Monday, August 8, 2016

മറക്കാനാകാത്ത അദ്ധ്യാപകൻ

മാവുള്ളതിൽ സുകുമാരൻ എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌. മലബാറിലെ കൃസ്തുമത വിശ്വാസികളിൽ പലരും അക്കാലത്ത് ഹിന്ദു പേരുകളിൽ തന്നെ അറിയപ്പെട്ടിരുന്നു. ഭാസ്കരനും കരുണാകരനും ജനാർദനനും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പേരുകളിൽ പലതും മഹവിഷ്ണുവിന്റെ പര്യായമാണെന്നത് ആ പേരുകളിൽ അറിയപ്പെടാൻ അവർക്ക് തടസ്സമായിരുന്നില്ല. അക്കൂട്ടത്തിലായിരുന്നു, സുകുമാരൻ മാഷും. 

എന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ വരുന്ന പേരും രൂപവുമാണ്‌, മാഷുടെത്. 1969-ലാണ്‌ ഞാൻ ബി. ഇ. എം എൽ. പി. സ്കൂളിൽനിന്ന് ഹൈസ്കൂളിലെത്തുന്നത്.  അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷും കണക്കും മാഷ് പഠിപ്പിച്ചു.എന്നെ കണക്ക് പഠിപ്പിച്ചിരുന്നത് മാഷായിരുന്നു. പഠിപ്പിക്കുന്നത് ഏത് വിഷയമായാലും നന്നായി പഠിക്കണമെന്നത് മറ്റേതൊരു അദ്ധ്യാപകനേയും പോലെ മാഷ്ക്കും നിർബ്ബന്ധമായിരുന്നു. അതിന്‌ വേണ്ടി മാഷ്ക്ക് തന്റേതായൊരു രീതിയുണ്ടായിരുന്നു. മറ്റാർക്കുമില്ലാത്ത രീതി.

ഒരു ദിവസം എടുത്ത പാഠങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കാം. ഉത്തരം പറയാതിരുന്നാൽ കൈയിന്റെ മടക്കിൽ മരസ്കെയിൽ കൊണ്ട് കൊട്ട്, അതാണ്‌ ശിക്ഷ. നന്നായി വേദനിക്കും. പക്ഷേ കുറച്ചുനേരം കഴിഞ്ഞ് വന്ന് അടിച്ച കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുമായിരുന്നു. അടിയുടെ വേദന അതോടെ മാറിക്കിട്ടും. തന്റെ വിദ്യാർത്ഥികളോട് മാഷ്ക്കുണ്ടായിരുന്ന കറകളഞ്ഞ സ്നേഹത്തിന്റെ നിദാനമായിരുന്നു, ഈ പ്രവർത്തി. 

മോശമില്ലാതെ പഠിക്കുമായിരുന്ന എന്നോട് മാഷ്ക്ക് പ്രത്യേക വാൽസല്യമുണ്ടായിരുന്നു. അഛൻ മാഷുടെ അടുത്ത സുഹൃത്തായിരുന്നു, എന്നത് കൂടി ഈ വാൽസല്യത്തിന്‌ കാരണമായിരുന്നിരിക്കണം. ക്ലാസ്സിൽ ചോദ്യം ചോദിച്ച് ആരും ഉത്തരം പറയാതെ വരുമ്പോൾ എന്റെ നേരെ തിരിഞ്ഞ് ‘എങ്കിൽ തട്ടാൻ വേലായുധന്റെ മോൻ പറയും’ എന്ന് പറയുമായിരുന്നു. മിക്കാപ്പോഴും ഞാൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ഇത്തരം ഒരു പ്രയോഗം ഇന്നത്തെ സാഹചര്യത്തിൽ നടത്താൻ ഒരു അദ്ധ്യാപകനെന്നല്ല ആർക്കും സാദ്ധ്യമല്ല. എന്നാൽ അന്നതിൽ എനിക്കൊരു കുറവും തോന്നിയിട്ടില്ല. മാഷ് അത് പറഞ്ഞിരുന്നത് തെറ്റായ ഉദ്ദേശത്തോടെയായിരുന്നില്ല. അത് എനിക്കും ബോദ്ധ്യമുണ്ടായിരുന്നു. അല്ലെങ്കിലും ഇന്നത്തെ പോലെ ജാതി ഒരു പ്രശ്നമായിരുന്നില്ല അക്കാലത്ത്. ജാതിക്കെതിരായുള്ള പ്രവർത്തനങ്ങൾ മറ്റൊരു രീതിയിൽ ജാതി ചിന്ത ഊട്ടി​‍ൂറപ്പിക്കാനാണ്‌ സഹായിച്ചത് എന്ന് തോന്നുന്നു.  

കണക്ക് പഠിപ്പിക്കുമ്പോൾ പെരുക്കപ്പട്ടിക മന:പാഠമാക്കുക നിർബ്ബന്ധമായിരുന്നു. കുട്ടികൾ ഏറെ ബുദ്ധിമുട്ടിയിരുന്നതും ഈ കാര്യത്തിൽ തന്നെ. പഠിപ്പിച്ചുകഴിഞ്ഞാൽ എപ്പോൾ ചോദിച്ചാലും പറയാൻ കഴിയുന്ന രീതിയിൽ മന:പാഠമാവണമെന്നതായിരുന്നു, മാഷുടെ ആവശ്യം. എവിടെ വെച്ച് കണ്ടാലും ചോദ്യം വരാം. അത് സ്കൂൾ വരാന്തയിലാവാം, മൈതാനത്താവാം, സ്കൂളിന്‌ പുറത്ത് നിരത്തിലോ അങ്ങാടിയിലോ ഒക്കെ ആവാം. അങ്ങിനെ കണ്ടാൽ ഉടനെ ചോദ്യം വരും, ‘പന്തീരെട്ട് എത്രയാ?’. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്ത് ഇന്ത്യക്കാർ തിളങ്ങിനില്ക്കാൻ ഒരു കാരണം മനക്കണക്കിൽ അവർ പ്രഗല്ഭരാണ്‌ എന്നതാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു.  

ഇതുപോലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങും അർത്ഥവും മാഷ് എവിടെ വെച്ചും ചോദിക്കുമായിരുന്നു. കുട്ടികൾ മാഷെ ദൂരെ നിന്ന് കണ്ടാൽ തന്നെ മാറിനടക്കും. അന്നത് അലോസരമായി തോന്നിയെങ്കിലും മാഷ് അന്ന് പഠിപ്പിച്ച കാര്യങ്ങൾ ഉള്ളിൽ പതിയാൻ  ഈ നിർബ്ബന്ധബുദ്ധി കാരണമായിട്ടുണ്ടെന്ന് ഇപ്പോൾ അറിയുന്നു.

കുട്ടികളെ ശിക്ഷിക്കുന്നതിൽ ചില തമാശരീതികളും മാഷ്ക്കുണ്ടായിരുന്നു. ചിലപ്പോൾ കൈയിലുള്ള വടി കുട്ടിയുടെ തലയിൽ വെച്ച് തന്റെ മേശയ്ക്കടുത്ത് നിർത്തും. വടി വീണുപോകാതെ അനങ്ങാതെ നില്ക്കണം. ചിലപ്പോൾ ഇങ്ങനെ വടി തലയിൽ വെച്ച് ക്ലാസ്സിൽ നടക്കാൻ പറയും, വടി നിലത്ത് വീണുപോകാതെ. നിലത്ത് വീണാൽ അടി ഉറപ്പ്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ നേർവഴി കാണിക്കാനാണെന്ന് മാഷ്ക്ക് അറിയുമായിരുന്നു. രക്ഷിതാക്കൾക്കും ആ  ബോധ്യമുണ്ടായിരുന്നു. ഇന്ന് രണ്ടുകൂട്ടർക്കും ഈ ബോധ്യം കളഞ്ഞുപോയിരിക്കുന്നു, നാട്ടിൻപുറത്തെ മറ്റ് പല നന്മകൾക്കുമൊപ്പം. 

സ്കൂളിനോട് ചേർന്നുള്ള സി.എസ്. ഐ പള്ളിയുടെ വികാരിയുമായിരുന്നു, സുകുമാരൻ മാഷ്. ഫറോക് നല്ലൂർ ഇടവകയുടെ ഉപസഭയായിരുന്നു, പരപ്പനങ്ങാടിയിലേത്. അക്കാലത്ത് സൺഡെ സ്കൂളിൽ എല്ലാ മതത്തിലുള്ള കുട്ടികളും പോവുക പതിവായിരുന്നു. ക്ലാസ്സ് നടത്തിയിരുന്നത് മാഷുടെ നേതൃത്വത്തിലും. 1947-48 കാലഘട്ടത്തിൽ പരപ്പനങ്ങാടിയിലെത്തിയ സുകുമാരൻ മാഷ് ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് പരപ്പനങ്ങാടിയിൽ. അദ്ദേഹത്തിന്റെ ശ്രീമതി അച്ചാമ്മ ടീച്ചർ ബി.ഇ.എം. എൽ. പി. സ്കൂളിലായിരുന്നു, ജോലി ചെയ്തിരുന്നത്. 

അക്കാലത്ത് ഇന്നത്തെ തിരൂരങ്ങാടി താലൂക്കിലെ തന്നെ ഒരേയൊരു ഹൈസ്കൂളായിരുന്നു, ബി. ഇ. എം. ഹൈസ്കൂൾ. വളരെ ദൂരെ നിന്ന് കുട്ടികൾ കാൽനടയായി വന്ന് പഠിച്ചിരുന്നു. വേങ്ങര ചേറൂർ ഭാഗത്തുനിന്നുള്ള ഒരു ബാലകൃഷ്ണനെ സ്വന്തം വീട്ടിൽ തമസിപ്പിച്ച് പഠിപ്പിച്ചിരുന്നതായി മാഷുടെ മകൻ റെജിനോൾഡ് ഓർമ്മിക്കുന്നു. മനുഷ്യസ്നേഹത്തിന്‌ മതത്തിന്റെ വേലികൾ തടസ്സമാകരുതെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കണം.

നാല്പ്പതിൽ കൂടുതൽ വർഷങ്ങൾക്കുശേഷവും സ്കൂൾ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം മാഷും മനസ്സിൽ കയറി വരുന്നു.

  

4 comments:

  1. നല്ല ഓർമ്മകൾ!ഇപ്പോളെങ്ങാനുമായിരുന്നെങ്കിൽ മാഷിനെ സർവ്വീസിൽപ്പോലും കാണില്ലായിരുന്നു.

    ReplyDelete
  2. നന്നായിരിക്കുന്നു എഴുത്ത് ..ഇത്തരത്തിൽ ഉള്ള മാഷുന്മാർ ഇന്നു അപൂർവ്വം...

    ReplyDelete
  3. .ഇത്തരത്തിൽ ഉള്ള മാഷുന്മാർ ഇന്നു അപൂർവ്വം....

    ReplyDelete