍, അവഗണന ഇവ ഉള്ളില്‍ നിറച്ച അപകര്‍ഷതാബോധം ഒക്കെ തുറന്ന്‌ പറയാന്‍ കാണിച്ച തണ്റ്റേടം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇതൊക്കെ അദ്ദേഹം പറയുന്നത്‌ തണ്റ്റെ രൂപം പോലെ തന്നെ ഗ്ളാമറിണ്റ്റെ അംശം തീരെ ഇല്ലാതെയാണ്‌.

സിനിമയില്‍ ഉയരങ്ങളില്‍ എത്തിയവര്‍ തങ്ങളുടെ ഭൂതകാലത്തിലെ യാതനകള്‍ വിളിച്ചു പറയുന്നത്‌ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്‌. തങ്ങളുടെ കഠിനാധ്വാനത്തിണ്റ്റെയും അര്‍പ്പണബോധത്തിണ്റ്റെയും ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാന്‍ ഈ യാതനകളെ അവര്‍ ഉപയോഗിക്കാറുണ്ട്‌. കോടമ്പാക്കത്തെ തെരുവുകളും പൈപ്പ്‌ വെള്ളവും മലമ്പനിയും ഒക്കെ ഇങ്ങനെ ബിംബങ്ങളായി നമ്മുടെ ഉള്ളില്‍ സജീവമാണ്‌. ദാരിദ്യ്രത്തിനും കഷ്ടപ്പാടിനും ഒക്കെ വാര്‍ത്താപ്രാധാന്യം ഉണ്ട്‌, താരങ്ങളുടെ കാര്യത്തില്‍. ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമാണ്‌ ഇന്ദ്രന്‍സിണ്റ്റെ വാക്കുകള്‍. തന്നേക്കോള്‍ തീക്ഷ്ണമായ അനുഭവങ്ങള്‍ ഉള്ള നിരവധി പേരുടെ കൂടെ കഴിഞ്ഞതുകൊണ്ട്‌ തണ്റ്റെ അനുഭവങ്ങള്‍ക്ക്‌ അത്ര വലിയ പ്രസക്തി ഇല്ലെന്ന്‌ അദ്ദേഹം പറയുമ്പോള്‍ ആ മനസ്സിണ്റ്റെ ലാളിത്യം നമ്മളറിയുന്നു. ഇന്ദ്രന്‍സിണ്റ്റെ ഓര്‍മകളില്‍ കോടമ്പാക്കം ഇല്ല തന്നെ. പക്ഷെ, കുമാരപുരം എന്ന് ചെറിയ ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു. അവിടത്തെ തയ്യല്‍ക്കടകളും തയ്യല്‍ക്കാരുമുണ്ട്‌. ഒപ്പം ചെറിയ ചെറിയ നാടകക്കൂട്ടായ്മകളും.

ചെറുപ്പത്തില്‍ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും മാത്രം കണ്ട്‌ വളര്‍ന്ന ഒരാള്‍ക്ക്‌ അവയെ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും ആയി മനസ്സിലാകായ്ക, ജീവിതം എന്നാല്‍ ഇതൊക്കെത്തന്നെ എന്ന ചിന്ത, ഒക്കെ സ്വാഭാവികം. ഇല്ലായ്മകളുടെ കാഠിന്യം സ്വപ്നങ്ങള്‍ക്കുപോലും പരിധി നിശ്ചയിക്കുന്നുണ്ടെന്നുള്ളതല്ലേ യാഥാര്‍ഥ്യം. അഭിനയം ഒരു മോഹമായി കൊണ്ടുനടക്കുമ്പോഴും സിനിമ അദ്ദേഹത്തിണ്റ്റെ സ്വപ്നങ്ങളില്‍ കടന്നുവരാതിരുന്നതിണ്റ്റെ കാരണവും മറ്റൊന്നാവാന്‍ വഴിയില്ല. സ്വന്തം ശരീരത്തിണ്റ്റെ പരിമിതികള്‍ മനസ്സിലായതുകൊണ്ട്‌ സ്നേഹവും പ്രണയവുമൊന്നും മനസ്സില്‍ കയറിവന്നില്ല എന്ന്‌ അദ്ദേഹം പറയുമ്പൊഴും തണ്റ്റെ ലാളിത്യത്തിനാല്‍ അദ്ദേഹം ഉയര്‍ന്നു നില്‍ക്കുന്നു, ആറടിക്കാരേയും സുന്ദരന്‍മാരായ നായകന്‍മാരേയും കുള്ളന്‍മാരാക്കുന്നു.

നന്നായി പഠിച്ചിട്ടും പൂമ്പാറ്റകളുടെ ഇടയില്‍ ഇരിക്കാതെ, കാണാനൊട്ടും ചേലില്ലാത്ത തണ്റ്റെ സ്ഥാനം പിന്‍ബെഞ്ചിലാണെന്ന്‌ സ്വയം തീരുമാനിച്ചതും, നാലാം ക്ളാസ്സില്‍ വെച്ച്‌ പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതനായതും ഇത്തിരി പോലും നാട്യമില്ലാതെയാണ്‌ ഇന്ദ്രന്‍സ്‌ വിവരിക്കുന്നത്‌. പണ്ട്‌ പിന്‍ബെഞ്ചിലിരു്‌ പഠിച്ച്‌ ഇടയ്ക്ക്‌ വെച്ച്‌ പഠിത്തം നിര്‍ത്തിപ്പോയ അതേ സ്കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുന്‍സീറ്റിലില്‍ ഇടം പിടിക്കാതെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന്‌ വേദിയിലിരുന്ന്‌ തിരഞ്ഞത്‌ തികഞ്ഞ ആത്മാര്‍ഥമായിത്തയൊണ്‌ ഇന്ദ്രന്‍സ്‌ പറയുന്നത്‌. തണ്റ്റെ ഇഷ്ടപ്പെട്ട തൊഴില്‍ ഇപ്പോഴും തയ്യലാണെന്ന്‌ പറയാന്‍ ഒട്ടും മടിയില്ല, അദ്ദേഹത്തിന്‌.

