Saturday, June 4, 2016

ലോകമെന്ന ബോക്സിംഗ് റിംഗ്



ബോക്സിംഗ് ഒരു കായികവിനോദമായിട്ട് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എതിരാളിയുടെ മൂക്കും താടിയും ഇടിച്ചുപരത്തി അതിൻ സമ്മാനം നേടുന്നത് എങ്ങനെ ഒരു കളിയാകും. ഏറ്റവും നന്നായി എതിരാളിയെ ഈടിക്കുന്നവൻ വിജയിക്കുന്നു. എങ്കിലും മുഹമ്മദലി എന്നപേരും ജോ ഫ്രേസറുമായി നടന്ന ലോകത്തെ ഇളക്കിമറിച്ച മൽസരവും അന്ന് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. മുഹമ്മദലി എന്ന കാഷ്യസ് ക്ലേയുടെ ജീവിതവും റിംഗിന്റെ അകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങളും മനസ്സിൽ തറഞ്ഞു.  

തൊണ്ണൂറുകളുടെ മദ്ധ്യത്തിലെപ്പോഴൊ മുഹമ്മദലി ഒരിക്കൽ കോഴിക്കോട് സന്ദർശിച്ചിരുന്നു. ഞാനന്ന് കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു, ജോലി ചെയ്തിരുനന്ത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വിമാനത്താവളത്തിലെ വി.ഐ.പി മുറിയിൽ കുറെ നേരം കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ജീവനക്കാർ ഒരു പാട് പേർ അദ്ദേഹത്തെ കാണാൻ എത്തി. അന്നേ അദ്ദേഹം പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്നു. 

കൈകൾ വിറച്ചുകൊണ്ടിരുന്നു. വർഷങ്ങളോളം എതിരാളികളുടെ മൂക്കും താടിയെല്ലുകളും ഇടിച്ചു പരത്തിയിരുന്ന ആ കൈകൾ മൂക്കത്ത് വന്നിരിക്കുന്ന ഈച്ചയെ ഓടിക്കാൻ കൂടി പാടുപെടുന്നുണ്ടായിരുന്നു. ഞങ്ങളോട് ചിരിച്ചുകൊണ്ട് സംസാരിച്ചു. തുറന്ന് ചിരിച്ചപ്പോഴും ഓർമ്മയിൽ വന്നത് ബോക്സിംഗ് മൽസരങ്ങൾക്കുമുമ്പ് അന്ന് നടക്കാറുണ്ടായിരുന്ന പത്രസമ്മേളനങ്ങളിൽ എതിരാളികളുടെ നേർക്ക് കാണിച്ചിരുന്ന ‘ഗ്രിൻ’ ഇളിച്ചുകാട്ടൽ. അന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചപ്പോഴും കാതിൽ വീണത് യഥാർത്ഥമൽസരത്തിനുമുമ്പേ എതിരാളികളുടെ മനോവീര്യം തകർക്കാൻ പോന്ന അട്ടഹാസങ്ങൾ. 

വിറയ്ക്കുന്ന കൈകൾ കൊണ്ട് ശൂന്യതയിൽ നിന്ന് ഒരു തൂവാല എടുത്തുകൊണ്ട് ഞങ്ങളെ അമ്പരപ്പിക്കാൻ ശ്രമിച്ചു. അതിനുശേഷം തൂവാല എവിടെയാണൊളിപ്പിച്ചു വെച്ചിരുന്നത് എന്ന് കാണിച്ചുകൊണ്ട് മാജിക്കിനുപിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി. തന്റെ വരുതിയിൽ നില്ക്കാത്ത കൈകൾ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയായിരുന്നിരിക്കണം, അദ്ദേഹം ഈ മാജിക്  പ്രദർശനത്തിലൂടെ. 

അദ്ദേഹം മരിക്കുമ്പോൾ ബോക്സിംഗ് രംഗത്തെ ഇതിഹാസം തന്നെയാൺ മറഞ്ഞുപോകുന്നത്. ലോകത്തെ തന്നെ ഒരു ബോക്സിംഗ് റിംഗായി കണ്ട് ജീവിതം കൊണ്ട് പോരാടിയ ഒരാൾ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുമ്പിൽ തലകുനിക്കുന്നു.