Thursday, March 31, 2016

ഒരിക്കലും കേൾക്കാത്ത പാട്ട്

പാട്ട് എന്നും എപ്പോഴും കൂടെയുണ്ടായിരുന്നു. ചേച്ചിയും വലിയേട്ടനും നവജീവൻ വായനശാലയുടെ ഗ്രാമീണ റേഡിയോവും പാട്ടിലേക്ക് വലിച്ചടുപ്പിച്ചു. പുതിയ പാട്ട് കേട്ടാൽ അതെങ്ങനെയെങ്കിലും പഠിച്ചെടുക്കുന്നതുവരെ അതു മാത്രമായിരിക്കും ഊണിലും ഉറക്കത്തിലും നടത്തത്തിലും. പാട്ടുകൾ കേൾക്കാനുള്ള സൗകര്യം ഒട്ടുമില്ലാതിരുന്നതു കാരണം പലപ്പോഴും പാട്ടുപാടുന്ന സുഹൃത്തുക്കളിൽ നിന്നാവും പഠിച്ചെടുക്കുക. 

വീട് റെയിലിന്‌ കിഴക്കുവശത്തായിരുന്നു. റെയിൽ ഒരു മഹാമേരുപോലെ കിടക്കുന്നതുകാരണം ഇവിടത്തെ വീടുകളിൽ കറന്റ് എത്താൻ ഒരു പാട് വൈകി. ഒടുവിൽ വീട്ടിൽ വൈദ്യുത വെളിച്ചം  1989-ലോ 90-ലോ മറ്റോ ആണ്‌. അടുത്ത അങ്ങാടി പുത്തൻ പീടിക. നവജീവൻ വായനശാലയും അവിടെത്തന്നെ. എന്നുമുള്ള ചുടലപ്പറമ്പ് മൈതാനത്തിലെ ഫുട്ബോൾ കളിയും കഴിഞ്ഞ് എന്തെങ്കിലും വാങ്ങിക്കാനോ വായനശാലയിൽ നിന്ന് പുസ്തകമെടുക്കാനോ ഒക്കെ പുത്തൻപീടിക അങ്ങാടിയിൽ കറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ ഇരുട്ടും, മിക്കപ്പോഴും.

റെയിൽ കടന്നാൽ പിന്നെ കണ്ണിൽ കുത്തുന്ന ഇരുട്ടാണ്‌. റെയിൽ ഇറങ്ങുമ്പോഴേ തുടങ്ങും പാട്ട്. നല്ല ഉച്ചത്തിൽ തന്നെ. പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല പാടുന്നത് എന്നത് സ്വകാര്യം. പാട്ടിന്‌ പേടി മാറ്റാനുള്ള വല്ലാത്തൊരു കഴിവുണ്ടെന്നുള്ളത് അനുഭവിച്ചറിഞ്ഞ കാര്യം. ഗന്ധർവന്മാരും യക്ഷികളും പാട്ട് ഇഷ്ടപ്പെട്ടിരുന്നു എന്നത് തലമുറകളിലൂടെ പകർന്നുകിട്ടിയ അറിവായിരുന്നില്ല ഇങ്ങനെ പാടുവാൻ കാരണം. എന്തായാലും ആന വരുന്നതിനുമുമ്പുള്ള ചങ്ങലക്കിലുക്കം പോലെ എന്റെ വരവിനുമുമ്പേ പാട്ടുണ്ടായിരുന്നു. 

പിന്നീടെപ്പോഴൊ യൂണിവേർസിറ്റി കലോൽസവത്തിന്‌ പോയപ്പോൾ രാത്രിയിലെ സുഹൃദ് കൂട്ടായ്മയിൽ നിലമ്പൂരിൽ നിന്നുള്ള വി. പി. ഷൗക്കത്തലി പാടിയ സ്വന്തം കവിതയിൽ ഇങ്ങനെ കേട്ടു, ‘പാട്ടല്ല നാട്ടിന്റെ ചൂട്ടാണ്‌ കേട്ടോളൂ’ എന്ന്. അതിനും ശേഷം ‘പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി മോത്തുകുത്തും ഞാൻ’ എന്ന് വേറൊരു കവി പാടി കേട്ടു. പാട്ടിന്‌  ചൂട്ടിന്റെ ധർമം കൂടിയുണ്ടെന്ന് വളരെ മുമ്പ് മനസ്സിലാക്കിയ ആളാണല്ലോ ഞാൻ. 

ബി ഇ. എം. എൽ. പി സ്കൂളിൽ പടിക്കുമ്പോൾ തന്നെ ഞാൻ ക്ലാസ്സിൽ പാടുമായിരുന്നു. മൂന്നാം ക്ലാസ്സിലെ ടീച്ചറായിരുന്ന നല്ല വെളുത്ത ആലീസ് ടീച്ചർ കറുത്ത എന്നെ കൊണ്ട് ഇടക്കിടെ പാടിക്കുമായിരുന്നു. അന്നൊന്നും എൽ. പി. സ്കൂളിലൊന്നും കലോൽസവങ്ങളോ മറ്റു വേദികളൊ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ബി. എ. എം. എൽ. പി. സ്കൂളിനു മുന്നിലൂടെ വരുമ്പോൾ കണ്ടു സ്റ്റേജിൽ കലാ പരിപാടികൾ നടക്കുന്നു. 

അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾ കാര്യം മാറി. ബി. എ. എം. ഹൈസ്കൂളിലാണ്‌ അഞ്ചാം ക്ളാസ്സ് മുതൽ. ഓരോ വർഷവും നടക്കുന്ന യുവജനോൽസവം ശരിക്കും ഒരുൽസവമായിരുന്നു.  നല്ല വസ്ത്രങ്ങൾ ഒരാഗ്രഹം മാത്രമായിരുന്ന ആ നാളുകളിൽ ഉള്ളതിൽ മികച്ച വസ്ത്രം ധരിച്ച് വരാൻ ഒരവസരമായിരുന്നു, യുവജനോൽസവങ്ങൾ. അച്ചടക്കത്തിന്റെ ചൂരൽ തുമ്പിനെ, ഗോവിന്ദൻ മാഷിന്റെ പൊക്കിളിനെ ചുറ്റിയുള്ള വിരൽ പ്രയോഗത്തിനെ, പെരുക്കപ്പട്ടികയെ കുറിച്ച് എപ്പോഴും വരാവുന്ന സുകുമാരൻ മാഷിന്റെ ചോദ്യത്തിനെ പേടിക്കാതെ കറങ്ങി നടക്കാം. പെൺകുട്ടികൾ പലപ്പോഴും ആദ്യമായി ദാവണി ചുറ്റി വന്നത് ഈ ദിവസങ്ങളിൽ. വളരെ അപൂർവമായി സ്കൂൾ വാർഷികവും കൊണ്ടാടാറുണ്ടായിരുന്നു. യുവജനോൽസവം പകലായിരുന്നു. ഒരിക്കൽ വാർഷികം രാത്രിയിൽ നടന്നതിന്റെ ഓർമ്മ ചെറുതായുണ്ട്.

എപ്പോഴും പാട്ടുപാടി നടക്കുന്ന എനിക്ക് ആദ്യത്തെ യുവജനോൽസവത്തിൽ പാട്ടിന്‌ പേര്‌ കൊടുക്കുക എന്നത് വളരെ സ്വാഭാവികമായ കാര്യമായിരുന്നു. ഏത് പാട്ട് പാടും എന്നത് ഒരു പ്രശ്നമായിരുന്നു. പാട്ട് കേൾക്കാനുള്ള അവസരത്തിന്റെ പരിമിതി, പാട്ട് സ്വയം തെരഞ്ഞെടുക്കാനുള്ള മടി ഒക്കെ തന്നെ കാരണം. ഒടുവിൽ വലിയേട്ടനെ ശരണം പ്രാപിച്ചു. ഏട്ടൻ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. 

ഏട്ടൻ എനിക്കൊരു പാട്ട് പറഞ്ഞുതന്നു. ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പാട്ട്. തുടക്കം ‘നീയെന്റെ കരളല്ലേ’ എന്നായിരുന്നു. പാട്ടിലെവിടെയൊ ‘കരളിലുറങ്ങുന്ന മധുവല്ലേ’ എന്ന ഒരു വരി കൂടിയുണ്ടായിരുന്നു. അത്രയേ ഓർമ്മയുള്ളൂ. 

ഏതായാലും പാട്ട് കൃത്യമായി പഠിച്ചു. യുവജനോൽസവത്തിന്റെ ദിവസം വന്നെത്തി. ഞാൻ സ്റ്റേജിൽ കയറി പാടാൻ തുടങ്ങി. 

“ നീയെന്റെ കരളല്ലേ ” പിന്നെ കേട്ടത് നല്ല കൂവലായിരുന്നു. പത്തുവയസ്സുകാരന്‌ ജാള്യത തോന്നിയെങ്കിലും പാട്ട് മുഴുവൻ പാടിയേ സ്റ്റേജിൽ നിന്നിറങ്ങിയുള്ളൂ. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ നോക്കുന്നതും മിണ്ടുന്നതും നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കുമായിരുന്ന അക്കാലത്ത് ഒരു ചെറിയ പയ്യൻ സ്റ്റേജിൽ വന്ന് ‘നീയെന്റെ കരളല്ലേ’ എന്ന് പാടിയത് ഒരു സംഭവമായിരുന്ന്, അന്ന്. ദിവസങ്ങളോളം മറ്റുള്ളവരുടെ കളിയാക്കലിന്റെ ഇരയാവാൻ പാട്ട് കാരണമായി.  

അന്ന് സദസ്സിലുണ്ടായിരുന്നവർ ആദ്യമായും അവസാനമായും ആയിരുന്നു, ആ പാട്ട് കേട്ടത്. ഞാനാകട്ടെ ഒരിക്കൽ പോലും കേട്ടില്ല. എനിക്കിപ്പോഴും അറിയില്ല ഏട്ടൻ എവിടെ നിന്ന് കണ്ടുപിടിച്ചു തന്നു, ആ പാട്ട് എന്നത്.