സിനിമയില്‍ തിരശ്ശീലയ്ക്ക്‌ പിമ്പിലും മുമ്പിലും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ നിരീക്ഷണം 'സിനിമയില്‍ ഫോര്‍വേഡുകള്‍ മാത്രമേയുള്ളു' എത്‌ വളരെ കൃത്യമാണ്‌. മമ്മൂട്ടിയെ ഡബിള്‍ബുള്‍ ഷര്‍ട്ടിണ്റ്റെ കാര്യത്തില്‍ പറ്റിച്ച സംഭവത്തില്‍ തമാശയുണ്ടെങ്കിലും നമ്മുടെ നായകനടന്‍മാരുടെ അനാവശ്യ ജാഢകളിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. താരങ്ങളുടെ പെരുമാറ്റത്തിലെ ധിക്കാരം, മറ്റുള്ളവരോടുള്ള പുഛം ഒക്കെ തുറന്നെഴുതുമ്പോള്‍ അതിണ്റ്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ ഒട്ടും ബേജാറാവുന്നില്ല ഇന്ദ്രന്‍സ്‌. രാജാവ്‌ നഗ്നനാണ്‌ എന്ന്‌ വിളിച്ച്‌ പറഞ്ഞ കുട്ടിയെപ്പോലെ ഒരു നിയോഗമെന്ന മട്ടില്‍ തണ്റ്റെ അഭിപ്രായം അദ്ദേഹം തുറന്ന്‌ പറയുന്നു.

സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തുകൊണ്ടിരിക്കെ കൃത്യമായി പ്രതിഫലം കിട്ടാതിരിക്കുമ്പോഴും തമിഴ്നാട്ടിലെ നേതാക്കളുടെ ഗുണ്ടായിസത്തിനിരയാകുമ്പോഴും സഹായിക്കാന്‍ ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ചതായി അദ്ദേഹം പറയുന്നു. ഒടുവില്‍ കേരളത്തില്‍ സംഘടന വന്നപ്പോള്‍ പരസ്പരം മത്സരിക്കാനും തെറിവിളിക്കാനും മാത്രമേ സംഘടനയ്ക്ക്‌ സമയമുള്ളൂ എന്ന്‌ ഇന്ദ്രന്‍സ്‌ അമര്‍ഷം കൊള്ളുന്നു. ഇതിനിടയില്‍ സിനിമയേയും, അതിലെ യഥാര്‍ഥ പ്രശ്നങ്ങളെയും സിനിമാപ്രവര്‍ത്തകരുടെ ആവശ്യങ്ങളെയും ഒക്കെ ഓര്‍ക്കാന്‍ സംഘടനകള്‍ക്ക്‌ സമയം കിട്ടുന്നില്ല എന്നും അദ്ദേഹം.

ഇടതുപക്ഷത്തെപ്പറ്റിയുള്ള നിരീക്ഷണത്തിലുമുണ്ട്‌ ഈ ധൈര്യവും സ്ഥൈര്യവും. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവര്‍ പോലും രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടെടുക്കാന്‍ തയ്യാറാവാതെ അഴകൊഴമ്പന്‍ വാക്കുകള്‍ പറഞ്ഞൊഴിയുന്നതാണ്‌ നമ്മള്‍ കണ്ടുവരുന്നത്‌. മറ്റു പല താരങ്ങളെപ്പോലെ തണ്റ്റെ ആരാധകവൃന്ദങ്ങളേയും ഫാന്‍സ്‌ അസോസിയേഷന്‍സിനേയും പേടി ഇല്ലാത്തതുകോണ്ട്‌ ഒട്ടും കൂസാതെ അദ്ദേഹം നിലപാട്‌ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷത്തിന്‌ എന്ത്‌ പോരായ്മകളുണ്ടെങ്കിലും അവരുടെ അഭാവം കേരള സാമൂഹ്യ രാഷ്ട്രീയ രംഗത്തിന്‌ നഷ്ടമായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ തരുന്നു.

കാഴ്ചയില്‍ ചെറുതായ ഈ മനുഷ്യന്‍ പറയുന്നതും ചെറിയ ചെറിയ കാര്യങ്ങളാണ്‌. പക്ഷെ ഇവയ്ക്ക്‌ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒട്ടും ചെറുതല്ലാത്ത സ്ഥാനമാണുള്ളത്‌. വലിയ വായില്‍ വലിയ കാര്യങ്ങള്‍ വിളിച്ചുപറയാതെ ഇന്ദ്രന്‍സ്‌ നമ്മിലൊരാളാവുന്നു. എന്നാല്‍ നമ്മില്‍ നിന്നെല്ലാം ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.

Wednesday, January 13, 2010

പിണറായിയുടെ വീട്‌


ഫാ. മാത്യു കോയിക്കലാണ്‌ 'പിണറായിയുടെ വീടി'ണ്റ്റെ ചിത്രം ഇ-മയിലില്‍ അയച്ചു തന്നത്‌. ഏറെ നാളുകള്‍ക്കുശെഷമാണ്‌ ഫാ. മാത്യു കോയിക്കലിണ്റ്റെ ഒരു മെയില്‍ കിട്ടുന്നത്‌. അത്‌ സി.പി.എം സെക്രട്ടറിയും കേരളത്തിലെ മാധ്യമങ്ങളുടെ, അതിലൂടെ നല്ലൊരു ശതമാനം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരല്ലാത്ത സാധാരണജനങ്ങളുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനുമായ പിണറായി വിജയണ്റ്റെ വീടിണ്റ്റെ ചിത്രമായതും യാദൃശ്ചികമല്ല തന്നെ.

ഫാ. മാത്യു കോയിക്കലിനെ പാരിചയമുണ്ട്‌. ഏതാണ്ട്‌ രണ്ടു വര്‍ഷം ഞങ്ങള്‍ ദെല്‍ഹി വസന്ത്‌കുഞ്ച്‌ മലയാളി അസ്സോസിയഷനില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അദ്ദേഹം അതിണ്റ്റെ പ്രസിഡണ്റ്റായിരുന്നു, ഞാന്‍ കലാസാംസ്കാരിക പരിപാടികളുടെ സംഘാടകനും. രാഷ്ട്രീയം ഒരിക്കലും ഞങ്ങള്‍ സംസാരിച്ചിരുന്നതായി ഓര്‍മയില്ല. എങ്കിലും എണ്റ്റെ കമ്യൂണിസ്റ്റ്‌ ഭൂതകാലത്തിണ്റ്റെ സൂചനകള്‍ ഫാദറിന്‌ കിട്ടിയിരിക്കണം. അതങ്ങനെയാണ്‌ ഒരിടതുപക്ഷക്കാരന്‍ അവണ്റ്റെ നിറം അവന്‍ പോലുമറിയാതെ പുറത്തുകാണിച്ചു പോകും. അമേരിക്കയോ പാലസ്തീനോ ആണവക്കരാറോ ഗുജറാത്തോ അങ്ങനെ എന്തെങ്കിലും വിഷയം എപ്പോഴും അവനെ അവനായി കാണിക്കാന്‍ തയ്യാറായി ചുറ്റുമുണ്ട്‌. എം.എന്‍.വിജയന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ത്തുപോകുന്നു, "നിങ്ങളുടെ വാക്കുകള്‍ നിങ്ങളെ വിവസ്ത്രനാക്കുന്നു".

ഒരു പഴയ കമ്യൂണിസ്റ്റായ എണ്റ്റെ ഉള്ളില്‍ ചില പുണ്ണുകളുണ്ടവുമെന്നും അതില്‍ ഒന്ന്‌ കുത്തി നോവിക്കുക എന്നും ഉള്ള തികച്ചും സ്വഭാവികമായ ഒരു കുസൃതി മാത്രമേ ഫാദര്‍ ഉദ്ദേശിച്ചിരിക്കുകയുള്ളു. എണ്റ്റെ ഉള്ളില്‍ പുണ്ണുകള്‍ ധാരാളമുണ്ടെന്നത്‌ നേര്‌. അതില്‍ കുത്താനും നോവിക്കാനും ഇതിലും അടിസ്ഥാനപരമായ ധാരാളം വിഷയങ്ങള്‍ ഉണ്ടെന്നത്‌ വേറെ കാര്യം. അതല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശം.

'പിണറായിയുടെ വീടി'ണ്റ്റെ സത്യം ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അത്‌ ചെയ്തത്‌ ആരാണെന്നതോ അതിണ്റ്റെ ഉദ്ദെശം എന്താണെന്നതൊ ഒക്കെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ പോലീസും അതിണ്റ്റേതായ സംവിധാനവുമുണ്ട്‌. അവര്‍ അത്‌ ചെയ്യട്ടെ. തികച്ചും ആസൂത്രിതമായി ചിലര്‍ നടത്തിയ ഒരു അസത്യപ്രചരണം എത്ര പെട്ടെന്ന്‌ എത്ര ആയിരം ആളുകളില്‍ എത്തിയിരിക്കണം?

ഇത്‌ തുടങ്ങിവെച്ചവര്‍ക്ക്‌ ചിലപ്പോള്‍ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നിരിക്കണം. പക്ഷെ ഇതിണ്റ്റെ സത്യമറിയാതെ അത്‌ ഫോര്‍വേര്‍ഡ്‌ ചെയ്തുകൊണ്ടിരുന്ന ഫാദറിനെപ്പോലുള്ള ആളുകള്‍ക്കൊന്നും അങ്ങനെ ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല. എന്നിട്ടും അതിണ്റ്റെ പ്രചരണം ജ്യോമെട്രിക്‌ പ്രോഗ്രെഷനില്‍ നടന്നു. ഇണ്റ്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്കറിയാം ഒരു ഇ-മെയില്‍ കിട്ടുന്ന ആള്‍ അത്‌ ഫോര്‍വേര്‍ഡ്‌ ചെയ്യുന്നത്‌ തണ്റ്റെ അഡ്രസ്സ്‌ ലിസ്റ്റില്‍ ഉള്ള ആളുകള്‍ക്ക്‌ മൊത്തമായിട്ടാണ്‌.

എന്തുകൊണ്ടാണ്‌ ഇങ്ങനെയുള്ള ഇ-മെയില്‍ വന്‍പ്രചരണം നേടുന്നത്‌. പത്രത്തിലോ മറ്റു മീഡിയയിലോ വരുന്ന കാര്യങ്ങള്‍ ഇങ്ങനെ മുന്‍പിന്‍ നോക്കാതെ ആരും ഇക്കാലത്ത്‌ വിഴുങ്ങാറില്ല. വരുന്ന പത്രത്തിനും അല്ലെങ്കില്‍ ചാനലിനും അവരുടേതായ രാഷ്ട്രീയം ഉണ്ടെന്നുള്ള കാര്യം കേരളത്തിലെങ്കിലും എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇണ്റ്റര്‍നെറ്റിണ്റ്റെ കാര്യം അങ്ങനെയല്ല.

കമ്പ്യുട്ടറിന്‌ തെറ്റ്‌ പറ്റില്ല എന്നത്‌ കേവലയുക്തി നമ്മളെ പഠിപ്പിച്ചിട്ടുണ്ട്‌. ഇണ്റ്റര്‍നെറ്റില്‍ വരുന്ന കാര്യം കമ്പ്യുട്ടര്‍ എന്ന സൂപ്പര്‍ ഇണ്റ്റെലിജെണ്റ്റ്‌ ആയ ഉപകരണം ആണ്‌ നമ്മുടെ മുന്നില്‍ എത്തിക്കുന്നത്‌. ഇണ്റ്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും കമ്പ്യൂട്ടര്‍ എന്ന തെറ്റ്‌ പറ്റാത്ത ഉപകരണവുമായി എങ്ങനെയോ ഒരു താദാത്മ്യം നാമറിയാതെ വന്നുചേരുന്നുണ്ട്‌. ഇത്‌ കാരണമായിരിക്കുമോ ഇണ്റ്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥയില്‍ ഒരു ചെറിയ സംശയം പോലുമില്ലാതെ ഒരുമാതിരിപ്പെട്ട എല്ലാവരും അവ മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. സത്യം എന്താണെന്നാല്‍ ഇങ്ങനെ ഫോര്‍വേര്‍ഡ്‌ ചെയ്യപ്പെടുന്ന ഭൂരിഭാഗം മെയിലുകളും തികഞ്ഞ അസംബന്ധമാണ്‌. ഇതറിയാതെ അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ നമ്മളൂം ഈ അബദ്ധങ്ങളുടെ പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നു.

ഇണ്റ്റര്‍നെറ്റില്‍ ഇങ്ങനെ പ്രചരിക്കുന്ന മെയിലുകളുടെ ചില ഉദാഹരണങ്ങള്‍

ഈ മെയില്‍ നിങ്ങള്‍ അഞ്ചുപേര്‍ക്ക്‌ അയച്ചാല്‍ ഒരു അത്ഭുതം സംഭവിക്കും. പത്തു പേര്‍ക്കയച്ചാല്‍ അത്യത്ഭുതം. പതിനഞ്ചുപേര്‍ക്കയച്ചാലോ മഹാത്ഭുതം. ഇങ്ങനെയുള്ള വെളിപാടുകള്‍. ഇത്‌ വെറും തട്ടിപ്പാണെന്ന്‌ പറയാനുള്ള ആര്‍ജവം എപ്പോഴും സ്വന്തം സുരക്ഷിതത്തെക്കുറിച്ച്‌ പേടിയുള്ള നമ്മള്‍ക്ക്‌ കൈമോശം വന്നിരിക്കുന്നു.

എ.ടി.എം റൂമില്‍ വെച്ച്‌ കള്ളന്‍മാര്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ കാര്‍ഡ്‌ നമ്പര്‍ വിപരീതക്രമത്തില്‍ ഫീഡ്‌ ചെയ്യുക. എങ്കില്‍ പോലീസിന്‌ സന്ദേശം കിട്ടും, പോലീസെത്തി നിങ്ങളെ രക്ഷിക്കും എന്ന പ്രായോഗികമായ 'അറിവു'കള്‍. (അതെങ്ങനെ സാധിക്കും എന്ന്‌ ഒരു സംശയം പോലും തോന്നാതെ നമ്മള്‍ അത്‌ എല്ലാവര്‍ക്കും അയച്ചു).

പുതുതലമുറയുടെ വിജയപ്രതീകമായ ബില്‍ ഗേറ്റ്സ്‌ തണ്റ്റെ സ്വത്തിണ്റ്റെ നല്ലൊരു ഭാഗം ഈ ലോകത്തിലെ ജനങ്ങള്‍ക്കായി പങ്കുവെക്കുന്നു. ഒരു പങ്ക്‌ കിട്ടാന്‍ ഈ മെയില്‍ പതിനഞ്ച്‌ പേര്‍ക്കയക്കുക. അങ്ങനെ ഭാഗ്യാന്വേഷികളെത്തേടി വേറൊരു മെയില്‍. പോയാല്‍ ഒരു മെയില്‍; കിട്ടിയാലോ.... അതും നമ്മള്‍ ഫോര്‍വേര്‍ഡ്‌ ചെയ്തു.

മനസ്സില്‍ നന്‍മയുടെയും കാരുണ്യത്തിണ്റ്റേയും ഉറവ വറ്റിയിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ വേറൊരു മെയില്‍. അത്യാസന്നനിലയില്‍ കിടക്കുന്ന ഒരു കുഞ്ഞിണ്റ്റെ ഫോട്ടോയും ഒരു സന്ദേശവും. ഈ പിഞ്ചുകുഞ്ഞ്‌ ചികിത്സക്ക്‌ പണമില്ലാതെ ബുദ്ധിമുട്ടുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ മെയില്‍ കഴിയുന്നത്ര പേര്‍ക്ക്‌ അയച്ചുകൊടുക്കുക. ഒരാള്‍ക്ക്‌ അയക്കുമ്പോള്‍ ആ കുടുംബത്തിന്‌ ഒരു ചെറിയ തുക കിട്ടുന്നു. നിങ്ങളില്‍ മനുഷ്യത്വത്തിണ്റ്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇത്‌ അയക്കും. ഒരു ചിലവുമില്ലാതെ തണ്റ്റെ മനുഷ്യത്വം കാണിക്കാന്‍ കിട്ടുന്ന ചാന്‍സ്‌ ആരെങ്കിലും വേണ്ടെന്ന്‌ വെക്കുമോ?

കിടക്കുന്ന കട്ടിലിണ്റ്റെ ദിശ നിര്‍ണ്ണയിക്കുന്നത്‌ തുടങ്ങി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്‌ വരെ ഇങ്ങനെ നമ്മുടെ മേല്‍ ചൊരിയാനിരിക്കുന്ന ഭൌതികാനുഗ്രഹവര്‍ഷം മുന്നില്‍ കണ്ടാണ്‌. ഇത്രയും പറഞ്ഞത്‌ ഇണ്റ്റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യങ്ങളോട്‌ അഭ്യസ്തവിദ്യര്‍ പോലും എടുക്കുന്ന സമീപനം എത്ര ലാഘവത്തോടുള്ളതാണ്‌ എന്ന്‌ കാണിക്കാന്‍ മാത്രം.

പത്രത്തിലോ മറ്റു മീഡിയയിലോ ഇങ്ങനെ ഒരു അസത്യം ആര്‍ക്കും പ്രചരിപ്പിക്കാനാവില്ല. ചില മുത്തശ്ശിപ്പത്രങ്ങള്‍ ചില വാര്‍ത്തകളും ചിത്രങ്ങളും ഇങ്ങനെ കൃത്യമായ ഉദ്ദേശത്തോടുകൂടി പലപ്പോഴും പ്രചരിപ്പിച്ചിണ്ടുണ്ടെങ്കിലും അതിനും ചില മറയും മറക്കുടയും ഉണ്ടായിരുന്നു. നാട്ടിലെ നിയമങ്ങളേയും മറ്റും പേടിച്ചുതന്നെയാണ്‌ പച്ചയായ നുണപ്രചരണങ്ങള്‍ക്ക്‌ ചിലരെങ്കിലും മുതിരാത്തത്‌.

ഇത്തരം നുണപ്രചരണങ്ങള്‍ തടയാന്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്‌ ചെയ്യട്ടെ. നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെങ്കില്‍ പുതിയ നിയമനിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകട്ടെ. പക്ഷെ ഇണ്റ്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമ്മള്‍ കുറച്ചുകൂടി വിവേചനബുദ്ധി കാണിക്കേണ്ടതല്ലേ എന്നതാണ്‌ പ്രസക്തമായ ചോദ്യം. അതില്ലെങ്കില്‍ നിയമങ്ങള്‍ കൊണ്ട്‌ ഒരു കാര്യവുമില്ലാതെ വരും.

Tuesday, January 5, 2010

പ്രണയം പടിയിറങ്ങിയപ്പോള്‍

സിജി സുരേന്ദ്രന്‍ ഇട്ട ഒരു പോസ്റ്റ്‌ വായിക്കാനിടയായി. 'വീണ്ടുമൊരു കൂടിക്കാഴ്ച'. തന്നെ വിട്ട്‌ മറ്റൊരു കൂട്‌ തേടിപ്പോയ കാമുകന്‍ പുതിയ ഇണയുമായി കാമുകിയെ കാണാന്‍ വരുന്നതും അതു കാമുകിയില്‍ ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളും ആണ്‌ വിഷയം. അതിണ്റ്റെ ഒരു മറുപുറം ആലോചനയില്‍ വന്നു. എഴുതണമെന്ന്‌ തോന്നി.

കഥ തുടങ്ങുമ്പോള്‍ നായകന്‌ പതിനേഴോ പതിനെട്ടൊ വയസ്സ്‌. നായിക പതിനഞ്ചിലും. നായിക വിരുന്നു വരുന്നത്‌ നായകണ്റ്റെ അയല്‍പക്കത്ത്‌. പയ്യന്‌ നീണ്ട മുടി പോലെത്തന്നെ പാട്ടുകളും ശരീരത്തിണ്റ്റെ ഭാഗം. നന്നായി പാടുമായിരുന്ന പയ്യന്‍ ചെടികളേയും മരങ്ങളേയും തണ്റ്റെ കേള്‍വിക്കാരാക്കി. (റിയാലിറ്റി ഷോകള്‍ ഇല്ലാത്ത കാലമാണല്ലോ. ആനയ്ക്‌ മുമ്പേ ചങ്ങലനാദം എന്ന പോലെ പയ്യണ്റ്റെ യാത്രയ്ക്‌ മുന്നോടിയായി പാട്ടുകള്‍ ഉണ്ടായിരുന്നു. കൌമാരപ്രണയം വിരിയാന്‍ പറ്റിയ പശ്ചാത്തലം. ഇന്നത്തെപ്പോലെ മോട്ടോര്‍ ബൈക്കോ, മൊബൈല്‍ ഫോണോ ആയിരുന്നില്ല പ്രണയം വിരിയാന്‍ മിനിമം ചേരുവ.

പയ്യന്‍ ഹൃദയം തുറന്ന്‌ പാടി. ശ്രുതി തെറ്റിയോ സംഗതികള്‍ പാളിയോ എന്ന്‌ നോക്കാതെ കാമുകി കണ്ണുകള്‍ കൊണ്ട്‌ അഭിനന്ദങ്ങള്‍ വാരി വിതറി. വരികളിലെ പ്രണയം കാമുകിയുടെ കവിളിണയില്‍ ചെമ്പനീര്‍ പൂവായ്‌ വിരിഞ്ഞു. അവള്‍ ഓടിപ്പോകും വസന്തമായി. ശ്രീകുമാരന്‍ തമ്പിയുടെയും അര്‍ജുനന്‍മാഷുടേയും പാട്ടുകള്‍ മഴയായ്‌ പെയ്തിറങ്ങി. മഴയ്‌കുശേഷവും മരങ്ങള്‍ നിര്‍ത്താതെ പെയ്തുകൊണ്ടേയിരുന്നു. വയലാറിണ്റ്റെയും ഭാസ്കരന്‍ മാഷിണ്റ്റെയും വിരഹഗനങ്ങളോ, ബാബുരാജിണ്റ്റെ ഗസലുകളോ ഉള്ളിലെത്താന്‍ തുടങ്ങിയിരുന്നില്ല.

ഗ്രാമത്തിലെ ഒരേയൊരു സിനിമാക്കൊട്ടകയില്‍ കയറാന്‍ ഒരു സൌഭാഗ്യം പോലെ കിട്ടുന്ന അവസരങ്ങള്‍ അവള്‍ അവനെ അറിയിച്ചു. അവന്‍ പുരുഷന്‍മാര്‍ക്കുള്ള നിരയില്‍ ബെഞ്ച്‌ ടിക്കറ്റെടുത്തു കയറി. അവള്‍ അമ്മയൊടും സഹോദരങ്ങളോടുമൊപ്പം സ്ത്രീകളുടെ നിരയിലും. പ്രേംനസീറിണ്റ്റെയും ഷീലയുടേയും പ്രണയത്തില്‍ അവര്‍ അകലത്തിരുന്നും ഒരുമിച്ച്‌ നനഞ്ഞു. അവരുടെ പ്രേമമുദ്രകള്‍ അവര്‍ സ്വന്തം ഉടലില്‍ ഏറ്റുവാങ്ങി. പ്രേംനസീര്‍ ഷീലയുടെ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ രക്തം ഇരച്ചുകയറിയത്‌ അവളുടെ കവിളില്‍ ആയിരുന്നു. ആ നിര്‍വൃതിയില്‍ നിറഞ്ഞ്‌ അവര്‍ വീടുകളിലേക്ക്‌ തിരിച്ചു പോയി.

രണ്ട്‌ കൌമാരഹൃദയങ്ങളുടെ ഉത്സവമായ പ്രണയം മറ്റുള്ളവര്‍ക്ക്‌ പൊറുക്കാന്‍ കഴിയാത്ത തെറ്റായിരുന്നു. ഒളിഞ്ഞും മറഞ്ഞുമുള്ള കുറ്റപ്പെടുത്തലുകള്‍. പ്രണയിക്കുന്ന തങ്ങളെ നോക്കി പൂക്കള്‍ ചിരിക്കുമ്പോള്‍, മരച്ചില്ലകള്‍ ചാമരം വീശുമ്പോള്‍ ഈ മനുഷ്യര്‍ മാത്രം എന്താണിങ്ങനെ എന്ന്‌ മനസ്സിലാകാതെ അവര്‍ നൊമ്പരപ്പെട്ടു. എങ്കിലും അവര്‍ കാണാതെയും കണ്ടുകൊണ്ടിരുന്നു. കേള്‍ക്കാതെയും പരസ്പരം കേട്ടുകൊണ്ടിരുന്നു. അകലത്തിരുന്നും സാമീപ്യം അനുഭവിച്ചു.

കോളേജിലെ അവണ്റ്റെ ആദ്യ വര്‍ഷങ്ങള്‍ തികച്ചും സാധാരണമായിരുന്നു. പഠിത്തവും അത്യാവശ്യം സമരവും. കോളേജ്‌ കാമ്പസ്സുകള്‍ എസ്‌ എഫ്‌ ഐ വിതച്ച കൊടുങ്കാറ്റില്‍ പ്രകമ്പനം കൊണ്ടിരുന്ന എഴുപതുകള്‍. അതില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ മോശമല്ലാത്ത വായനയും ഉള്ളില്‍ പ്രായത്തിണ്റ്റെ തീയും കൊണ്ടുനടന്നിരുന്ന അവനാവുമായിരുന്നില്ല. അവനറിയാതെ ആ ഒഴുക്കിലേക്ക്‌ എടുത്തെറിയപ്പെട്ടു. പാട്ട്‌ പാടിയിരുന്ന അവന്‍ അത്‌ നിര്‍ത്തി. പകരം മുദ്രാവാക്യം വിളി ശീലിച്ചു. കൈയെഴുത്തുമാസികകളില്‍ കവിതയും കഥയും എഴുതിയിരുന്ന സര്‍ഗശക്തി പരിപൂര്‍ണമായും മുദ്രാവാക്യങ്ങള്‍ എഴുതുന്നതിലും നോട്ടീസ്‌ ഡ്രാഫ്റ്റ്‌ ചെയ്യുന്നതിലേക്കും മാറ്റി പ്രതിഷ്ഠിച്ചു. ആരും പറയാതെതന്നെ പ്രണയം അവണ്റ്റെ മനസ്സില്‍നിന്ന്‌ പടിയിറങ്ങി.

പ്രണയം കൌമാരകാല ദുര്‍ബലഹൃദയങ്ങളുടെ നേരമ്പോക്ക്‌ മാത്രമാണെന്നും വിപ്ളവകാരികള്‍ക്ക്‌ അത്തരം നേരമ്പോക്കുകള്‍ക്ക്‌ സമയമില്ലെന്നും അവന്‍ മനസ്സിലാക്കി. ഉള്ളില്‍ എരിഞ്ഞു നിന്ന വിപ്ളവത്തീയില്‍ കരിയാന്‍ മാത്രമുള്ളതായിരുന്നു പ്രണയത്തിണ്റ്റെ കളകള്‍. കാട്ടാളന്‍ എഴുതിയപ്പോള്‍ തന്നെ കടമ്മനിട്ട ശാന്തയും എഴുതിയെന്നത്‌ വിപ്ളവത്തിണ്റ്റെ തിളപ്പില്‍ അറിയാന്‍ കൂട്ടാക്കാതിരുന്ന കാലം. നെരൂദയുടെ പ്രണയകവിതളോ മാര്‍ക്സ്‌ ജെന്നിക്കെഴുതിയ പ്രണയകവിതകളോ വായിച്ചിരുന്നില്ല. വായിച്ചിരുന്നെങ്കില്‍ക്കൂടി മാര്‍ക്സിനേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാകുവാനുള്ള ആവേശത്തില്‍ അവ ഉള്ളില്‍ കയറുമായിരുന്നില്ല.

ആരും നിര്‍ബന്ധിക്കാതെ, ആരോടും പറയാതെ അവന്‍ ഒരു തീരുമാനത്തിലെത്തി. ആ തീരുമാനത്തിണ്റ്റെ പതാക അവന്‍ ഉള്ളില്‍ ആഴത്തില്‍ കുത്തിനിര്‍ത്തി. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്കായി ജീവിതം തന്നെ ത്യജിച്ച അനേകം വിപ്ളവകാരികള്‍ അവണ്റ്റെ ഉള്ളില്‍ നിന്ന്‌ മുഷ്ടി ചുരുട്ടി അഭിവാദനങ്ങള്‍ നേര്‍ന്നു. കാത്തുനിന്ന തണ്റ്റെ കാമുകിയുടെ അടുത്തെത്തിയ അവന്‍ അവളുടെ മുഖത്തുനോക്കിയില്ല. തികച്ചും നാടകീയമായി അവന്‍ തണ്റ്റെ തീരുമാനം അവളോട്‌ പറഞ്ഞു. അവണ്റ്റെ ശബ്ദത്തിലെ നിസംഗത അവള്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. അവള്‍ വിശ്വാസം വരാതെ അവനെ നോക്കി നിന്നു. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ നിര്‍ത്താതെ കരഞ്ഞു. ആ കരച്ചില്‍ അവണ്റ്റെ കാതില്‍ വീണില്ല. അവന്‍ തിരിഞ്ഞു നടന്നു, തണ്റ്റെ പ്രണയം വിപ്ളവത്തിനായി ത്യജിച്ച വിപ്ളവകാരികളില്‍ ഒരാളായ്‌ നെഞ്ചുയര്‍ത്തിതന്നെ.

അവളുടെ വിവാഹം കഴിഞ്ഞു. ക്ഷണിച്ചിരുന്നെങ്കിലും അവന്‍ പോയില്ല. അവന്‍ വിപ്ളവപ്രവര്‍ത്തനത്തിനിടയിലും പഠിച്ചു. മാര്‍ക്ക്‌ കുറഞ്ഞെങ്കിലും മോശമില്ലാതെ പാസ്സായി. പ്രവര്‍ത്തനം യുവജനരംഗത്തേക്കും, പിന്നീട്‌ പാര്‍ട്ടിയിലേക്കും വളര്‍ന്നു. താമസിയാതെ തന്നെ സ്വപ്നങ്ങളും യാഥാര്‍ത്യവും തമ്മിലുള്ള അന്തരം മനസ്സിലായിത്തുടങ്ങി. വീര്‍പ്പുമുട്ടി തുടങ്ങാന്‍ ഏറെ സമയം വേണ്ടിവന്നില്ല. പാര്‍ട്ടിയില്‍ അന്യനായിത്തുടങ്ങുന്നോ എന്ന്‌ തോന്നിയ കാലത്ത്‌ ഒരു ഭാഗ്യം പൊലെ ജോലി കിട്ടി, അതും അന്യ നാട്ടില്‍.

നാട്ടില്‍ വരുമ്പോളൊക്കെ സുഹൃത്തുക്കള്‍ പറയുമായിരുന്നു, അവളുടെ വിശേഷങ്ങള്‍. അമ്മയായതും എന്നാല്‍ ഇപ്പോഴും തന്നോടുള്ള സ്നേഹം അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞതും. ഉള്ളില്‍ തോന്നിയത്‌ സന്തോഷത്തേക്കാള്‍ കൂടുതല്‍ സ്വല്‍പം അഹങ്കാരമാണ്‌.

ഒരിക്കല്‍ ലീവിന്‌ നാട്ടില്‍ വന്നപ്പോള്‍ അവളുടെ അനിയന്‍ വന്ന്‌ പറഞ്ഞു, 'ചേച്ചി ഒന്ന്‌ കാണണമെന്ന്‌ പറഞ്ഞു. വീട്ടില്‍ വന്നിട്ടുണ്ട്‌.' എന്ന്‌. ഏറെ സംശയിച്ചാണെങ്കിലും ഒടുവില്‍ പോകാന്‍ തീരുമാനിച്ചു. അവളുടെ വീട്ടില്‍ പലതവണ സന്ദര്‍ശിച്ചിട്ടുള്ളതായിരുന്നു. കുറെ നേരം സംസാരിച്ചിരുന്നു. ചായ കുടിച്ച്‌ തിരിച്ചു പോന്നു. പിന്നീട്‌ ഇത്‌ പല തവണ ആവര്‍ത്തിച്ചു. ലീവില്‍ വരുമ്പോഴെല്ലാം ഒരു തവണയെങ്കിലും അവളെ കാണുന്നത്‌ പതിവായി. അതിനിടെ അവണ്റ്റെ വിവാഹം കഴിഞ്ഞു. അവളും ഭര്‍ത്താവും വന്നു, കല്യാണം കൂടി. പിന്നീട്‌ കുറെ നാള്‍ ഒരു വിവരവും ഉണ്ടായില്ല. സ്ഥലം മാറ്റം കാരണം കുറെകൂടി ദൂരെ പോയി. ഒടുവില്‍ നാട്ടില്‍ പോസ്റ്റിംഗ്‌ ആയി തിരിച്ചെത്തി. മകന്‍ പിറന്നു. അവന്‌ ഒരു വയസ്സായി. അപ്പോള്‍ ഒരു ദിവസം അവളുടെ അനിയന്‍ വന്നു പറഞ്ഞു, ചേച്ചി വീട്ടിലുണ്ടെന്ന്‌.

അവന്‌ തോന്നിയത്‌ ഒരു കുസൃതിയാണ്‌. ശ്രീമതിയോട്‌ പറഞ്ഞു, 'ഇന്ന്‌ നമുക്കൊരു സ്ഥലത്ത്‌ പോകണം.' എവിടെയാണെന്ന അവളുടെ ചൊദ്യത്തിന്‌ മറുപടി പറഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ അവള്‍ മടിക്കുമോ എന്ന്‌ ഒരു സംശയം. ആദ്യം കയറിചെന്നത്‌ അവനാണ്‌. അവളുടെ കവിളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിരിഞ്ഞ അതേ പനിനീര്‍ പൂ. പുറകില്‍ മകന്‍ പിച്ച വെച്ച്‌ കയറി വന്നു. പിന്നാലെ ശ്രീമതിയും. വിരിഞ്ഞുനിന്ന പനിനീര്‍പ്പൂ വാടിയത്‌ അവന്‍ മാത്രമറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ സംസാരിച്ചു, ചായ കുടിച്ചു. തിരിച്ചു പോന്നു. പിന്നീടൊരിക്കലും അവള്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടില്ല. ഒരു കുസൃതി മാത്രമായി ഞാന്‍ ചെയ്ത കാര്യം അവന്‍ ഉദ്ദേശിക്കാത്ത ഒരു സന്ദേശമാണ്‌ അവള്‍ക്ക്‌ നല്‍കിയതെന്ന്‌ അപ്പോള്‍ മാത്രമാണ്‌ അവന്‌ മനസിലായത്‌. പ്രണയം പടിയിറങ്ങിപ്പോയ അവണ്റ്റെ മനസ്സിന്‌ അറിയാന്‍ കഴിയാത്ത ഒരവസ്ഥയാണത്‌.

ആദ്യം പ്രണയം അവണ്റ്റെ മനസ്സില്‍ നിന്ന്‌ പടിയിറങ്ങി. പിന്നീട്‌ വിപ്ളവത്തില്‍ നിന്ന്‌ അവന്‍ പുറത്തായി. പിന്നീടെപ്പോഴോ അവന്‍ ഇങ്ങനെ കുറിച്ചു,
ചിത്രശലഭത്തിണ്റ്റെ
അറ്റുപോയ ചിറകാണെണ്റ്റെ പ്രണയം
ഒഴുക്കില്‍ നിന്ന്‌ വേര്‍പെട്ട്പോയനീര്‍ച്ചാല്‍.

****